പനങ്ങാട്: വീട്ടില്‍ നിന്നും രണ്ട് കാല്‍ച്ചുവടെടുത്തു വച്ചാല്‍ അത് കായലിലേക്കാണ്… നിന്നുതിരിയാന്‍ പോലും ഇടയില്ലാത്ത മുറ്റത്തെങ്ങനെ ഒരു കല്യാണ പന്തലുയരും? എല്ലാവരുടെയും ചോദ്യം അതായിരുന്നു. ഒരു ഓഡിറ്റോറിയത്തില്‍ കല്യാണം നടത്താമെന്ന് വിചാരിച്ചാല്‍ അതിനുള്ള സാമ്പത്തിക ശേഷിയും ആ കുടുംബത്തിനുണ്ടായിരുന്നില്ല. പക്ഷേ, ആ വിവാഹം മംഗളകരമായി തന്നെ നടന്നു. എങ്ങനെയെന്നല്ലേ, നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് കായലില്‍ ഒരു ഉഗ്രന്‍ കല്യാണ മണ്ഡപമൊരുക്കി. കായലിലെ കുഞ്ഞോളങ്ങളെ സാക്ഷിയാക്കി വരന്‍ വധുവിന് താലിചാര്‍ത്തി.
പനങ്ങാട് പരേതരായ മുണ്ടേമ്പിള്ളി കട്ടേച്ചിറയില്‍ മുരളീധരന്റെയും രമയുടെയും മകള്‍ മീരയുടെയും കുണ്ടന്നൂര്‍ ഉണ്ണിപ്പറമ്പില്‍ സരസന്റെയും മിനിയുടെയും മകന്‍ സനലിന്റെയും വിവാഹമാണ് കായലിലൊരുക്കിയ കല്യാണ പന്തലില്‍ നടന്നത്. പനങ്ങാട് മുണ്ടേമ്പിള്ളി കടവിലാണു വ്യത്യസ്തമായ വിവാഹപ്പന്തല്‍ ഒരുങ്ങിയത്. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചുപോയ മീരയെ സ്വന്തം മകളെപ്പോലെ വളര്‍ത്തിയ വല്യച്ഛന്‍ കെ.വി. പ്രദീപനും ഭാര്യ കാഞ്ചനയുമാണു രക്ഷിതാക്കളുടെ സ്ഥാനത്തിനു നിന്നു കല്യാണം നടത്തിയത്. കായലോരത്താണു പ്രദീപന്റെ വീട്. മുണ്ടേമ്പിള്ളി ജെട്ടിയില്‍ നിന്നു കഷ്ടിച്ച് നടപ്പാതമാത്രമാണു വീട്ടിലേക്കുള്ളത്. മുറ്റം എന്നു പറയാനില്ല. കാലെടുത്തു വയ്ക്കുന്നതു കായലിലേക്ക്. വധൂഗൃഹത്തിലെ ഇത്തിരിപ്പോന്ന മുറ്റത്ത് സ്ഥലമില്ലാത്തതിനാലും ഹാള്‍ വാടയ്‌ക്കെടുക്കാനും മറ്റുമുള്ള ശേഷി ഇല്ലാത്തതിനാലുമാണു കായലില്‍ പന്തലിട്ടതെന്നു പ്രദീപന്‍ പറഞ്ഞു. ഇതിന് സഹായമേകിയത് സുഹൃത്തുക്കളാണ്. പ്രദീപന്‍ അംഗമായ സുരക്ഷ പുരുഷ സ്വയം സഹായ സംഘത്തിന്റെ ഓണാഘോഷം അടുത്തയാഴ്ച ഇതിനു തൊട്ടടുത്ത് ഭാരതറാണി പള്ളിക്കു സമീപത്തെ പറമ്പിലാണ്. അതിനായി ഒരുക്കിയ പന്തലില്‍ ആയിരുന്നു വിവാഹ സദ്യ.
Post Your Comments