KeralaLatest NewsIndia

ദക്ഷിണ ഡൽഹിയിലെ ഒരു ഫ്ലാറ്റും  സുഷമ സ്വരാജ്  ആദ്യമായി  പങ്കെടുത്ത ബിജെപി യോഗവും 

മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു  

മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണം,  ഒരു സംശയവുമില്ല, ഇന്ത്യക്ക് കനത്ത നഷ്ടമാണ്. ബിജെപിക്ക് അതുണ്ടാക്കുന്ന വിഷമതകൾ, നഷ്ടം പറഞ്ഞറിയിക്കുക വയ്യതാനും. ആ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു. ബിജെപിക്കിത് തുടർച്ചയായ ഇത് നഷ്ടങ്ങളുടെ വിടവാങ്ങലുകളുടെ കാലമാണ്;   എബി വാജ്‌പേയി, എച്ച് അനന്തകുമാർ, മനോഹർ പരീക്കർ …… എല്ലാവരും വിലപ്പെട്ട  നേതാക്കൾ തന്നെ.  സുഷമ സ്വരാജിനെ ഓർക്കുമ്പോൾ കുറെ സ്മരണകൾ ഉണ്ട് മനസ്സിൽ. അവർ ആദ്യമായി എത്തിയ  ബിജെപി യോഗത്തിൽ പങ്കെടുക്കാനുള്ള യോഗം ഉണ്ടായ ഒരാൾ കൂടിയാണ് ഈ ലേഖകൻ. അതിലേക്ക് പിന്നീട് വരാം.

25 -മത്തെ വയസിൽ എംഎൽഎ ആകുക; അതിനൊപ്പം മന്ത്രി പദവും ……. 67 വയസ്സ് വരെ സജീവ രാഷ്ട്രീയം. 42 വര്ഷം തിളങ്ങിനിന്ന വ്യക്തിത്വം. അതിനിടെ പതിനൊന്ന് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു; മൂന്ന് തവണ ഹരിയാനയിൽ എംഎൽഎ, നാലു വട്ടം ലോകസഭാംഗം, രാജ്യസഭയിൽ  മൂന്ന് തവണ. കേന്ദ്ര മന്ത്രി, ലോകസഭയിൽ പ്രതിപക്ഷ നേതാവ്. ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയയായ വിദേശകാര്യ മന്ത്രി. അതാണ്   സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രി പദം  വഹിക്കവെയാണ് ഇനി പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചത്. എന്നാൽ സജീവ രാഷ്ട്രീയത്തിൽ ഉണ്ടാവുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

ALSO READ: ആദ്യം സുഷമ ജിയുടെ പേര്, അതിനു ശേഷം ഞാൻ; ഉമ്മൻ ചാണ്ടിയുടെ വാശിയുടെ പിന്നിലെ കാരണം ഇതാണ്

അടുത്തകാലത്ത് ആരോഗ്യ പ്രശ്നങ്ങൾ സുഷമ സ്വരാജിനെ അലട്ടിയിരുന്നു; കിഡ്‌നി മാറ്റിവെക്കേണ്ടി വന്നു. അത് അവരുടെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചിരുന്നു. അതാണ് തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിച്ചത് എന്നാണ് കരുതേണ്ടത്. എന്നാൽ ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ്  വേളയിൽ പ്രചാരണത്തിനായി അവർ കേരളത്തിൽ, കൊച്ചിയിലും വന്നിരുന്നു……. എന്നാൽ ആരോഗ്യ കാരണങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആൾക്കാരുടെ ചില യോഗങ്ങളിൽ മാത്രമാണ് പങ്കെടുത്തത്….. .. പൊതുസമ്മേളനങ്ങളിൽ കത്തിക്കയറുന്ന സുഷമയെ അന്ന് കേരളത്തിന് കാണാനായിരുന്നില്ല.

സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കുമ്പോൾ സംഭവ ബഹുലമായിരുന്നു നമ്മുടെ വിദേശ രംഗം എന്ന് പറയേണ്ടതുണ്ട്. മലയാളികൾ  അനവധി പ്രശ്നങ്ങൾ അഭിമുഖീകരിച്ച ഒരു  കാലഘട്ടം കൂടിയാണത് . വിദേശത്ത് ജോലിയുള്ള നഴ്‌സുമാരുടെ പ്രശ്നം, ഭീകരർ കയ്യടക്കിയ സിറിയയിലും ഇറാഖിലും മറ്റും ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരുടെ കാര്യമാണ്. അവർ സേവനമനുഷ്ഠിച്ചിരുന്നു ആശുപത്രിയും പ്രദേശവുമൊക്കെ ഐഎസ് ഭീകരർ കയ്യടക്കി. ഒന്നും ചെയ്യാനാവാത്ത അവസ്ഥ. അവിടെയാണ് ഇന്ത്യ ചില  നീക്കങ്ങൾ നടത്തിയത്. അതിൽ കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വളരെ സജീവമായി രംഗത്തുണ്ടായിരുന്നു.

സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇറാഖിലേക്ക് പറന്നുവെന്നും അല്ല, മറ്റെന്തോ മാർഗ്ഗത്തിലൂടെയാണ്  രക്ഷ നടപടികൾ സ്വീകരിച്ചത് എന്നുമൊക്കെ കേട്ടിട്ടുണ്ട്. എന്തായാലും അവരെ എല്ലാം രക്ഷിക്കാനും സ്വദേശത്തു എത്തിക്കാനും കഴിഞ്ഞു. ആ നഴ്സുമാരെയും  ആ പ്രദേശത്തു തങ്ങിയിരുന്ന മറ്റ്‌   ഇന്ത്യക്കാരെയും നാട്ടിൽ  എത്തിക്കാനായി വിദേശകാര്യ സഹ മന്ത്രിയായിരുന്ന വികെ സിംഗിനെ അയച്ചതും ഓർക്കുക. ഉഴുന്നാലിൽ അച്ചൻ മറ്റൊരു ഉദാഹരണമാണ്; ഐഎസുകാരുടെ കയ്യിൽ പെട്ട അച്ചനെ ഇന്ത്യയിലെത്തിക്കുന്നതിൽ സുഷമ സ്വരാജ്ഉം  വിദേശകാര്യ മന്ത്രാലയവും വഹിച്ച പങ്ക് എത്ര പറഞ്ഞാലാണ് മതിയാവുക. ഇതുപോലെ പ്രൊ- ആക്റ്റീവ് ആയിട്ടുള്ള ഒരു വിദേശകാര്യ മന്ത്രി വേറെ ഉണ്ടായിട്ടില്ലതന്നെ.

ALSO READ: ‘ആ വിയോഗത്തില്‍ ഞാന്‍ അഗാധമായി ദു:ഖിക്കുന്നു’; സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എംബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അത് മാത്രമല്ല, ഒരു മെസേജ് അയച്ചാൽ നടപടിയുണ്ടാകും എന്നതായിരുന്നു അക്കാലത്തെ അവസ്ഥ. ട്വിറ്റര് ഹാന്ഡിലിൽ സുഷമയ്ക്ക് ഒരു വിവരം കിട്ടിയാൽ അത് അന്വേഷിക്കപ്പെടും. വിദേശത്തും മറ്റും ജോലി ചെയ്യുന്നവർക്ക് അത് എത്രയോ സഹായകരമായിരുന്നു എന്നത് പറയാതെ വയ്യ. മാത്രമല്ല മന്ത്രി ഈ നിലക്ക്  സക്രിയമായതിനാൽ ഇന്ത്യൻ എംബസികൾക്കും അടങ്ങിയൊതുങ്ങി ഇരിക്കാൻ വയ്യാതായി. അത്തരത്തിൽ നടപടികൾ സ്വീകരിക്കാൻ എംബസികളും തയ്യാറായി എന്നതാണ് ഇക്കാലത്തു നാം കണ്ടത്. ഇപ്പോൾ ആ ചുമതല വഹിക്കുന്ന എസ്‌ ജയശങ്കറും മലയാളിയായ സഹ മന്ത്രി വി മുരളീധരനും ആ പാത പിന്തുടരുന്നുണ്ട് എന്നത് സന്തോഷകരം തന്നെ.

ഞാൻ നേരത്തെ സൂചിപ്പിച്ചുവല്ലോ , സുഷമ സ്വരാജ് ആദ്യമായി പങ്കെടുത്ത ബിജെപി പരിപാടിയിൽ പങ്കെടുക്കാൻ എനിക്കും കഴിഞ്ഞുവെന്ന്. സുഷമ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള ഒരാളാണ്. അങ്ങിനെയാണ് ജനത പാർട്ടിയിലെത്തിയത്. ജനതാപാർട്ടി വിട്ട് ജനസംഘം ഗ്രുപ്പുകാർ 1980 -ൽ ബിജെപി രൂപീകരിക്കുമ്പോഴും സുഷമ ജനതാപാർട്ടിയിൽ തുടർന്നു. അതൊക്കെ കഴിഞ്ഞു ഏതാണ്ട് 1985 അവസാനമാണ്‌  അവർ ബിജെപിയിൽ അംഗമാവുന്നത്.  ദക്ഷിണ ഡൽഹിയിലെ ഒരു ഫ്ലാറ്റിൽ ഭർത്താവിനൊപ്പം താമസം; കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അക്കാലത്താണ് സൗത്ത് ദൽഹി ലോകസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത്. 1984 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടിരുന്നു; ലോകസഭയിലവർക്കുണ്ടായിരുന്നത് വെറും രണ്ടേ രണ്ട്‌ അംഗങ്ങൾ. അതുകൊണ്ട് സൗത്ത് ഡൽഹിയിൽ എങ്ങിനെയും ജയിക്കണം എന്നാഗ്രഹിച്ചു.

അവിടെ തയ്യാറെടുപ്പുകൾ ബിജെപി നേരത്തെ തുടങ്ങുകയും ചെയ്തു. ഡൽഹിയിലെ മുതിർന്ന നേതാവായിരുന്ന കേദാർനാഥ്‌ സാഹ്നിക്കും യുവനേതാവായ പ്രമോദ് മഹാജനുമായിരുന്നു   വികെ മൽഹോത്രയായിരുന്നു ബിജെപി സ്ഥാനാർഥി; കോൺഗ്രസ് രംഗത്തിറക്കിയത് അർജുൻ സിങ്ങിനെയും.  തിരഞ്ഞെടുപ്പിന്റെ ചുമതല. വിവിധ ഭാഷക്കാരുള്ള അവിടെ ആ വിധത്തിൽ പ്രചാരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അങ്ങിനെ എല്ലാ സംസ്ഥാനത്തുനിന്നുമുള്ള ബിജെപി നേതാക്കളെ അവിടെക്കയച്ചു. കേരളത്തിൽ നിന്ന് അതിനുള്ള യോഗമുണ്ടായത് അന്ന് യുവമോർച്ച ദേശീയ ഉപാധ്യക്ഷനായിരുന്ന ഏറ്റുമാനൂർ രാധാകൃഷ്ണനും എനിക്കുമാണ്.

ALSO READ: സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു, എ.കെ. ആന്റണി കുരുന്നുകളെ പേടിച്ചു ദൂരെ മാറിനിന്നു- മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

മലയാളികൾ ഏറെയുള്ള പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങൾക്ക് പ്രമോദ്‌മഹാജൻ  നൽകിയ നിർദ്ദേശം. അവരെ ഒന്നിച്ചുവിളിച്ചു കൂട്ടി കുടുംബ യോഗങ്ങൾ പോലെ നടത്തുക. അങ്ങിനെ അവിടെയുള്ള മലയാളി സുഹൃത്തുക്കൾക്കൊപ്പം  പ്രവർത്തനം തുടങ്ങി. ഒരു ദിവസം വൈകിട്ട് ഒരു ഫ്ലാറ്റിൽ എത്തുമ്പോൾ അവിടത്തെ ബിജെപിയുടെ ചുമതലക്കാരൻ പറഞ്ഞു,  “ഒരു ബിജെപിക്കാരി  ഇവിടെ താമസമാക്കിയിട്ടുണ്ട്. വക്കീലാണ്…..”. ആ ഫ്ളാറ്റിലെ ഞങ്ങളുടെ സംയോജകൻ മലയാളിയല്ല, തമിഴനാണ്; ഡൽഹിയിലെ ഒരു കോളേജ് അധ്യാപകൻ. അങ്ങിനെ അദ്ദേഹത്തെയും കൂട്ടി ഏറ്റുമാനൂർ രാധാകൃഷ്ണനും ഞാനും ആ വനിതാ വക്കീലിന്റെ ഫ്ലാറ്റിലെത്തി. അപ്പോഴാണ് സുഷമ സ്വരാജ് ആണ് അതെന്നറിയുന്നത്. പരിചയപ്പെട്ടു; തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ പറഞ്ഞു.

അപ്പോൾ അവർ നൽകിയ മറുപടി ഒരു നേതാവിന്റേതായിരുന്നു……” ഞാൻ ഇവിടെയുണ്ട്. വാജ്പേയിജിയോ അഡ്വാനിജിയോ വിളിക്കുമ്പോൾ ഞാൻ വരാം………”. അതായത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ഇറങ്ങാൻ അഡ്വാനിജിയോ വാജ്പേയിയോ വിളിക്കുമെന്ന് കരുതി അവർ കാത്തിരിക്കുന്നു. അന്ന് രാത്രി ഞങ്ങൾ പ്രവർത്തനം അവലോകനം ചെയ്യാനായി ഇരുന്നപ്പോൾ ഇക്കാര്യം ഞാൻ പ്രമോദ് മഹാജനോട് പറഞ്ഞു: “അടൽജി ഒന്നും വിളിക്കണ്ട, അവരോട് വോട്ട് പിടിക്കാൻ ഇറങ്ങാൻ പറയു …..”. രണ്ടോ മൂന്നോ ദിവസത്തിനകം ആ ഫ്ലാറ്റിൽ യോഗം നടന്നു; അതിൽ പങ്കെടുക്കാൻ സുഷമ സ്വരാജിനെ വിളിച്ചുകൊണ്ടുവന്നത് ഞാനാണ്. അതിൽ ആദ്യാവസാനം അവർ  പങ്കെടുക്കുകയും ചെയ്തു . അതാവണം അവരുടെ ആദ്യ ബിജെപി യോഗം. അതിൽ സംസാരിച്ചത് ഏറ്റുമാനൂർ രാധാകൃഷ്ണനുമാണ്. പിന്നീട് അനവധി തവണ അവരെ കണ്ടിട്ടുണ്ട്; എന്നും പുഞ്ചിരിയോടെ സൗഹൃദത്തോടെ മാത്രം പെരുമാറിയിരുന്ന  രാഷ്ട്രീയക്കാരിയാണ് അവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button