അഞ്ജു പാര്‍വതി പ്രഭീഷ്
ജനാധിപത്യത്തിലെ ചില പുഴുക്കുത്തുകൾ പാടുതീർക്കാത്ത ഇടമില്ലെന്നതാണ് ഇന്നിന്റെ യാഥാർത്ഥ്യമെങ്കിലും സമൂഹത്തിലെ സാധാരണക്കാർക്കു പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്ന ചില ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്നായിരുന്നു പബ്ലിക് സർവ്വീസ് കമ്മീഷൻ.കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ ഏക ആശ്രയമാണ് പി.എസ്.സി. പ്രൊഫഷണൽ കോഴ്‌സിന് ചേരാനോ, എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലും മറ്റും വലിയ തുക കൊടുത്ത് ജോലി വാങ്ങാനോ, വിദേശങ്ങളിൽ പോകണോ, അധികാര കേന്ദ്രങ്ങളിൽ സ്വാധീനമില്ലാത്തവരോ ആയ ലക്ഷക്കണക്കിന് യുവജനങ്ങളാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് തൂപ്പു ജോലി മുതലുള്ള സർക്കാർ ജോലിക്കായി പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്.
മത്സരപ്പരീക്ഷയുടെ ഓരോ ഉത്തരക്കടലാസിനും പറയാനുണ്ടാവും ഒരായിരം സ്വപ്നങ്ങൾ കോറിയിട്ട മനസ്സുകളുടെ എഴുതാക്കഥകൾ.നന്നായി പഠിച്ചു പരീക്ഷയെഴുതുന്നവരെ പിന്നിലാക്കി ,ക്രമക്കേടിലൂടെ റാങ്ക്ലിസ്റ്റിൽ ഒന്നാമതെത്തുമ്പോൾ ,അത്തരക്കാരെ പിൻവാതിലിലൂടെ തുണയ്ക്കാൻ അധികാരവും സ്വാധീനവും മത്സരിക്കുമ്പോൾ ഇതളടർന്നു കൊഴിഞ്ഞുപ്പോവുന്നത് ആയിരങ്ങളുടെ ഭാവിസ്വപ്നങ്ങളാണ്.
ALSO READ: പി.എസ്.സി പരീക്ഷ ക്രമക്കേട് : അന്വേഷണം ക്രൈം ബ്രാഞ്ചിന്
വളരെ യാദൃശ്ചികമായാണ് പി.എസ്.സി പരീക്ഷയിലെ ക്രമക്കേടുകൾ പുറം ലോകം അറിഞ്ഞത്. ഒരർത്ഥത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കൾ ഒരു എസ്.എഫ്.ഐ ക്കാരനെ കുത്തിയതുക്കൊണ്ടും അതിനെതിരെ വൻ പ്രതിഷേധം നടന്നതുക്കൊണ്ടും മാത്രം സംഭവം വൻ വിവാദമാകുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രതിയായ ശിവരഞ്‌ജിത്ത് സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണെന്ന വാർത്തയറിഞ്ഞപ്പോൾ പിഎസ് സിക്കു തെറ്റുപറ്റിയതാണെന്നല്ല ,മറിച്ച് സമർത്ഥനായ ഒരു യുവാവ് രാഷ്ട്രീയംതലയ്ക്കുപ്പിടിച്ചു വഴിപ്പിഴച്ചുപ്പോകുന്നുവല്ലോയെന്ന ആശങ്കയാണ് മിക്കവരിലും ആദ്യം ഉണ്ടായത്.എന്നാൽ അയാളുടെ വീട്ടിൽ നിന്നു യൂണിവേഴ്‌സിറ്റി ഉത്തരകടലാസുകൾ പിടികൂടിയതിനൊപ്പം കോളജിലെ കായിക വകുപ്പു മേധാവിയുടെ വ്യാജ സീലും കണ്ടെത്തിയപ്പോഴാണ് സംശയത്തിന്റെ വിത്തുകൾ സാധാരണക്കാരുടെ മനസ്സിൽ പോലും ഉണ്ടാകുന്നത്. അതുപോലെ തന്നെ ഈ പ്രതികൾ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങൾക്ക് പകരം അവസാന സ്ഥാനങ്ങളിൽ വന്നിരുന്നെങ്കിൽ ഒരുപക്ഷേ ഈ പരീക്ഷ ക്രമക്കേട് ആരും സംശയിക്കില്ലായിരുന്നു.
