കൊല്ലം: കൊല്ലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡില്‍ കുടുങ്ങിയത് നിരവധി ഹോട്ടലുകള്‍. അനിയന്ത്രിതമായ അളവില്‍ അജിനാമോട്ടോയും ഫുഡ് കളറുകളും ചേര്‍ത്ത് മാസങ്ങള്‍ പഴക്കമുള്ള മാംസമാണ് പലയിടങ്ങളും പാകം ചെയ്യുന്നത്. ഭക്ഷണത്തിന് നല്ല നിറം വേണമെന്ന കൊല്ലത്തുകാരുടെ ആഗ്രഹം മുതലെടുത്താണ് ഭക്ഷണത്തില്‍ ഇങ്ങനെ കളര്‍ ചേര്‍ക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഖം മിനുക്കി വയ്ക്കുന്ന ഹോട്ടലുകളില്‍ പലതിന്റെയും പിന്നാമ്പുറം മാലിന്യങ്ങള്‍ നിറഞ്ഞതാണെന്നാണു പരിശോധനയില്‍ കണ്ടെത്തിയ മറ്റൊരു കാര്യം. ഓണത്തോടനുബന്ധിച്ചു ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് ഹോട്ടലുകള്‍ പൂട്ടി. ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്ത 33 ഹോട്ടലുകള്‍, മറ്റ് ഭക്ഷ്യോല്‍പാദക വിതരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നു പിഴയും ഈടാക്കിയിട്ടുണ്ട്. നിറത്തിന്റെ അമിത ഉപയോഗം ജില്ലയിലെ മിക്ക ഹോട്ടലുകളിലും നടക്കുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.
രുചിക്കായി അജിനാമോട്ടോ ചേര്‍ക്കാന്‍ അനുവാദമുണ്ടെങ്കിലും ഭക്ഷണത്തില്‍ ഇതു ചേര്‍ത്തിട്ടുണ്ടെന്നുള്ള മുന്നറിയിപ്പു ബോര്‍ഡ് വയ്ക്കാത്തതിനും സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. തട്ടുകടകളാണു നിറം കൂടുതല്‍ ചേര്‍ക്കുന്നത്. മുന്‍പു നിറത്തിനായി പ്രത്യേകം ചേര്‍ത്തിരുന്ന പൊടി ഇപ്പോള്‍ മുളകുപൊടിക്കൊപ്പം കലര്‍ത്തി ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പാചകം ചെയ്ത മാംസവും പാചകം ചെയ്യാത്തവയും ഒന്നിച്ച് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ചിലയിടങ്ങളില്‍ പച്ചക്കകറിക്കൊപ്പവും മാംസം സൂക്ഷിച്ചിരുന്നു. വന്‍കിട ഹോട്ടലുകള്‍ പോലും ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ആഴ്ചകള്‍ പഴക്കമുള്ള മസാല പുരട്ടിയ മാംസവും ഫ്രീസറുകളില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പ്ലാസ്റ്റിക് കവറുകളില്‍ തേങ്ങ ചിരകി സൂക്ഷിച്ചതും പിടികൂടി. പലയിടങ്ങളില്‍ നിന്നും പഴകിയ പാലും പിടിച്ചെടുത്തു. 50,000 രൂപ വരെ പിഴ ചുമത്തപ്പെട്ട ഹോട്ടലുകളും ഇവിടെയുണ്ട്.
പലയിടങ്ങളിലും ദോശയ്ക്ക് ഉപയോഗിക്കുന്ന മാവ് ദിവസങ്ങള്‍ പഴക്കമുള്ളവയാണ്. കുഴച്ചുവച്ച മൈദമാവാണു ഹോട്ടലുകളിലെ മറ്റൊരു ഇനം. ഇത്തരം മൈദ മാവ് ഫ്രീസറില്‍ ദിവസങ്ങളോളം സൂക്ഷിക്കും. ആവശ്യത്തിനനുസരിച്ചു പൊറോട്ടയ്ക്കും മറ്റും ഉപയോഗിക്കുന്നതാണ് രീതി. ചപ്പാത്തി പലപ്പോഴും പകുതി മാത്രം വേവിച്ചാണു ഹോട്ടലുകള്‍ സൂക്ഷിക്കുന്നത്. ആവശ്യക്കാര്‍ വരുന്നതിനനുസരിച്ച് ചൂടാക്കി നല്‍കുകയാണ് പതിവ്.
Post Your Comments