ദുബായ്: ദുബായ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ അബ്രാജ് ഗ്രൂപ്പിന്റെ സ്ഥാപകനായ ആരിഫ് നഖ്‌വിയെ യുഎഇ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. ഷാർജ ആസ്ഥാനമായി സാമ്പത്തിക ക്രമക്കേട് നടത്തിയതിന് എയർ അറേബ്യ ഉൾപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. എന്നാൽ ലണ്ടനിൽ ഒരു കേസ് നടക്കുന്നതിനാൽ നഖ്‌വി ശിക്ഷ അനുഭവിക്കുമോയെന്ന് വ്യക്തമല്ലെന്ന് ബ്ലൂംബർഗ് വ്യക്തമാക്കി.
നിക്ഷേപകരെ കബളിപ്പിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയതിന് അബ്രാജ് ഗ്രൂപ്പിലെ കമ്പനികൾക്ക് ദുബായ് ധനകാര്യവകുപ്പ് വൻതുക പിഴ ചുമത്തി. അബ്രാജ് ഇൻവെസ്റ്റ്‌മെൻറ് മാനേജ്‌മെന്റ് ലിമിറ്റഡ്, അബ്രാജ് കാപിറ്റൽ ലിമിറ്റഡ് എന്നീ കമ്പനികൾക്ക് 116 കോടി ദിർഹത്തിന്റെ പിഴയാണ് ചുമത്തിയിരിക്കുന്നത്.
2018 ജനുവരിയിലാണ് ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിക്ക് അബ്രാജ് കമ്പനികളുടെ ധനവിനിമയം സംബന്ധിച്ച പരാതികൾ ലഭിക്കുന്നതും അന്വേഷണം ആരംഭിക്കുന്നതും. വളരെ സങ്കീർണമായ കേസായതിനാൽ നിരവധി വിധിന്യായങ്ങൾക്ക് ശേഷമാണ് ഭീമമായ തുക പിഴ വിധിച്ചത്.
ഡി.ഐ.എഫ്.സി.യിൽ അനുമതിയില്ലാതെ സാമ്പത്തിക ഇടപാട് നടത്തി ധനം സമാഹരിക്കൽ, കാലങ്ങളായി നിക്ഷേപകരെ വഴിതെറ്റിക്കുകയും വഞ്ചിക്കുകയും ചെയ്യുക, നിക്ഷേപകരുടെ തുക വഴിമാറ്റി ചെലവാക്കി കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കൽ, നിക്ഷേപകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള താത്കാലിക ബാങ്ക് ബാലൻസുകൾ സൃഷ്ടിക്കുന്നതിന് സാമ്പത്തിക റിപ്പോർട്ടിങ് തീയതികൾക്ക് തൊട്ടുമുൻപ് പണം കടം വാങ്ങുക, അപ്‌ഡേറ്റ് ചെയ്ത സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും നൽകുന്നതിന് വിവിധ കക്ഷികളിൽനിന്നുള്ള ആവശ്യങ്ങൾ വ്യതിചലിപ്പിക്കുക എന്നിങ്ങനെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ധനകാര്യവകുപ്പ് കണ്ടെത്തിയത്.
Post Your Comments