പി.എസ്.സി യുടെ മത്സരപരീക്ഷയിൽ ഒന്നാം റാങ്കുകാരനുമായ ആര്‍ ശിവരഞ്ജിത്തിന്റെ അക്കാദമിക് ചരിത്രം പരിശോധിച്ച അന്വേഷണസംഘം അയാൾ യൂണിവേഴ്സിറ്റി പരീക്ഷകളിൽ നടത്തിയ വൻ തിരിമറികളും കോപ്പിയടികളും കണ്ടെത്തിയിട്ടുണ്ട്.
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ 16 കേട്ട് ഉത്തരക്കടലാസ്സുകൾ യൂണിവേഴ്സിറ്റി കോളേജിന് സര്‍വ്വകലാശാല നല്‍കിയതാണെന്ന് നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കിയിരുന്നു. കെട്ടുകളില്‍ ഒന്ന് എസ്.എഫ്.ഐ നേതാവായിരുന്ന പ്രണവിന് നല്‍കിയതാണെന്ന വിവരവും കോളേജ് അധികൃതര്‍ പൊലീസിന് കൈമാറി. പി.എസ്.സി. പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയില്‍ ഈ പ്രണവിനു ആയിരുന്നു രണ്ടാം റാങ്ക്. എസ്.എഫ്.ഐ യുടെ യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽ നിന്നും ഉത്തരക്കടലാസ് കെട്ടുകൾ കണ്ടെടുത്തു. ഇതോടെ എസ്.എഫ്.ഐ നേതാക്കള്‍ കൂട്ടത്തോടെ ഉത്തരക്കടലാസ് കടത്തിയെന്ന് തെളിയുകയായിരുന്നു.
പരീക്ഷാ സമയത്ത് മൂന്ന് പേരും മൊബൈൽഫോൺ ഉപയോഗിച്ചതായും പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്.എം.എസായി ലഭിച്ചതായും വിജിലൻസ് അന്വേഷണത്തിൽ പിന്നീട് തെളിഞ്ഞപ്പോൾ ഇത്രമേൽ ഗൗരവകരമായൊരു വിഷയത്തെ അതീവലാഘവത്തോടെ വിലയിരുത്തിയ മുഖ്യമന്ത്രിയെ അപലപിക്കാതെ തരമില്ല.
പി.എസ്.സി യുടേത് കുറ്റമറ്റ സംവിധാനം ആണെന്നും അതിനെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും ആയിരുന്നു പിണറായി പറഞ്ഞത്. അതായത് യാതൊരു അന്വേഷണവും നടത്താതെ മുൻവിധിയോടെ തങ്ങളുടെ വിദ്യാർത്ഥി പ്രസ്ഥാനത്തെ രക്ഷിച്ചെടുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരു പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലുള്ളതായിരുന്നു.
ആരോപണവും അതു സ്ഥിരീകരിക്കുന്ന തെളിവുകളും സഹിതം പി.എസ്.സിയുടെ നിയമന നടപടികളിലെ സുതാര്യതയും നിഷ്പക്ഷതയുമാണ് മാധ്യമങ്ങളും, പ്രതിപക്ഷവും സാധാരണപൗരന്മാരും ചോദ്യം ചെയ്തത്. നിർഭാഗ്യവശാൽ അനേകലക്ഷം യുവജനങ്ങൾ വിശ്വസിക്കുകയും ഒപ്പം ജീവിതമാർഗ്ഗമായി കാണുകയും ചെയ്യുന്ന ഈ സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണം അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാതെ ,ബാലിശമായി കൈകാര്യം ചെയ്യാനാണ് തുടക്കത്തിൽ പി.എസ്.സി അധികൃതർ മത്സരിച്ചത്.
