പത്തനംതിട്ട: ഭക്ഷണത്തിന് ചൂടില്ലെന്ന പരാതിയെതുടര്ന്നുണ്ടായ തര്‍ക്കം കലാശിച്ചത് ആള്‍ക്കൂട്ടമര്‍ദനത്തില്‍. പത്തനംതിട്ടയിലെ റാന്നി പൊതമണ്‍ സ്വദേശി ശിവകുമാറിനാണ് നടുറോഡില്‍ മര്‍ദ്ദനമേറ്റത്. ആദ്യം ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റം ഉണ്ടാക്കിയ ശിവകുമാര്‍ പിന്നീട് അതേ ഹോട്ടലില്‍ കഴിക്കാനെത്തിയ തോട്ടമണ്‍ സ്വദേശി ജിജോമോനെ മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ ജിജോമോന് ബോധരഹിതനായി കുഴഞ്ഞ് വീണു.
അതിന് പിന്നാലെ ഹോട്ടല്‍ ഉടമയും ജീവനക്കാരുമടങ്ങുന്ന സംഘം ശിവകുമാറിനെ റോഡിലിട്ട് മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിലെത്തിയ ശിവകുമാര്‍ ഭക്ഷണത്തിന് ചൂട് പോരെന്ന് പരാതിപ്പെടുകയായിരുന്നു. ഇതിനെത്തുടർന്നാണ് വാക്കേറ്റമുണ്ടായത്. മര്‍ദ്ദനത്തില്‍ ശിവകുമാറിന് സാരമായി പരിക്കേറ്റു. മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇരുകൂട്ടരുടെയും പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവകുമാറിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയും ജീവനക്കാരുമടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് റാന്നി പൊലീസ് അറിയിച്ചു.
Post Your Comments