തിരുവനന്തപുരം: ഇന്ന് മുതല്‍ കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോവുകയാണ്. വലിയ പിഴയാണ് ഓരോ നിയമലംഘനങ്ങള്‍ക്കും നിശ്ചയിച്ചിരിക്കുന്നത്. ഇത് ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ മാര്‍ഗവും പ്രയോഗിക്കുകയാണ് കേരള പൊലീസ്. ഇപ്പോള്‍ പുതിയൊരു ട്രോളിലൂടെയാണ് കേരളാ പൊലീസിന്റെ ബോധ വല്‍ക്കരണം.
മീശമാധവന്‍ എന്ന സിനിമയില്‍ പട്ടാളം പുരുഷുവിന്റെ വീട്ടില്‍ രാത്രി ഒളിച്ചെത്തുന്ന പിള്ളേച്ചന്‍ അവിടെ പുരുഷുവിനെ കാണുമ്പോള്‍ ‘പുരുഷൂ എന്നെ അനുഗ്രഹിക്കണം’ എന്ന് പറഞ്ഞ് കാലില്‍ വീഴുന്ന രംഗം ആരും മറന്നിട്ടുണ്ടാവില്ല. ആ പിള്ളേച്ചന്‍ തന്നെയാണ് ട്രോളിലെയും താരം. പഴയ ഫൈനാണെന്നു കരുതി നിയമലംഘനം നടത്താന്‍ വരുന്ന പിള്ളേച്ചനാണ് ട്രോളിലുള്ളത്.
ഓരോ നിയമ ലംഘനത്തിനും നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടിയോളം പിഴകളാണ് കേന്ദ്ര മോട്ടാര്‍ വാഹന ബില്‍ വ്യവസ്ഥ ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിരത്തിലിറക്കിയാല്‍ രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. കുട്ടിക്ക് 25 വയസ് വരെ ലൈസന്‍സ് അനുവദിക്കില്ലെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴ ശിക്ഷ. ഒപ്പം മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും തീരുമാനമുണ്ട്.
വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപയാണ് പിഴ. നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ ഈടാക്കും. നിലവില്‍ 100 രൂപയാണ് പിഴ. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് 500 രൂപയാണ് പിഴ.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ – 5000 രൂപ, പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ – 10,000 രൂപ, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിച്ചാല്‍ – 10,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിച്ചാല്‍ – 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
Post Your Comments