പക്ഷെ ശക്തമായ സമ്മർദ്ദത്തിൽ പിന്നീട് പി.എസ്.സി തന്നെ നടത്തിയ അന്വേഷണത്തിൽ സത്യം തെളിയുകയാണ് ചെയ്തത്.കേരള പി എസ് സി നേരിടുന്ന മൂല്യത്തകർച്ചയുടെ പ്രധാനകാരണം അംഗങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനയാണ്.അതിനിടയാക്കുന്നതോ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള വീതംവയ്പ്പും.രാഷ്ട്രീയമായി നിയമിക്കപ്പെടുന്ന അംഗങ്ങളുടെ കടമ രാജ്യസേവനത്തിനപ്പുറം കക്ഷിരാഷ്ട്രീയതാൽപര്യത്തോടാവുമ്പോൾ സുതാര്യമായ നിയമനങ്ങൾക്കുമേൽ വെള്ളംചേർക്കലുകളുണ്ടാവുന്നു.അങ്ങനെ ഓരോ നിയമനങ്ങളിലും തസ്തികകളിലും ഗുണമില്ലാത്ത ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നു.ഈ നിയമനങ്ങൾ പൊതുഖജനാവിലുണ്ടാക്കുന്നു വലിയ ബാധ്യതകൾ.സത്യസന്ധമായി സേവനം ചെയ്യാൻ കരുത്തും പ്രാപ്തിയുമില്ലാത്ത ഉദ്യോഗസ്ഥർ അഴിമതിയും ക്രമക്കേടുകളും നടത്തി പൊതുസമൂഹത്തിനു ബാധ്യതയാവുന്നു.
ജൂലൈ 22ന് നടന്ന പരീക്ഷയ്ക്കിടെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തിനു 96 ഉം പ്രണവിന് 78ഉം മൊബൈൽ സന്ദേശങ്ങൾ വന്നിരുന്നെന്ന് പി.എസ്.സി. ചെയർമാൻ എം. കെ. സക്കീർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതുക്കൊണ്ടു തന്നെ ആ മത്സരപരീക്ഷയിൽ സാങ്കേതികമായ ക്രമക്കേട് സംഭവിച്ചുവെന്നാണ് പി എസ് സി പറയുന്നത്.
പരീക്ഷ തുടങ്ങിയ രണ്ട് മണി മുതൽ മൂന്നേകാല്‍ മണി വരെ സന്ദേശങ്ങളെത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പല ഫോണ്‍ നമ്പറുകളില്‍ നിന്നാണ് രണ്ട് പ്രതികള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചത്. ശിവരഞ്ജിത്തിന്റെ നമ്പറിലേക്ക് 7907508587, 9809269076 എന്നീ രണ്ട് നമ്പരിൽ നിന്നും എസ്എംഎസ് വന്നുവെന്നും പ്രണവിന്റെ 9809555095 എന്ന നമ്പരിലേക്ക് 7907936722, 8589964981, 9809269o76 എന്നീ നമ്പരുകളിൽ നിന്നും എസ്എംഎസ് വന്നുവെന്നും എം കെ സക്കീർ പറഞ്ഞു. എസ്.എം.എസ്. വന്ന ഒരു നമ്പരിലേക്ക് പരീക്ഷക്ക് ശേഷം പ്രണവ് തിരിച്ചു വിളിച്ചിരുന്നെന്നും സക്കീർ മാധ്യമങ്ങളോട് പറയുകയും ചെയ്തു.ആ അർത്ഥത്തിൽ നോക്കുമ്പോൾ പി എസ് സിയെന്ന സ്ഥാപനത്തിനു ഈ ക്രമക്കേടിൽ പങ്കില്ലെന്നു പറയാമെങ്കിലും പരീക്ഷാനടത്തിപ്പിലെ പിഴവിനു ഉത്തരം നല്കിയേ തീരൂ.എഴുതുന്ന പേനയുടെ തുമ്പത്തും ബട്ടൻസിലുമെല്ലാം മൈക്രോക്യാമറ ഘടിപ്പിച്ചു ക്രമക്കേടുകൾ നടത്താൻ കഴിയുന്ന ഇക്കാലത്ത് പഴഞ്ചൻ പരീക്ഷാരീതി മാറ്റിപ്പിടിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പി എസ് സി തിരിച്ചറിയണം.
