ആലപ്പുഴ : ബാര്‍ ഹോട്ടലിനു സമീപത്തെ അടിപിടിയെത്തുടര്‍ന്നുണ്ടായ സംഭവികാസങ്ങള്‍ കൊണ്ടുചെന്നെത്തിച്ചത് യുവാവിന്റെ കൊലപാതകത്തില്‍. തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തി മൃതദ്ദേഹം കടലില്‍ താഴ്ത്തിയെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി.
മണ്ണഞ്ചേരി അമ്പനാകുളങ്ങര മിച്ചനാട് കോളനിയില്‍ താമസിക്കുന്ന പുന്നപ്ര പറവൂര്‍ രണ്ടു തൈവെളിയില്‍ മനോഹരന്റെ മകന്‍ മനുവിനെയാണ് (കാകന്‍ മനു-27) തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പുന്നപ്ര വടക്ക് പഞ്ചായത്ത് 12ാം വാര്‍ഡ് തൈപ്പറമ്പില്‍ പത്രോസ് ജോണ്‍ (അപ്പാപ്പന്‍ പത്രോസ്-28), പുന്നപ്ര വടക്കേ തയ്യില്‍ സൈമണ്‍ മൈക്കിള്‍ (സനീഷ് -29) എന്നിവരാണ് മനുവിനെ കൊലപ്പെടുത്തിയെന്നു പൊലീസിനോടു കുറ്റസമ്മതം നടത്തിയത്.
പ്രതികളായ പുന്നപ്ര കാക്കരിയില്‍ ജോസഫ് (ഓമനക്കുട്ടന്‍- 19), പുന്നപ്ര പനഞ്ചിക്കല്‍ ‘ലൈറ്റ്’ എന്നറിയപ്പെടുന്ന ആന്റണി സേവ്യര്‍ (വിപിന്‍- 28) എന്നിവര്‍ ഒളിവിലാണ്. കൊലപാതകം, മര്‍ദിച്ചശേഷം തട്ടിക്കൊണ്ടു പോകല്‍, തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ചുമത്തിയത്
കഴിഞ്ഞ 19നു രാത്രി 9.30നു പറവൂരില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി മനുവിനെ തട്ടിക്കൊണ്ടുപോയി ഗലീലിയ തീരത്തുവച്ചു കൊലപ്പെടുത്തി കടലില്‍ ഉപേക്ഷിച്ചെന്നു പൊലീസ് സംശയിക്കുന്നു. മനുവും പ്രതികളിലൊരാളായ പത്രോസും ‘കാപ്പ’ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: മനുവും പ്രതികളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. മനു മണ്ണഞ്ചേരി അമ്പനാകുളങ്ങരയിലേക്കു താമസം മാറി. 19നു പറവൂരിലെ ബാറില്‍ എത്തിയ മനുവിനെ അവിടെവച്ച് ഓമനക്കുട്ടന്‍ മര്‍ദിച്ചതാണ് തുടക്കം.
പുറത്തിറങ്ങിയ മനു ഫോണ്‍ ചെയ്യുന്നതു മനസ്സിലാക്കിയ സംഘം അവിടെ ചെന്നു മര്‍ദിച്ചു. കല്ലുകൊണ്ടു മനുവിനെ തലയ്ക്കടിച്ചു വീഴ്ത്തി. അവശനായ ഇയാളെ ആന്റണി സേവ്യറിന്റെ സ്‌കൂട്ടറിന് പിന്നിലിരുത്തി ഓമനക്കുട്ടനും കയറി. ഗലീലിയ കടപ്പുറത്തെ പറവൂര്‍ വെളിയില്‍ നഗര്‍ പടിഞ്ഞാറ് തീരത്ത് എത്തിച്ചു. തുടര്‍ന്ന് സൈമണെയും പത്രോസിനെയും ആന്റണി സേവ്യര്‍ അവിടേക്കു കൊണ്ടുവന്നു. മര്‍ദിച്ച ശേഷം കഴുത്തില്‍ കല്ലുകെട്ടി പൊന്തുവള്ളത്തില്‍ കയറ്റി കടലില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികളുടെ മൊഴി.
രക്തം പുരണ്ട വസ്ത്രങ്ങള്‍ കടല്‍കരയില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ച സ്ഥലം പ്രതികള്‍ കാട്ടിക്കൊടുത്തു. മനുവിനെ കടലില്‍ തള്ളാന്‍ ഉപയോഗിച്ചെന്നു കരുതുന്ന വള്ളവും ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഫൊറന്‍സിക് വിദഗ്ധര്‍ തീരത്തുനിന്നു സാംപിള്‍ ശേഖരിച്ചു. ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തില്‍ തെളിവെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments