ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ. ഇതിനായി ഇന്ത്യയ്‌ക്കൊപ്പം 47 രാഷ്ട്രങ്ങളും ഇന്ത്യയ്‌ക്കൊപ്പം അണി നിരക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതു യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിക്കാനിരിക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്നു മുതല്‍ 13 വരെ ജനീവയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) വിഷയം ചര്‍ച്ച ചെയ്യാനാണു പാക്കിസ്ഥാന്റെ ശ്രമം. ഇതിനെ പ്രതിരോധിക്കാന്‍ വിശദമായ പദ്ധതിയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം സ്വീകരിച്ചിട്ടുള്ളത്.
Read Also :ചന്ദ്രയാൻ ദൗത്യം; ഇന്ത്യയെ അഭിനന്ദിച്ച് പാകിസ്ഥാനി ഗവേഷക
വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘമാണു പാക്കിസ്ഥാനുവേണ്ടി ജനീവയിലുള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നു കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്നാണു പാക്കിസ്ഥാന്റെ ആരോപണം. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി രാജീവ് കുമാര്‍ ചന്ദര്‍, പാക്കിസ്ഥാന്‍ പുറത്താക്കിയ ഇസ്‌ലാമാബാദിലെ നയതന്ത്ര പ്രതിനിധി അജയ് ബിസാരിയ എന്നിവരും ഇന്ത്യന്‍ സംഘത്തെ സഹായിക്കാനുണ്ട്.
കശ്മീര്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാനാണു പാക്കിസ്ഥാന്റെ ശ്രമമെങ്കില്‍ മറികടക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാനെ എതിര്‍ക്കുക എന്നതിനൊപ്പം ആ രാജ്യത്തിനകത്തെ മനുഷ്യാവകാശങ്ങളുടെ ദുരവസ്ഥ ലോകത്തെ വെളിപ്പെടുത്താനും ശ്രമിക്കും. പാക്ക് അധിനിവേശ കശ്മീര്‍, ഗില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ വിഷയങ്ങളും ഉന്നയിക്കും. വിദേശകാര്യ മന്ത്രാലയം ഇതിനകം ചൈന ഉള്‍പ്പെടെ യുഎന്‍എച്ച്ആര്‍സിയിലെ 47 അംഗങ്ങളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. സമിതിയിലെ പ്രധാനികളായ യൂറോപ്യന്‍ സംഘവുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നു
യൂറോപ്യന്‍ ബ്ലോക്കിലെ ഇറ്റലി, സ്‌പെയിന്‍, ഹംഗറി, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഏതാണ്ട് ഉറപ്പാക്കി. കഴിഞ്ഞമാസം വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഹംഗറി സന്ദര്‍ശിച്ചതും 9 മുതല്‍ 13 വരെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഐസ്ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്ലൊവേനിയ എന്നിവ സന്ദര്‍ശിക്കുന്നതും കൗണ്‍സിലില്‍ നേട്ടമാകുമെന്നാണ് ഇന്ത്യയുടെ വിശ്വാസം. കൗണ്‍സില്‍ അംഗങ്ങളല്ലെങ്കിലും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കെല്‍പുള്ള നോര്‍വെ, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ് എന്നിവരുമായും സംസാരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യയിലെ മുസ്‌ലിം രാജ്യങ്ങള്‍ തുടങ്ങിയവയുടെ വോട്ടും ഇന്ത്യ പ്രതീക്ഷിക്കുന്നു.
Post Your Comments