തിരുവനന്തപുരം: സംസ്ഥാനത്ത് പൊടിപടലങ്ങളുടെ തോത് ഉയരുന്നതായി കണ്ടെത്തല്‍.
മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ഥങ്ങളുടെ അളവ് നിശ്ചിത വാര്‍ഷിക പരിധിക്ക് മുകളിലാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് നടത്തിയ പഠനം വ്യക്തമാക്കുന്നു. കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളിലാണ് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങള്‍ കൂടുതലായും കണ്ടെത്തിയത്.
ഒരു ക്യുബിക് മീറ്റര്‍ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ നിശ്ചിത വാര്‍ഷിക പരിധി രാജ്യത്ത് 40 ആണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പരിധി 10 ആണ്. പൊടിപടലങ്ങളുടെ അളവ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് എറണാകുളം വൈറ്റിലയിലാണ് – 92. കോട്ടയം കെ.കെ.റോഡില്‍ ഇത് 80ഉം കണ്ണൂരില്‍ 50ഉം പാലക്കാട് കഞ്ചിക്കോട്ട് 60ഉം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ 63ഉം തിരുവനന്തപുരത്ത് 42ഉം ആണ്.
വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് പൊടിപടലങ്ങള്‍ കൂടുതലാകാന്‍ കാരണം. റോഡുകളിലും മാലിന്യം കത്തിക്കുന്ന തുറസായ സ്ഥലങ്ങള്‍ക്ക് സമീപവും വളരെ ഉയര്‍ന്നതോതില്‍ പൊടിപടലങ്ങളുണ്ട്. ചിലയിടങ്ങളില്‍ ചില സമയങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ തോതിനൊപ്പം പൊടിപടലങ്ങളുടെ തോത് ഉയരുന്നുണ്ട്.
Post Your Comments