മൂന്ന് പേരും പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാരും സൂപ്രണ്ടുമാരും അസാധാരണമായി ഒന്നും നടന്നില്ലെന്നാണ് ആദ്യമേ മൊഴി നൽകിയത്. മൂന്ന് കേന്ദ്രങ്ങളിലെയും അഞ്ച് വീതം ഉദ്യോഗാർത്ഥികൾ നൽകിയ മൊഴിയും സമാനരീതിയിൽ തന്നെയാണ്.എന്നാൽ സൈബർ സെൽ പരിശോധനയാണ് നിർണ്ണായകമായത്. പരീക്ഷയ്ക്കിടയിൽ പ്രതികൾ മൊബൈൽ ഉപയോഗിച്ച് എന്ന് ഇതോടെ തെളിഞ്ഞു. അതോടുകൂടി ഇൻവിജിലേറ്റർമാരുടെ സഹായം പ്രതികൾക്ക് കിട്ടിയെന്നു പകൽ പോലെ വ്യക്തമാകുകയും ചെയ്തു.ഇപ്പോഴിതാ വിളിച്ച ഫോൺനമ്പരുകളുടെ ടവർ ലൊക്കേഷൻ പാളയമാണെന്നു തിരിച്ചറിയപ്പെടുമ്പോൾ യൂണിവേഴ്സിറ്റി കോളേജ് വീണ്ടും പ്രതിക്കൂട്ടിലാകുന്നു.
ക്രമക്കേട് തെളിഞ്ഞതോടെ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ വിവരങ്ങള്‍ പരിശോധിക്കാൻ ഒരുങ്ങുകയാണ് പി.എസ്.സി. പ്രതികൾ മൂന്ന് പേർക്കും ഇനി പി.എസ്.സി പരീക്ഷകൾ എഴുതാൻ ആജീവനാന്ത വിലക്കും പ്രഖ്യാപിച്ചു.ഒരു പക്ഷെ പി എസ് സിയെന്ന സ്ഥാപനത്തിനു അതിലൂടെ മുഖം രക്ഷിക്കാൻ കഴിയുമായിരിക്കും.പക്ഷേ അത് നിലനിറുത്തിപ്പോന്ന വിശ്വാസൃത തിരികെവരണമെങ്കിൽ ഈ ക്രമക്കേടിനു പിന്നിലുള്ള മുഴുവൻ പേരെയും സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം.
കത്തിക്കുത്ത് കേസിന്റെ പേരിൽ മാത്രം യാദൃശ്ചികമായി കുടുങ്ങിയ ഈ മൂന്നു പേർ മാത്രമല്ല ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്.വിശദമായി പരിശോധിച്ചാൽ അദ്ധ്യാപകർ ഉൾപ്പെടുന്ന വലിയൊരു സംഘം തന്നെ ഇതിനു പിന്നിൽ ഉണ്ടാവും. പരീക്ഷ തുടങ്ങി എട്ടു -പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ മുതൽ ഉത്തരങ്ങൾ ഫോണുകളിൽ എത്തി തുടങ്ങിയെന്നാണ് അന്വേഷണത്തിലറിയുന്നത്.അങ്ങനെയെങ്കിൽ ചോദ്യപേപ്പർ ചോർന്നിട്ടുണ്ട് എന്നർത്ഥം. പരീക്ഷ എഴുതുന്നവർ ചോദിക്കാതെ തന്നെ ഉത്തരങ്ങൾ വന്നു കൊണ്ടിരുന്നു.
പ്രതികൾ യൂണിവേഴ്‌സിറ്റി കോളേജിൽ അല്ല പരീക്ഷ എഴുതിയതെങ്കിലും യൂണിവേഴ്‌സിറ്റി കോളേജിലും സെന്റർ ഉണ്ടായിരുന്നു. അവിടെ നിന്നും ആരെങ്കിലും ചോർത്തിയതാണോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. വിളിച്ച ഫോൺനമ്പരുകളുടെ ടവർ ലൊക്കേഷൻ പാളയമാണെന്നു തിരിച്ചറിയപ്പെടുമ്പോൾ യൂണിവേഴ്സിറ്റി കോളേജ് വീണ്ടും പ്രതിക്കൂട്ടിലാവുകയും ചെയ്യുന്നു.
