കോഴിക്കോട്: സംസ്‌കാരച്ചടങ്ങുകളെക്കുറിച്ച് അന്തരിച്ച സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം കേളപ്പന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാവുന്നു.
എവിടെ മരിച്ചാലും വീട്ടില്‍ സംസ്‌കരിക്കണം, ദഹിപ്പിക്കരുത്, മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി, ശമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്, വിളക്ക് കത്തിക്കരുത്, കുഴിച്ചിട്ട സ്ഥലത്ത് മാവോ അല്ലെങ്കില്‍ നെല്ലി മരം കുഴിച്ചിടണം തുടങ്ങി തന്റെ മരണശേഷം എന്തൊക്കെ ചെയ്യണമെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹം വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആന്തരികാവയവങ്ങളൊക്കെ കുറേശ്ശെ കേടുള്ളതു കൊണ്ടാണ് ദാനം ചെയ്യാത്തത്. കാഴ്ചയില്ലാത്ത കണ്ണുകള്‍ പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു എന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.
തന്റെ ശവസംസ്‌കാര ചടങ്ങില്‍ അന്ധവിിശ്വാസത്തിന്റേയും അനാചാരത്തിന്റേയും ഒരു തരിമ്പുപോലും ഉണ്ടാവരുതെന്ന് എന്നും എം കേളപ്പന്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അലംഘനീയമാക്കേണ്ട ഒരു കുറിപ്പ് എന്ന ആമുഖത്തോടെയാണ് നിര്‍ദ്ദേശങ്ങള്‍. ഇന്നലെ പുലര്‍ച്ചെ മൂന്നരക്ക് വടകര സഹകരണ ആശുപത്രിയിലാണ് എം കേളപ്പന്‍ അന്തരിച്ചത്. ദീര്‍ഘകാലം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. പണിക്കോട്ടി എന്ന പേരില്‍ നിരവധി നാടന്‍ പാട്ടുകളും സാഹിത്യരചനകളും രചിച്ചിട്ടുണ്ട്.
കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു കന്ന് പൂട്ട തൊഴിലാളിയായിരുന്ന എം. കേളപ്പന്‍ പൊതുരംഗത്തെത്തുന്നത്. പിന്നീട് കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. 1950 ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുതുപ്പണം സെല്‍ അംഗമായി. പിന്നീട് പുതുപ്പണം വില്ലേജ് സെക്രട്ടറി, സിപിഐ എം വടകര മണ്ഡലം കമ്മിറ്റിയംഗം, വടകര ഏരിയാ സെക്രട്ടറി, മൂന്നുവര്‍ഷം കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1975 മുതല്‍ ജില്ലാകമ്മിറ്റിയംഗമായിരുന്നു. 1991 മുതല്‍ പത്തരവര്‍ഷം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ പദവികള്‍ അലങ്കരിച്ചു. 1962 മുതല്‍ 22 വര്‍ഷം വടകര മുനിസിപ്പല്‍ കൌണ്‍സിലറായിരുന്നു. 1969 മുതല്‍ ജില്ലയിലെ കര്‍ഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചു.
17-ാം വയസ്സില്‍ ഗാന്ധിയന്‍ ദര്‍ശനത്തില്‍ ആകൃഷ്ടനായി കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹത്തെ അയല്‍വാസിയും പാര്‍ട്ടിയുടെ ആദ്യകാല സംഘാടകനുമായ വി പി കുട്ടിമാസ്റ്ററാണ് കിസാന്‍സഭയിലേക്കും അതുവഴി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും കൊണ്ടുവന്നത്. ഒഞ്ചിയം വെടിവയ്പ് പാര്‍ടിയിലേക്കുള്ള പ്രവേശനത്തിന് നിമിത്തമായി. ഉഴവുകാരനായി ജീവിതം ആരംഭിച്ച എം കെ പണിക്കോട്ടി നല്ല എഴുത്തുകാരനായി ഉയര്‍ന്നത് സ്ഥിരപ്രയത്നവും ആത്മവിശ്വാസവും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനവും കൊണ്ടാണ്. പ്രാഥമിക വിദ്യാഭ്യാസമുണ്ടായിരുന്ന അച്ഛന്‍ അമ്പാടിയുടെ രാമായണപാരായണമാണ് കേളപ്പന്റെ കുരുന്നുമനസ്സില്‍ സാഹിത്യാഭിരുചിയുടെ വിത്തുപാകിയത്.നിരവധി നാടകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യത്തേത് പ്രതിധ്വനിയാണെന്നാണ് തന്റെ ഓര്‍മയെന്ന് ഒരിക്കല്‍ എം.കേളപ്പന്‍ പറഞ്ഞിരുന്നു. ജീവിതം ഒരു സുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷന്‍, ബ്രഹ്മരക്ഷസ്, തീപിടിച്ച തലകള്‍, കിതച്ചുയരുന്ന കുഗ്രാമം എന്നീ നാടകങ്ങള്‍ രചിച്ചു.
വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച ശിവപുരം കോട്ടയാണ് അച്ഛനും മകനും എന്ന പേരില്‍ സിനിമയായത്. കൂടാതെ ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരകഥകള്‍, കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ ഇന്നലെ ഇന്ന് നാളെ, വടക്കന്‍ പാട്ടുകളിലൂടെ, വടക്കന്‍ പെണ്‍പെരുമ, അധ്യാത്മരാമായണം നെല്ലും പതിരും, അമൃതസ്മരണകള്‍ തുടങ്ങി പത്തിലേറെ കൃതികളും രചിച്ചിട്ടുണ്ട്.
കുറിപ്പിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
ഞാന്‍ എവിടെ വച്ച് മരിച്ചാലും വീട്ടില്‍ സംസ്‌കരിക്കണം, ദഹിപ്പിക്കരുത്, മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. കുളിപ്പിക്കാതെ സംസ്‌കരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ജീവനറ്റ ശരീരം എന്തിന് കുളിപ്പിച്ച് വൃത്തിയാക്കുന്നു. മുറ്റത്ത് കിടത്തിയാല്‍ വിളക്ക് കത്തിക്കരുത്, ചന്ദനത്തിരി കത്തിക്കാം, അത് ദുര്‍ഗന്ധം ഒഴിവാക്കുമല്ലോ.
ശവമെടുക്കുമ്പോള്‍ വേണ്ടാത്ത അഭ്യാസമൊന്നും കാണിക്കരുത്. കുഴി ചുറ്റരുത്. ദഹിപ്പിക്കരുത് എന്ന് പറയുന്നത് മൃതശരീരം കത്തുന്ന ദുര്‍മണം എന്തിനാണ് മറ്റുള്ളവരെക്കൊണ്ട് ശ്വസിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ്. ആന്തരികാവയവങ്ങളൊക്കെ കുറേശ്ശെ കേടുള്ളതു കൊണ്ടാണ് ദാനം ചെയ്യാത്തത്. കാഴ്ചയില്ലാത്ത കണ്ണുകള്‍ പോലും ഫലപ്രദമാവില്ലെന്ന് തോന്നുന്നു.
കുഴിച്ചിട്ട സ്ഥലത്ത് ധാരാളം മാങ്ങയുണ്ടാവുന്ന ഒരു മാവോ അല്ലെങ്കില്‍ നല്ലയിനം നെല്ലിമരമോ നട്ട് വളര്‍ത്തണം. അതില്‍ ഫലങ്ങളുണ്ടായാല്‍ വില്‍ക്കരുത് കുട്ടികളും മറ്റും അത് ഭുജിക്കട്ടെ. ഒരു വിധ മരണാനന്തര ക്രിയകളും ഉണ്ടാവരുത്. നാല്‍പ്പത്തൊന്നും അന്‍പത്തൊന്നും ഒന്നും പാടില്ല. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റേയും ഒരു തരിമ്പ് പോലും ഉണ്ടാവരുത്.
സംസ്‌കരിച്ച സ്ഥലത്തോ വീട്ടിലോ സ്തൂപങ്ങളൊന്നും ഉണ്ടാക്കരുത്. ജനങ്ങളുടെ സഹകരണത്തോടെ ഗയിറ്റിന്റെ തെക്കുഭാഗത്ത് കുട്ടികള്‍ക്ക് സമ്മേളിക്കാനും അത്യാവശ്യം മഹിളാസഖാക്കള്‍ക്ക് ഇരുന്ന് സൊള്ളിക്കാനും മറ്റും ഒരു ചെറിയ ഹാള്‍ റോഡിന് സമാനമായി നിര്‍മ്മിച്ച് സ്മാരകമാക്കാം. എന്നോടുള്ള സ്‌നേഹവും ബഹുമാനവുമൊക്കെ കാണിക്കേണ്ടത് ഈ കുറിപ്പ് അന്വര്‍ഥമാക്കികൊണ്ടായിരിക്കണം.
Post Your Comments