ദുബായ് : സംസ്ഥാനത്ത് രാഷ്ട്രീയ രംഗത്ത് ഏറെ വിവാദമാക്കിയ സംഭവങ്ങളിലൊന്നായിരുന്നു ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ്. തുഷാറിനെ പുറത്തിറക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും പ്രവാസി വ്യവസായി എം.എ.യൂസഫലിയും നേരിട്ട് ഇടപെടുകയും ചെയ്തു. മുഖ്യമന്ത്രിയുടേയും യൂസഫലിയുടേയും ഇടപെടലുകള്‍ ഏറെ വിവാദം ഉണ്ടാക്കുകയും ചെയ്തു. ആദ്യം മുതല്‍ തന്നെ താന്‍ കൊടുക്കാനുള്ള തുക കൊടുത്തുതീര്‍ത്തിട്ടുണ്ടെന്ന വാദത്തില്‍ തുഷാര്‍ ഉറച്ചു നില്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തുഷാറിന്റെ വാദങ്ങളെ ശരിവെയ്ക്കുന്ന തരത്തിലാണ് നാസിലിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരിക്കുന്നത്.
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ശബ്ദരേഖ തന്റേതു തന്നെയെന്നു യുവ വ്യവസായി നാസില്‍ അബ്ദുല്ല സ്ഥിരീകരിച്ചതോടെ ഇതെല്ലാം നാസിലിന്റെ ഗൂഢതന്ത്രമാണെന്ന് പുറത്താകുകയായിരുന്നു. അതേസമയം, കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുളള ഒരാളുടെ പക്കലായിരുന്നു. ഇത് പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുളളത്. പുറത്തുവന്ന സംഭാഷണം പൂര്‍ണമല്ലെന്നും നാസില്‍ വ്യക്തമാക്കി.
തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ അജ്മാനിലെ നാസില്‍ അബ്ദുല്ല നടത്തിയതെന്നു സംശയിക്കുന്ന വാട്‌സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകളാണ് പുറത്തു വന്നത്. കബീര്‍ എന്നയാളോടാണു തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ വേണ്ടി താന്‍ തയാറാക്കിയ പദ്ധതി വിശദീകരിച്ച് ഒരു വ്യക്തി സഹായമഭ്യര്‍ഥിക്കുന്നത്. ഇയാളുടെ പേര് സന്ദേശത്തില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ ഇരുപതോളം ശബ്ദരേഖകളാണ് ഇന്നലെ രാത്രി മാധ്യമങ്ങള്‍ക്കു ലഭിച്ചത്.
നാട്ടില്‍നിന്നു ചെക്ക് സംഘടിപ്പിച്ചാണ് ഗൂഢാലോചന നടത്തിയിട്ടുള്ളത്. 25,000 ദിര്‍ഹം നല്‍കിയാല്‍ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും തുടര്‍ന്ന് ഷാര്‍ജയിലോ മറ്റോ തുഷാറിനെതിരെ ചെക്ക് കേസ് നല്‍കി ‘പൂട്ടുകയാണു’ തന്റെ ലക്ഷ്യമെന്നും സന്ദേശങ്ങളില്‍ വിശദീകരിക്കുന്നു. ചെക്ക് ലഭിക്കാനായി നാട്ടില്‍ അഞ്ചു ലക്ഷം രൂപ നല്‍കാനാണു സുഹൃത്തിനെ പ്രേരിപ്പിക്കുന്നത്. കേസിനു ബലം നല്‍കാനുള്ള രേഖകളൊക്കെ താന്‍ സംഘടിപ്പിച്ചു വരികയാണെന്നും വ്യക്തമാക്കുന്നുണ്ട്.
തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി നടേശന്‍ പണം തരുമെന്നും ശബ്ദരേഖയില്‍ പറയുന്നു. യുഎഇയില്‍ തുഷാര്‍ പലരേയും വിശ്വാസത്തിലെടുത്തു ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടുകൊടുത്തുവെന്നും നാസില്‍ പറഞ്ഞുവയ്ക്കുന്നു. തുഷാര്‍ ദുബായിലെത്തി അറസ്റ്റിലാകുന്നതിനു മുന്‍പാണ് നാസില്‍ സുഹൃത്തിനോടു സംസാരിക്കുന്നതെന്നും വാക്കുകളില്‍ വ്യക്തമാണ്
Post Your Comments