കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് സംശയത്തിന്റെ നിഴലില്‍. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. വിവരങ്ങളെല്ലാം സത്യസന്ധമായി വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും പാലത്തിന്റെ വീഴ്ചയ്ക്ക് കാരണമായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ചോദ്യം ചെയ്തതിന് പിന്നാലെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
പാലാരിവട്ടം മേല്‍പ്പാല നിര്‍മണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയെയും ചോദ്യംചെയ്യലിന് വിധേയമാക്കിയിരിക്കുന്നത്. എന്നാല്‍, പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ ഭരണാനുമതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നുമായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം.
Post Your Comments