ഇന്ന് ഈ ക്രമക്കേട് പുറത്തുവരുമ്പോൾ ഒരുപാട് ചോദ്യങ്ങൾ കൂടി പൊതുസമൂഹം ചോദിക്കുന്നുണ്ട്. അതിനുത്തരം നല്കേണ്ടത് അധികാരികളാണ്. രാഷ്ട്രീയം ഒരു വിശ്വസ്ത സ്ഥാപനത്തിന്റെ സുതാര്യതയെ പ്രതിക്കൂട്ടിലാക്കുമ്പോൾ ഈ ഒരു പരീക്ഷയിൽ മാത്രമായിരിക്കുമോ ഇങ്ങനെ ക്രമക്കേടുണ്ടായിട്ടുണ്ടാവുക.?അങ്ങനെ കരുതാൻ വയ്യ തന്നെ. മുൻകാലങ്ങളിലെ പി.എസ്.സി വഴി സർക്കാർ ജോലി തരപ്പെടുത്തിയ വിദ്യാർത്ഥി നേതാക്കൾ ഈ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടാവുമല്ലോ ?അധ്യാപകരുടെയോ, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെയോ സഹായമില്ലാതെ ഈ ചോദ്യപേപ്പർ ആർക്കും പുറത്തു കൊണ്ട് പോയി ഉത്തരങ്ങൾ ഫോൺ സന്ദേശങ്ങളായി അയച്ചു കൊടുക്കാൻ സാധിക്കുകയില്ല.അങ്ങനെയെങ്കിൽ പണത്തിനു വേണ്ടിയോ രാഷ്ട്രീയലാഭത്തിനു വേണ്ടിയോ ഇങ്ങനെ ചോദ്യങ്ങൾ ചോർത്തി കൊടുക്കുന്ന സംഘങ്ങൾ ഇത് കാലങ്ങളായി ഇങ്ങനെ ചെയ്യുന്നുണ്ടാവില്ലേ?
പി.എസ്.സിയിൽ തീരുമാനിക്കപ്പെടുന്ന ഓരോ നിയമനവും നാടിന്റെ ഭാവി നിശ്ചയിക്കുന്നതായതുക്കൊണ്ടു തന്നെ അത് പവിത്രമായി സൂക്ഷിക്കേണ്ട ഒരു സ്ഥാപനമാണ്. രാജ്യത്തെ മുന്നോട്ടു നയിക്കേണ്ട ഉദ്യോഗസ്ഥസമൂഹത്തെ സൃഷ്ടിക്കേണ്ട നിയമനങ്ങൾ നടത്തുന്ന സ്ഥാപനത്തിൽ ക്രമക്കേടുകൾ ഉണ്ടെന്നു തെളിയുമ്പോൾ ഓരോ പൗരനും സ്വയം ചോദിക്കേണ്ട ചോദ്യമാണ്-നമ്മുടെ പോക്ക് എങ്ങോട്ടേയ്ക്ക്? ക്രമക്കേട് നടക്കാൻ സാധിക്കാത്ത സ്ഥാപനമെന്ന ജനവിശ്വാസമാണ് ഇവിടെ തകർന്നത്, അഥവാ തകർത്തത്. പണ്ടും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പറഞ്ഞു തലയൂരാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരാവുകയാണ്, കാരണം ആ വീഴ്ചകൾ തടയാൻ അവരിതുവരെ ഒന്നും ചെയ്തിട്ടില്ല എന്നതിന്റെ തെളിവുകൂടെയാണിത്.ഇങ്ങനൊക്കെയാണ് പ്രബുദ്ധ സാക്ഷരനമ്പർ 1 കേരളത്തിൽ സമത്വം ഉണ്ടാകുന്നത്. സർവ്വത്ര അഴിമതിയുടെയും അനീതിയുടെയും അരാജകത്വത്തിന്റെ സമത്വം!
Post Your Comments