Latest NewsArticleWriters' Corner

റോമില താപ്പർ വിവാദം; കാമ്പസിൽ വരാത്തവർ എമിററ്റസ് പ്രൊഫസര്‍മാരായി തുടരുമ്പോൾ : സർവകലാശാല ഭരണം സി.പി.എം ഓഫീസിൽ നിന്നല്ലല്ലോ – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല എന്നും വിവാദങ്ങളിൽ നിറയാറുണ്ട്. അവിടെ എന്ത് നല്ല കാര്യം ചെയ്യാൻ പുറപ്പെട്ടാലും അതൊക്കെ കൊട്ടിഘോഷിക്കപ്പെടുന്നത് നിഷേധാത്മക കാഴ്ചപ്പാടോടെയാണ്. കഴിഞ്ഞ കുറെ നാളുകളായി അവിടെ ചടഞ്ഞുകൂടിയിട്ടുള്ള കുറെ ഇടത് അധ്യാപകരും അവർക്കൊപ്പം നിൽക്കുന്ന വിദ്യാർഥികളും ചേർന്നാണ് ഇതിനൊക്കെ ശ്രമിക്കാറുള്ളത്. ഈ കൂട്ടർക്ക് ദേശീയത, രാജ്യസ്നേഹം, രാഷ്ട്രതാല്പര്യം എന്നിവയൊക്കെ തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളുമാണ്. അതുകൊണ്ട് തന്നെ, ദേശീയതാല്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കുന്ന ഒരു സർക്കാർ, നരേന്ദ്ര മോഡി സർക്കാർ,കേന്ദ്രത്തിൽ അധികാരത്തിലേറിയത് മുതൽ ഇക്കൂട്ടർ ആകെ വിഷമത്തിലാണ്. അതിന്റെ ഏറ്റവും ഒടുവിക്കാലത്തെ ഉദാഹരണങ്ങളാണ് വീർ സവർക്കർ – സ്വാമി വിവേകാനന്ദ പ്രതിമകളോടുള്ള പ്രതിഷേധവും, റോമില താപ്പറോട് സിവി ചോദിച്ചതിന്റെ പേരിൽ നടക്കുന്ന കുപ്രചാരണങ്ങളും. ഇവിടെ നാം കാണേണ്ട ഒന്നുണ്ട്; പഴയ ജെഎൻയു അല്ല ഇന്നത്തേത്……. അത് മാറിക്കഴിഞ്ഞു കുറെയേറെ, മാറിക്കൊണ്ടിരിക്കുകയുമാണ്. സിപിഎം ഓഫീസിൽ നിന്നല്ല ഇപ്പോൾ ആ സർവകലാശാലയുടെ ഭരണം നടക്കുന്നത്.

ALSO READ: എൽ ഡി എഫിന് തിരിച്ചടി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി കളക്ടർ അറിയിച്ചു

