കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നടപടികളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ മികച്ച മുന്നേറ്റം കൈവരിച്ചു.
കഴിഞ്ഞ മൂന്നുമാസത്തിനിടെ സെൻസെക്‌സും നിഫ്‌റ്റിയും കാഴ്‌ചവച്ച ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ ഉണ്ടായത്. സെൻസെക്‌സ് 793 പോയിന്റ് നേട്ടവുമായി 37,494ലും നിഫ്‌റ്റി 228 പോയിന്റുയർന്ന് 11,057ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ധനമന്ത്രി നിർമ്മല സീതാരാമൻ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകാനും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്കുമേൽ (എഫ്.പി.ഐ) ഏർപ്പെടുത്തിയ റിച്ച് ടാക്‌സ് ഒഴിവാക്കാനും നിർദ്ദേശിച്ചു. ഇതിനു പുറമേ, വ്യാപാരപ്പോര് തണുപ്പിക്കാൻ അമേരിക്കയും ചൈനയും തമ്മിൽ സമവായത്തിന് ശ്രമിക്കുന്നതും നിക്ഷേപകർക്ക് ആവേശമായി.
സെൻസെക്‌സിന്റെ ഇന്നലത്തെ കുതിപ്പിന്റെ 61 ശതമാനവും സംഭാവന ചെയ്‌തത് എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ്. മൂവരും കൂടി 478 പോയിന്റ് നേട്ടം സെൻസെക്‌സിന് സമ്മാനിച്ചു. യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, എസ്.ബി.ഐ, ഡി.എച്ച്.എഫ്.എൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ ഓഹരികൾ.
Post Your Comments