KeralaLatest NewsNews

ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി

തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കുക, മറ്റ് ട്രെയിനുകൾ ദീർഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് ട്രെയിനുകൾ കടത്തിവിടുന്ന രീതി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി. ഉത്തര കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാർ അങ്ങേയറ്റം കഷ്ടപ്പെടുകയാണെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.

Read Also: ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പരിമിതമായ ജനറൽ കമ്പാർട്ടുമെന്റുകളിൽ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണ് ഇപ്പോൾ യാത്രക്കാർ സഞ്ചരിക്കുന്നത്. ഗുസ്തി പിടിച്ചു തിങ്ങി നിറഞ്ഞുനിൽക്കുന്നവരെ ചവിട്ടിയകറ്റി മാത്രമേ ജനറൽ കംപാർട്ടുമെന്റുകളിലേക്ക് പ്രവേശിക്കുവാൻ പോലും കഴിയൂ. പലപ്പോഴും വാതിൽപ്പടിയിൽ തൂങ്ങിനിന്നാണ് യാത്രയെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു

വായു സഞ്ചാരം പോലും തടസ്സപ്പെടുന്ന രീതിയിൽ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നത് മൂലം യാത്രക്കാർ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയായി മാറിയിട്ടും റെയിൽവേ അധികാരികൾ കണ്ട മട്ട് നടിച്ചിട്ടില്ല. ഉത്തര കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ ഇതിനൊരറുതി വരുത്താൻ കഴിയൂ. അതിനാൽ തന്നെ എത്രയും വേഗം ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം കൂട്ടാൻ വേണ്ട നിർദേശം റെയിൽവേ അധികാരികൾക്കു നൽകണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കൂടാതെ വന്ദേ ഭാരത് ട്രെയിനുകൾ കൃത്യ സമയത്തു സർവീസ് നടത്തുന്നതിന് വേണ്ടി മറ്റു ട്രെയിനുകൾ ദീർഘനേരം പലയിടങ്ങളിലായി പിടിച്ചിടുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സാധാരണ ട്രെയിനുകളിലെ സ്ഥിരം യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇത് പരിഹരിക്കുന്നതിന് വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിന് പകരം മറ്റു ട്രെയിനുകളുടെ സമയം മാറ്റാനാണ് റെയിൽവേ ശ്രമിക്കുന്നത്. അടിയന്തരമായി ഈ വിഷയത്തിലും ഇടപെട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സമയ ക്രമം യുക്തിസഹമായി പരിഷ്‌കരിച്ച് മറ്റു ട്രെയിനുകളുടെ നിലവിലുണ്ടായിരുന്ന സമയക്രമം മാറ്റം വരുത്താതെ നിലനിർത്തണമെന്നും ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: അടുത്ത വര്‍ഷം മുതല്‍ ‘സ്‌കൂള്‍ ഒളിമ്പിക്‌സ്’: സ്‌കൂള്‍ കായികമേളയുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button