ലഹോര്‍: പാകിസ്താന്‍ ഒരിക്കലും ഇന്ത്യയുമായി യുദ്ധത്തിന് തുടക്കമിടില്ലെന്ന് ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളുമായി യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ആണവയുദ്ധത്തിനുവരെ സജ്ജമാണെന്നായിരുന്നു കഴിഞ്ഞദിവസംവരെ ഇമ്രാന്‍ ഖാന്‍
അവകാശപ്പെട്ടിരുന്നത്.
”ഞങ്ങള്‍ ഒരിക്കലും ഒരുയുദ്ധത്തിന് തുടക്കമിടില്ല. പാകിസ്താനും ഇന്ത്യയും ആണവശക്തികളാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച് യുദ്ധത്തിലേക്കുപോയാല്‍ ലോകത്തിനാകെ അത് ദോഷംചെയ്യും” -ലഹോറില്‍ ഗവര്‍ണറുടെ വസതിയില്‍ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്യവേ ഇമ്രാന്‍ പറഞ്ഞു.
”യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുകയാണ്. അതില്‍ വിജയിക്കുന്നവര്‍ക്കും നഷ്ടപ്പെടാന്‍ ഒരുപാടുണ്ടാവും. ഒട്ടനവധി പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും അത് കാരണമാവും” -ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ 2016 ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമത്താവളത്തില്‍ ഭീകരാക്രമണം നടത്തിയശേഷം ഇന്ത്യ പാകിസ്താനുമായി അകല്‍ച്ചയിലാണ്. ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്താനുമായി ചര്‍ച്ചയ്ക്കുപോലും തയ്യാറാവൂ എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഈവര്‍ഷമാദ്യം കശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ്. ഭടന്മാര്‍ കൊല്ലപ്പെടുകകൂടി ചെയ്തതോടെ ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു. അതിനിടയിലാണ് കശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ ഇന്ത്യയുമായി കൂടുതല്‍ അകന്നത്.
Post Your Comments