സർവകലാശാല കാമ്പസിൽ വീർ സവർക്കാരുടെയും സ്വാമി വിവേകാനന്ദന്റെയുമൊക്കെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതാണ് ഒരു വിവാദം. ഇന്ത്യയുടെ ദേശീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ടിട്ടുള്ള ദേശാഭിമാനിമാരുടെ അർദ്ധകായ പ്രതിമയാണ് പലതും. വിവേകാനന്ദന്റെ ഒരു പൂർണ്ണകായ പ്രതിമയും. അതിനെയൊക്കെ എതിർക്കുന്ന സമീപനമാണ് ദേശീയ ചിന്തയും രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയും വർധിപ്പിക്കുന്നതിന് സഹായകരമാണ് എന്നതാണ് അതിനൊക്കെ ഭരണകൂടത്തെ പ്രേരിപ്പിച്ചത് എന്നത് വ്യക്തം. എന്നാൽ നിഷേധാത്മകമായ നിലപാടാണ് ഇടത് അധ്യാപകരും വിദ്യാർത്ഥികളും സ്വീകരിച്ചിട്ടുള്ളത്. സവർക്കർ പ്രതിമയെ അപമാനിക്കാൻപോലും അവർ തയ്യാറായി. എന്നാൽ അതൊക്കെ അവഗണിച്ചുകൂടാ എന്നും വേണ്ടുന്ന നടപടികളുമായി മുന്നോട്ട് പോകണം എന്നതുമാണ് യൂണിവേഴ്സിറ്റി എടുത്തിട്ടുള്ള നിലപാട്. കഴിഞ്ഞ കുറേ വര്ഷങ്ങളായി തങ്ങൾ പറഞ്ഞത് മാത്രം നടന്നിരുന്ന സ്ഥലത്ത് ഇന്ന് തങ്ങൾക്ക് ഒരു റോളുമില്ലാതായപ്പോൾ ഈ ഇടത് പക്ഷക്കാർ കുഴപ്പമുണ്ടാക്കാൻ പലവിധത്തിൽ ശ്രമിച്ചു. മുൻപ് ആ കാമ്പസിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നത് ഓർക്കുക. പാർലമെന്റ് ആക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട ആളുകളെ പ്രകീർത്തിച്ചുകൊണ്ട് മുദ്രാവാക്യങ്ങൾ ഉയർന്നതും അവിടെയാണ്. ഇന്ത്യയെ വെട്ടിമുറിക്കണം എന്ന് പറഞ്ഞുനടന്നവർ ഉയർത്തിയ ‘തുക്ടാ തുക്ടാ മുദ്രാവാക്യങ്ങൾ ‘ .മറന്നുകൂടാ. വിവിധങ്ങളായ അഭിപ്രായങ്ങൾ ഉയരുന്നത് നല്ലതാണെങ്കിലും അത് ദേശവിരുദ്ധതയുടെ തലത്തിലേക്ക് പോയിക്കൂടല്ലോ. അവരിപ്പോൾ അതിനൊക്കെ പരസ്യമായി മടിക്കുന്നുവെങ്കിലും മറ്റുചില രീതികൾ അവിടെ പ്രയോഗിക്കുന്നത് കാണാനാവും. എന്നാൽ സർവകലാശാല അധികൃതർ ശ്രദ്ധയോടെയാണ് അതിനെയൊക്കെ നിരീക്ഷിക്കുന്നത്.

അതല്ല ഇപ്പോഴത്തെ പ്രശ്നം; റോമില താപ്പറോട് പുതിയ സിവി കൊടുക്കാൻ സർവകലാശാല ആവശ്യപ്പെട്ടു എന്നതാണ് വാർത്ത. ലോകപ്രശസ്ത ചരിത്രകാരിയാണ് അവർ എന്നും പരാതിപറയുന്ന ഇക്കൂട്ടർ ഉയർത്തിക്കാട്ടുന്നു . അവരുടെ ചരിത്ര പശ്ചാത്തലവും അതിന്റെ പ്രാഗൽഭ്യവുമൊക്കെ എല്ലാവർക്കുമറിയാം; അത് വിശകലനം ചെയ്യാൻ ഈ ലേഖനത്തിൽ സ്ഥലപരിമിതി ഉണ്ടുതാനും. എന്നാൽ അവരൊരു ഇടതുപക്ഷ ചരിത്രകാരിയാണ്, അത് ദേശീയ വീക്ഷണത്തോടെയുള്ളതോ ഇന്ത്യൻ താല്പര്യത്തിന് അനുസൃതമായതോ ആയിരുന്നില്ല എന്നതൊക്കെ എല്ലാവർക്കുമറിയാം. അതൊക്കെ അവിടെ നിൽക്കട്ടെ. ഇപ്പോൾ റോമില താപ്പറോട് അപേക്ഷ കൊടുക്കാൻ പറഞ്ഞത്, സർവകലാശാലയുടെ നിയമമനുസരിച്ചാണ്. അവർ അവിടെ എമിററ്റസ് പ്രഫസറാണ്; അത്തരത്തിൽ ഏതാണ്ട് 25 -ഓളം പേര് അവിടെയുണ്ട്. അവരുടെ ആ പാനൽ ഒരു പുനർചിന്തക്ക് വിധേയമാക്കണം എന്ന് യൂണിവേഴ്സിറ്റി കരുതി. അതിന് ഒരു കാരണം, കഴിഞ്ഞ രണ്ടു -മൂന്ന് വർഷമായി ഒരിക്കൽ പോലും ആ കാമ്പസിൽ വരാത്തവരും ഈ കൂട്ടത്തിലുണ്ട് എന്നതാണ് . എമിററ്റസ് പ്രഫസർമാർ നന്നായി പ്രവർത്തിക്കുന്നത് സർവകലാശാലക്ക് ഗുണകരമാവുമല്ലോ.

