മാവേലിക്കര: മാവേലിക്കര പല്ലാരിമംഗലത്തു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത് താമസിക്കാൻ സ്ഥലം നൽകിയ ആളെ തന്നെ.. ദമ്പതിമാരെ വീട്ടില്‍ കയറി തലക്കടിച്ചുകൊന്നത് നിസ്സാര വഴക്കിനെ ചൊല്ലി. എന്നിട്ടും കലിയടങ്ങാതെ മക്കളെയും ഇയാൾ കൊല്ലാൻ ഓടിച്ചു. എന്നാൽ പേടിച്ചരണ്ട കുട്ടികൾ അയൽവീടുകളിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. തെക്കേക്കര പല്ലാരിമംഗലത്ത് തിങ്കളാഴ്ച പകല്‍ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം കിഴക്ക് ഉറകാരേത്ത് മുക്കിന് സമീപം ദേവു ഭവനത്തില്‍ ബിജു (40), ഭാര്യ ശശികല (42) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ആറുവയസ്സുള്ള മകന് ദേവന്റെ കണ്മുന്നിലായിരുന്നു സംഭവം. അയല്‍വാസിയായ പ്രതി തിരുവമ്പാടി വീട്ടില്‍ സുധീഷിനെ (39) ഒരു മണിക്കൂറിനകം പോലീസ് പിടികൂടി. ഇരുവരെയും കമ്പിവടി കൊണ്ട് തലക്കടിച്ച് താഴെ വീഴ്ത്തിയശേഷം ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബിജുവും മകനും മാവേലിക്കരയില്‍ പോയി മടങ്ങി വീട്ടിലെത്തിയപ്പോള്‍ സുധീഷ് ബിജുവിനെ അസഭ്യം പറഞ്ഞു. ചോദ്യം ചെയ്ത ബിജുവിനെ സുധീഷ് കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും സുധീഷ് ആക്രമിച്ചു.
read also: മാവേലിക്കരയില്‍ ദമ്പതികളെ അടിച്ചുകൊന്നു
അടി കൊണ്ടു നിലത്തു വീണ ഇരുവരെയും ഇഷ്ടിക കൊണ്ട് പലതവണ തലയ്ക്കടിച്ചു.ആക്രമണം കണ്ടു ഭയന്ന ബിജുവിന്റെ മകന് ദേവന് കരഞ്ഞുകൊണ്ട് അയല്‍വീട്ടിലേക്ക് ഓടി. മൂത്ത മകൾ ദേവികയെയും ഇയാൾ അടിക്കാനായി ഓടിച്ചു. എന്നാൽ കുട്ടികൾ അയൽ വീടുകളിൽ പോയതിനാൽ രക്ഷപെട്ടു. അയല്‍വാസികളെത്തിയപ്പോള്‍ അടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബിജുവിനെയും ഭാര്യയെയുമാണ് കണ്ടത്. ഇരുവരെയും ആംബുലന്‍സ് വിളിച്ചുവരുത്തി കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശശികല സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ബിജു കായംകുളത്ത് ആശുപത്രിയില്‍ വച്ച് മരിച്ചു.
ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സുധീഷിനെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.ഇയാള്‍ നേരത്തെയും കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പിഞ്ചുമക്കൾ അനാഥരായ ദുഖത്തിലാണ് നാട്ടുകാർ. കുട്ടികൾ ഇതുവരെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.എല്ലാവർക്കും ഉപകാരിയായിരുന്ന ബിജുവിന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Post Your Comments