കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയ്ക്കും ഞെട്ടിക്കുന്ന മര്‍ദനമുറകള്‍ക്കുമാണ് ഇരയായതെന്ന് കോളേജിലെ റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്. വിവസ്ത്രനാക്കി ബെല്‍റ്റ് ഉള്‍പ്പെടെ ഉപയോഗിച്ച് ആറുമണിക്കൂര്‍ നീണ്ട മര്‍ദനമാണ് നടന്നത്.
നെഞ്ചില്‍ ചവിട്ടി പിറകോട്ട് തള്ളിയിടുക. കൈവിരല്‍ നിലത്ത് വെച്ച് ചെരിപ്പിട്ട കാല്‍കൊണ്ട് ചവിട്ടിയരയ്ക്കുക, കഴുത്തില്‍ ശക്തിയായി വിരലുകള്‍ അമര്‍ത്തുക, ഒന്നിലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കഴുത്തില്‍ അമര്‍ത്തുക, മുട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുക, അവശനായി വീഴുമ്പോള്‍ വീണ്ടും മര്‍ദനം, അവശതയ്ക്കിടയിലും മുറിയിലെ വെള്ളം തുടപ്പിക്കുക തുടങ്ങിയ ക്രൂരതകളാണ് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 15-ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ഥനെ 16-ന് രാവിലെ ഫോണ്‍വിളിച്ച് കോളേജില്‍ തിരിച്ചെത്തിച്ചു.
പകല്‍ ഹോസ്റ്റല്‍ മുറിയില്‍ തടങ്കലില്‍ പാര്‍പ്പിച്ചു. രാത്രി ഒന്‍പത് മണിക്ക് കാംപസിലെ കുന്നിന്‍ മുകളിലേക്ക് കൊണ്ടുപോയി അഞ്ചു വിദ്യാര്‍ഥികള്‍ ഒരുമണിക്കൂറോളം മര്‍ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയിലെത്തിച്ചു. അടിവസ്ത്രംമാത്രം ധരിപ്പിച്ച് വീണ്ടും മര്‍ദിച്ചു. ഈ സമയം മുറിയില്‍ നിന്ന് കരച്ചിലും ബഹളവും കേട്ടതായാണ് വിദ്യാര്‍ഥികള്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡിന് മൊഴിനല്‍കിയത്. മര്‍ദനശേഷം വലിച്ചിഴച്ച് കോണിപ്പടിയിലൂടെ നടുമുറ്റമായ ഷട്ടില്‍കോര്‍ട്ടിലെത്തിച്ചു. ആള്‍ക്കൂട്ട വിചാരണ എല്ലാവരും കാണാനായി ഉറങ്ങിക്കിടന്നവരെ വിളിച്ചുണര്‍ത്തി.
സിദ്ധാര്‍ഥനോട് പരസ്യമായി മാപ്പുപറയാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ശ്യാം കൃഷ്ണ എന്ന വിദ്യാര്‍ഥി ”നിങ്ങള്‍ ഒന്നും കണ്ടിട്ടില്ല ഒന്നും കേട്ടിട്ടില്ല” എന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി. പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് സിന്‍ജോയും ഭീഷണിപ്പെടുത്തി. പറഞ്ഞാല്‍ തലയുണ്ടാവില്ലെന്ന് സിന്‍ജോയും ഭീഷണിപ്പെടുത്തി. പുലര്‍ച്ചെ ഒന്നേമുക്കാല്‍ വരെ മര്‍ദനം തുടര്‍ന്നു. പിന്നീട് ഡോര്‍മിട്രിയിലേക്ക് കൊണ്ടുവന്നു വീണ്ടും മര്‍ദിച്ചു. തുടർന്ന്, സിദ്ധാര്‍ഥനെ കൃഷ്ണലാല്‍ എന്ന വിദ്യാര്‍ഥിയുടെ മുറിയിലേക്ക് കൊണ്ടുവന്നു. മുറിയില്‍ കഴുത്തറ്റം പുതപ്പിട്ട് മൂടി.
