KeralaLatest News

രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന്

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിലെ ആശുപത്രികള്‍ കരസ്ഥമാക്കി എന്ന പ്രത്യേകതയുമുണ്ട്. കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍: 98), കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രം (97), കണ്ണൂര്‍ മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രം (97), ആലപ്പുഴ പനവള്ളി കുടുംബാരോഗ്യ കേന്ദ്രം (96), മലപ്പുറം അമരമ്പലം കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂര്‍ കൊളശേരി യു.പി.എച്ച്.സി., (94.3), തൃശൂര്‍ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം (94), എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം (93), കണ്ണൂര്‍ പട്യം കുടുംബാരോഗ്യ കേന്ദ്രം (92), കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി (89) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ്. ബഹുമതി നേടുന്നത്. 55 കേന്ദ്രങ്ങളാണ് ദേശീയ അംഗീകാരത്തിനായി അയച്ചത്. അതില്‍ 32 കേന്ദ്രങ്ങള്‍ക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ 42 കേന്ദ്രങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 3 കേന്ദ്രങ്ങളുടെ അംഗീകാരത്തിനായുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. 10 കേന്ദ്രങ്ങള്‍ക്ക് അംഗീകാരത്തിനായുള്ള അപേക്ഷ നല്‍കിയിട്ടുമുണ്ട്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99 സ്‌കോറോടെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോര്‍ നേടിയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. 98 സ്‌കോറോടെ കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം ഇപ്പോള്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ഈ വര്‍ഷാവസാനത്തോടെ 140 കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Read also: ആശ്വാസമായി കരുമാലൂര്‍ കുടുംബാരോഗ്യ കേന്ദ്രം

രോഗികള്‍ക്കുള്ള മികച്ച സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ്യനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങള്‍ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ മൂല്യ നിര്‍ണയങ്ങളിലൂടെയാണ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. ഈ സംഘങ്ങള്‍ ഓരോ ആശുപത്രിയും പരിശോധിച്ചാണ് ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടണം.

ആരോഗ്യ മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ച്ചയായുള്ള ദേശീയ ഗുണനിലവാര അംഗീകാരം. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തിട്ടുണ്ട്. വൈകുന്നേരം വരെയുള്ള മികച്ച ഒ.പി. സൗകര്യം, രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, മുന്‍കൂട്ടി ബുക്കിംഗ് സൗകര്യം, മെച്ചപ്പെട്ട കാത്തിരിപ്പ് സ്ഥലങ്ങള്‍, കുടിവെള്ള ടോയിലറ്റ് സൗകര്യങ്ങള്‍, സ്ത്രീ സൗഹൃദ-ഭിന്നശേഷി സൗഹൃദം, പ്രി-ചെക്കപ്പ് ഏരിയ, ലാബുകള്‍, ഡിസ്‌പ്ലേകള്‍, സ്വകാര്യതയുള്ള പരിശോധനാ മുറികള്‍, വിവിധ ക്ലിനിക്കുകള്‍ എന്നീ സൗകര്യങ്ങള്‍ കുടംബാരോഗ്യ കേന്ദ്രങ്ങളിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button