പാലക്കാട്: ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ വിയോഗത്തില്‍ അഗാധ ദുംഃഖം രേഖപ്പെടുത്തി മുന്‍ പാലക്കാട് എംപി എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. സുഷമ സ്വരാജ് പ്രതിപക്ഷത്തിരുന്നപ്പോഴും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴും സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുത്തെടുക്കുകയാണ് എംബി രാജേഷ്.
പാര്‍ലമെന്റില്‍ എത്തി പരിചയപ്പെടുന്നതിനൊക്കെ മുന്‍പ് തന്നെ രാഷ്ട്രീയമായ ശക്തമായ വിയോജിപ്പിനിടയിലും സദാ പ്രസന്നവദനയായ സുഷമ സ്വരാജിനോട് വ്യക്തിപരമായ ഒരിഷ്ടം തോന്നിയിരുന്നതായി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. വിദ്വേഷത്തിന്റെയും പകയുടെയും ഭാഷ അവര്‍ ഒരിക്കലും ഉപയോഗിക്കാതെ എല്ലാം പക്വതയോടെ നേരിട്ട സുഷമ സ്വരാജിന്റെ അന്ത്യം അകാലത്തിലായിപ്പോയെന്നും അദ്ദേഹം പറയുന്നു.
എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുഷ്മ സ്വരാജിന്റെ വിയോഗം അപ്രതീക്ഷിതമായി. അസുഖ ബാധിതയായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അവര്‍ മരിക്കുമെന്നു കരുതിയതേയില്ല. പത്തു വര്‍ഷത്തെ പാര്‍ലിമെന്ററി പ്രവര്‍ത്തനത്തിനിടയിലുള്ള പരിചയം അവരുമായി ഉണ്ട്.പാര്‍ലിമെന്റില്‍ എത്തി പരിചയപ്പെടുന്നതിനൊക്കെ മുന്‍പേ,രാഷ്ട്രീയമായ ശക്തമായ വിയോജിപ്പിനിടയിലും സദാ പ്രസന്നവദനയായ സുഷ്മ സ്വരാജിനോട് വ്യക്തിപരമായ ഒരിഷ്ടം തോന്നിയിരുന്നു.രണ്ടാം UPA സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ അവരുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു .ഒരു നവാഗത എം.പി എന്ന നിലയില്‍ സുഷ്മ സ്വരാജിന്റെ എല്ലാ പ്രസംഗങ്ങളും കൗതുകത്തോടെയും ജിജ്ഞാസയോടെയും കേട്ടിരുന്നിട്ടുണ്ട്. നല്ല ഹിന്ദിയിലും ഇംഗ്ലീഷിലും ഒഴുക്കോടെ ,മൂര്‍ച്ചയോടെ, നര്‍മ്മത്തോടെയുള്ള പ്രസംഗങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്.പ്രതിപക്ഷനേതാവായിരിക്കുമ്പോഴും പിന്നീട് വിദേശമന്ത്രിയായിരിക്കുമ്പോഴും നിരന്തരം കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് സന്ദര്‍ഭങ്ങള്‍ പ്രത്യേകം ഓര്‍ക്കുന്നു. രണ്ടാം UPA സര്‍ക്കാര്‍ മോട്ടോര്‍ വാഹന അപകട ഇന്‍ഷ്വറന്‍സ് പരമാവധി 10 ലക്ഷമായി പരിമിതപ്പെടുത്തുന്നതടക്കമുള്ള അപകടകരമായ വ്യവസ്ഥകളുള്ള ബില്ല് കൊണ്ടു വന്നപ്പോള്‍ ഞാന്‍ ദോഷകരമായ വ്യവസ്ഥകള്‍ക്കെതിരെ മൂന്ന് ഭേദഗതികള്‍ നല്‍കിയിരുന്നു. രാജ്യസഭ ഈ വ്യവസ്ഥകളോടെ ബില്ല് പാസ്സാക്കിയിരുന്നു. ലോക്‌സഭ കൂടി പാസ്സാക്കിയാല്‍ നിയമമാവും എന്ന സ്ഥിതി. സുഷ്മയോട് സംസാരിച്ച് പ്രതിപക്ഷത്തിന്റെയാകെ പിന്തുണക്ക് ശ്രമിക്കാന്‍ മുതിര്‍ന്ന അംഗം ഭര്‍തൃഹരി മേഹ്താബ് ഉപദേശിച്ചു.ഞാന്‍ സുഷ്മയെ കണ്ട് ഭേദഗതികളേക്കുറിച്ച് വിശദീകരിച്ചു. എന്റെ ഭേദഗതികള്‍ ന്യായമാണെന്ന് പറഞ്ഞ അവര്‍ യശ്വന്ത് സിന്‍ഹയെ കൂടി ചര്‍ച്ചയിലേക്ക് വിളിച്ചുവരുത്തി. ഒടുവില്‍ എന്റെ ഭേദഗതിയെ പിന്തുണക്കാമെന്ന് ഉറപ്പു നല്‍കി.പ്രതിപക്ഷത്തുള്ള എല്ലാ പാര്‍ട്ടികളുടേയും ഇടതുപക്ഷത്തിന്റേയും പിന്തുണയില്‍ ഭേദഗതി വോട്ടിനിട്ടാല്‍ വിജയിക്കില്ലെന്ന് സര്‍ക്കാരിന് മനസ്സിലായി.ബില്ലിന്റെ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മാറ്റി വെച്ചു.മൂന്ന് തവണ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും പാസ്സാക്കാനായില്ല. സുഷ്മാ സ്വരാജിനെ കണ്ട് നന്ദി പറഞ്ഞപ്പോള്‍ വാത്സല്യത്തോടെ പുറത്തു തട്ടി അഭിനന്ദിച്ചു.പൊതു താല്‍പ്പര്യമുള്ള ഇത്തരം കാര്യങ്ങളില്‍ സഹകരിക്കാന്‍ സന്തോഷമേയുള്ളുവെന്ന് പറഞ്ഞു.