ഭക്ഷണം കൊടുത്തെന്ന് പറയപ്പെടുന്നുണ്ടെങ്കിലും 17-ന് രാവിലെവരെ സിദ്ധാര്‍ഥന്‍ ഭക്ഷണം കഴിക്കുന്നത് ആരും കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വെള്ളം ചോദിച്ചെങ്കിലും വേദനയില്‍ തുള്ളിപോലും ഇറക്കാനായില്ല. 130 കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കൃഷ്ണലാല്‍ എന്ന വിദ്യാര്‍ഥി മാത്രമാണ് 18-ന് സിദ്ധാര്‍ഥന്‍ കുളിമുറിയിലേക്ക് പോവുന്നത് അവസാനമായി കണ്ടതായി മൊഴികൊടുത്തതെന്നും റിപ്പോർട്ടിലുണ്ട്. 18-ന് ഉച്ചയ്ക്ക് 12.30-നും 1.45-നുമിടയിലാണ് സിദ്ധാര്‍ഥന്‍ മരിച്ചത്. വാതില്‍ മുട്ടിനോക്കിയപ്പോള്‍ തൂങ്ങിയ നിലയിലാണ് കണ്ടതെന്നാണ് വിദ്യാര്‍ഥികളുടെ മൊഴി.
മറ്റാരെയെങ്കിലും വിവരമറിയിക്കാന്‍ തയ്യാറാവാത്ത ക്രൂരമായ മൗനമാണ് വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ്, ഹോസ്റ്റല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മൂന്ന് ദിവസം മറ്റുള്ളവരില്‍നിന്ന് വിവരങ്ങള്‍ മറച്ചുവെച്ചു. നാഷണല്‍ ആന്റി റാഗിങ് സെല്ലിന് വിദ്യാര്‍ഥികള്‍ പേരില്ലാതെ നല്‍കിയ പരാതിയില്‍ കോളേജ് ഡീനിനും അസി. വാര്‍ഡനുമെതിരേ ആരോപണങ്ങളുണ്ട്. ഇവര്‍ സംഭവം പുറത്ത് പറയരുതെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. പോലീസ് മൊഴിയെടുക്കുമ്പോള്‍പ്പോലും കോളേജ് അധികൃതര്‍ കൂടെയുണ്ടായിരുന്നു.
അതിനാല്‍ ശരിയായ മൊഴി നല്‍കാന്‍ ഭയപ്പെട്ടു. മൊഴിമാറ്റാന്‍ പ്രതികള്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. സിദ്ധാർഥനെ ചവിട്ടുകയും തൊഴിക്കുകയും ആയുധംകൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തത് സിൻജോ ആണ്. കഴുത്തിൽ വിരൽകൊണ്ട് അമർത്തിപ്പിടിച്ചു.21-ാം നമ്പർ മുറിയിൽ നിന്ന് വലിച്ചിഴച്ച് നടുമുറ്റത്തേക്ക് കൊണ്ടുവന്നു. രണ്ടാമത് മർദ്ദിച്ചത് ആർ എസ് കാശിനാഥൻ ആണ്. ബെൽറ്റ് കൊണ്ട് മൃഗീയമായി മർദിച്ചു. സിൻജോയ്ക്കും അമൽ ഇഹ്‌സാനുമൊപ്പം ഒന്നാം നിലയിലെ മുറിയിൽനിന്ന് നടുമുറ്റത്തേക്ക് വലിച്ചിഴച്ചു. വീട്ടിൽപ്പോയ സിദ്ധാർഥിനെ തിരിച്ചുവിളിച്ചത് ഇ കെ സൗദ് റിസാൽ ആണ്. .ഇയാൾ സിദ്ധാർത്ഥിനെ ക്രൂരമായി മർദിച്ചു.
മറ്റുള്ളവരെ മൃഗീയത കാണാൻ നിർബന്ധിച്ചു. എസ്. കൃഷ്ണലാൽ, അമൽ ഇഹ്‌സാൻ എന്നിവർ ബെൽറ്റ് കൊണ്ട് മർദിച്ചു. മുഴുവൻ വിദ്യാർഥികളെയും ആൾക്കൂട്ട വിചാരണ നടത്തുന്നതും മർദിക്കുന്നതും കാണാൻ നിർബന്ധിച്ചു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തരുതെന്ന് ഭീഷണിപ്പെടുത്തി. അവശതയിലും ഹോസ്റ്റൽ മുറിയിലെ അഴുക്കുവെള്ളം തുടപ്പിച്ചതും ക്രൂരമായി മർദിച്ചതും യൂണിയൻ പ്രസിഡന്റ് കെ അരുൺ ആണ്. മറ്റൊരു പ്രതിയായ ആസിഫ് ഖാൻ ബെൽറ്റ് കൊണ്ട് മർദിച്ചു. മറ്റുള്ളവരെയും മർദിക്കാൻ നിർബന്ധിച്ചു.
Post Your Comments