ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മാനസികാവസ്ഥയെ വയനാട് മാറ്റിമറിച്ചെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. രാഹുല്‍ ഗാന്ധിയുടെ കശ്മീർ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയം എത്ര മാറ്റമാണ് വരുത്തുന്നതെന്ന് എനിക്ക് അതിശയമാണ്. വയനാട്ടില്‍നിന്നും ജയിച്ചതോടെ രാഹുലിന്റെ മാനസികനില തന്നെ മാറിപ്പോയി. അമേത്തിയില്‍നിന്നും ജയിച്ചപ്പോഴൊന്നും അദ്ദേഹം ഇത്തരത്തില്‍ സംസാരിച്ചിട്ടില്ല. സീറ്റ് മാറിയതോടെ രാഹുലിന്റെ മാനസികാവസ്ഥയും മാറി. വയനാടിന് കുഴപ്പമൊന്നുമില്ല. എന്നാല്‍ അവിടെനിന്നുള്ള പ്രതിനിധിയാണ് പ്രശ്നമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.
പാകിസ്ഥാൻ യുഎന്നിന് നല്കിയ കത്തില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ രാജ്യത്തെ അപമാനിച്ചുവെന്നും യുഎന്നില്‍ ഇന്ത്യയെ ലക്ഷ്യംവെയ്ക്കാൻ പാകിസ്ഥാന് അവസരമൊരുക്കി. രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ പൊതുവികാരം എതിരായതോടെ അദ്ദേഹം ആ പ്രസ്താവനയില്‍നിന്ന് യു-ടേണ്‍ അടിച്ചുവെന്നും പ്രകാശ് ജാവദേക്കർ ആരോപിച്ചു.
Post Your Comments