വിദേശമന്ത്രിയായപ്പോള്‍ അവരെ കാണാന്‍ സമയം തേടി. ഗള്‍ഫില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂട്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ തേടിയാണ് കാണുന്നത്. 4 മണിക്ക് പാര്‍ലിമെന്റിലെ ഓഫീസില്‍ കാണാമെന്ന അറിയിപ്പു അനുസരിച്ച് അവരേയും കൂട്ടി അവിടെ എത്തിയപ്പോള്‍ മന്ത്രി നേരത്തേ വീട്ടിലേക്ക് പോയി. മന്ത്രിയുടെ പി.എ സി.നെ ഫോണില്‍ വിളിച്ചപ്പോള്‍ ഇന്നിനി കഴിയില്ല. അടുത്തയാഴ്ചയേ പറ്റൂ എന്നായി. നിരാശയും രോഷവും ഞാന്‍ ഫോണിലൂടെ പ്രകടിപ്പിച്ചു. കാറിലിരുന്ന് സംഭാഷണം ശ്രദ്ധിച്ച സുഷ്മാ സ്വരാജ് ഫോണ്‍ വാങ്ങി എന്നോട് അപ്പോള്‍ തന്നെ അവരേയും കൂട്ടി വീട്ടിലേക്ക് വന്നോളാന്‍ പറഞ്ഞു. പത്തു മിനിട്ടിനകം ഞങ്ങള്‍ അവിടെയെത്തി. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചത് ശ്രദ്ധയോടെ കേട്ട അവര്‍ ശിക്ഷ വിധിക്കപ്പെട്ടയാളുടെ ഭാര്യയേയും മറ്റും ആശ്വസിപ്പിച്ചു . സാധ്യമായതൊക്കെ ചെയ്യാമെന്ന് ഉറപ്പു നല്‍കി. അവരോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. ഇറങ്ങാന്‍ നേരം എന്നെ മാറ്റി നിര്‍ത്തിപ്പറഞ്ഞു. ‘ഇതില്‍ സര്‍ക്കാരിനുള്ള പരിമിതി അറിയാമല്ലോ. അതു അവരോട് പറഞ്ഞ് വിഷമിപ്പിച്ചിട്ട് കാര്യമില്ലല്ലോ. അവര്‍ക്കൊപ്പം നില്‍ക്കൂ. ആശ്വസിപ്പിക്കൂ. ഞാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കാം.’ കാര്യക്ഷമതയും മനുഷ്യപ്പെറ്റുമുള്ള മന്ത്രിയായിരുന്നു അവര്‍. എം പി എന്ന നിലയില്‍ ഉന്നയിച്ച ആവശ്യങ്ങളോട് വേഗത്തിലും അനുഭാവത്തോടെയും പ്രതികരിച്ചു. പാലക്കാട്ടെ പാസ്‌പോര്‍ട്ട് ഓഫീസിന്റെ കാര്യത്തില്‍ തടസ്സമുണ്ടായപ്പോള്‍ നേരിട്ട് കണ്ട് പ്രശ്‌നം ബോദ്ധ്യപ്പെടുത്തി. പറഞ്ഞത് ന്യായമായ കാര്യമെന്നും ഇടപെടാമെന്നും ഉറപ്പ്. വൈകാതെ അനുവദിച്ചതായി രേഖാമൂലം അറിയിപ്പും കിട്ടി.
സൗമ്യവും മാന്യവുമായ പെരുമാറ്റം അവരെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി. വിദ്വേഷത്തിന്റെയും പകയുടെയും ഭാഷ അവര്‍ ഒരിക്കലും ഉപയോഗിച്ചു കേട്ടിട്ടില്ല. പലപ്പോഴും സ്വന്തം അനുയായികള്‍ അവരെ അധിക്ഷേപങ്ങളാല്‍ വേട്ടയാടി. എന്നിട്ടും അവര്‍ തന്റെ പക്വമായ ശൈലി കൈവിട്ടില്ല.സുഷ്മാ സ്വരാജിന്റെ മരണം അകാലത്തിലായി.ആ വിയോഗത്തില്‍ ഞാന്‍ അഗാധമായി ദു:ഖിക്കുന്നു.
Post Your Comments