ഇതൊക്കെ ഇപ്പോൾ ചെയ്യുന്നത് സർവകലാശാലയിലെ ചട്ടങ്ങൾ അനുസരിച്ചാണ്. ചട്ടം 32 ആണ് എമിററ്റസ് പ്രഫസർമാരെക്കുറിച്ച് പറയുന്നത്. അതിൽ 32 (ജി) പറയുന്നത്, ഇവർ 75 വയസ്സായാൽ അവരുടെ നിയമനം പുനഃപരിശോധനക്ക് വിധേയമാക്കണം എന്നതാണ്. “Once appointed, E.C. as a appointing authority, will review the continuation or otherwise for each existing Emeritus Professor after attainment of her/his age of seventy five years by considering her/his health status, willingness, availability, university needs etc. so that more positions will be available to other potential candidates.” അത് നിയമമാണ്; അത് ഇടതുപക്ഷക്കാർക്ക് ബാധകമല്ല എന്ന് പറയാനാവുമോ?. ആ വിലയിരുത്തലും പുനഃപരിശോധനയുമൊക്കെയാണ് സർവകലാശാല ഇപ്പോൾ നടത്താൻ ഒരുങ്ങുന്നത്. അപ്പോൾ സ്വാഭാവികമായും ആ കാമ്പസിലേക്ക് തിരിഞ്ഞുനോക്കാത്തവരും, പ്രായമേറെയായവരുമൊക്കെ പുറത്തുപോകുമോ എന്ന ആശങ്ക ചിലർ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. റോമില താപ്പർക്ക് ഇപ്പോൾ തന്നെ 87 വയസായി. 75 വയസ്സ് കഴിഞ്ഞവർ കേന്ദ്ര മന്ത്രിസഭയിൽ പോലും ഇല്ലാത്ത കാലത്താണ് പ്രായമേറെയായവർ ഇങ്ങനെയൊക്കെ വിഷമം പ്രകടിപ്പിക്കുന്നത്. ഒരു കാര്യം കൂടി, ഇത് ഒരു റോമില ഥാപ്പര്ക്ക് മാത്രമല്ല എല്ലാവര്ക്കും ബാധകമാണ് എന്നതാണ്.

എന്നാൽ ഒരാളെയും പുറത്താക്കാൻ സർവകലാശാല ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. 75 വയസ്സ് കഴിഞ്ഞവരുടെ നിയമനം പുനഃപരിശോധനക്ക് വിധേയമാക്കപ്പെടണം എന്നത് പലപ്പോഴും നടന്നിട്ടില്ല. എന്നാൽ അതുകൊണ്ട് നിയമത്തിലെ വ്യവസ്ഥകൾ ഇല്ലാതാവുന്നില്ലല്ലോ. ആ നിശ്ചിത പ്രായപരിധി കടന്നവരുടെ സിവി വാങ്ങുന്നത് പുതിയ ഉത്തരവ് ഇറക്കുവാനാണ്. അപ്പോൾ താല്പര്യമുള്ളവർക്ക് വീണ്ടും അപേക്ഷിക്കാം, സർവകലാശാല അംഗീകരിച്ചാൽ, അവിടെ തുടരാം; അല്ലാത്തവർക്ക് പുറത്തുപോകാം. എന്തായാലും അവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കുന്നു എന്നത് മറന്നുകൂടാ. പക്ഷെ, സൗകര്യം പോലെ എന്തുമാവാം എന്ന ചിന്ത ഇനി നടക്കില്ല എന്ന സന്ദേശവും സർവകലാശാല നൽകുന്നുണ്ട്. മാത്രമല്ല അടുത്തെങ്ങും കാമ്പസിലെത്താത്ത വിദഗ്ദ്ധന്മാർക്ക് പകരം മിടുക്കന്മാരെ നിയമിക്കാനും സർവകലാശാലക്ക് കഴിയുമല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button