
തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിക്കാനിടയായ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നൽകിയത് ഒരു പ്രമുഖ പോലീസ് ഉദ്യോഗസ്ഥനെന്ന് സൂചന. മദ്യലഹരിയിലായിരുന്ന ശ്രീറാമിന്റെ രക്ത സാമ്പിളുകൾ ശേഖരിക്കാതെ ഡി.ജി.പിയെ തെറ്റിദ്ധരിപ്പിക്കുകയും കേസിന്റെ തുടക്കം മുതൽ ശ്രീറാമിനെ രക്ഷിക്കാനും ശ്രമിച്ച ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിച്ചതായും അന്വേഷണം ശരിയായ ദിശയിലാണെന്നും ഈ ഉദ്യോഗസ്ഥൻ ഡി.ജി.പിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
അപകട സ്ഥലത്ത് നിന്ന് ശ്രീറാമിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പെട്ടെന്ന് സ്റ്റേഷനിലെത്തിക്കാനും മാധ്യമപ്രവർത്തകരും മറ്റും സംഭവസ്ഥലത്ത് എത്തുന്നതിന് മുൻപ് ടാക്സി വിളിച്ച് യുവതിയെ വീട്ടിലേക്ക് അയക്കാൻ മ്യൂസിയം പൊലീസ് തയ്യാറായതും ഈ ഉദ്യോഗസ്ഥന്റെ നിര്ദേശപ്രകാരമാണെന്നാണ് സൂചന. ജനറൽ ആശുപത്രിയിൽ ശ്രീറാമിനെ വൈദ്യപരിശോധനയ്ക്ക് അയച്ചപ്പോൾ കേസ് ഷീറ്റിൽ ക്രൈം നമ്പർ രേഖപ്പെടുത്താതിരുന്നതിനും മദ്യത്തിന്റെ ഗന്ധമുള്ളതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടും രക്ത സാമ്പിൾ ശേഖരിക്കാൻ ആവശ്യപ്പെടാതിരുന്നതിന് പിന്നിലും ഇദ്ദേഹത്തിന്റെ കാര്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.
Post Your Comments