Latest NewsKerala

തീരത്തടിഞ്ഞത് കൊലയാളിത്തിമിംഗലത്തിന്റെ ജഡം; കേരളത്തില്‍ കണ്ടെത്തുന്നത് ആദ്യമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: പുതുക്കുറിച്ചി ബീച്ചില്‍ അടിഞ്ഞത് കൊലയാളി തിമിംഗലത്തിന്റെ ജഡമാണെന്ന് വിദഗ്ധര്‍. തീരത്തടിഞ്ഞ ജീവിയുടെ ചിത്രങ്ങള്‍ പരിശോധിച്ച കടല്‍ സസ്തനി വിദഗ്ധ ഡോ. ദിപാനി സുതാരിയ, കേരള സര്‍വകലാശാലയുടെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രഫ. ബിജു കുമാര്‍ എന്നിവരാണ് ഇതു കൊലയാളിത്തിമിംഗലം ആണെന്ന് കണ്ടെത്തിയത്. കേരള തീരത്ത് ഇത് ആദ്യമായാണ് കൊലയാളി തിമിംഗലത്തെ കണ്ടെത്തുന്നത്.

തിരുവനന്തപുരത്ത് അടിഞ്ഞത് 12 അടി നീളവും 3 ടണ്‍ ഭാരവും ഉള്ള ആണ്‍ തിമിംഗലം ആണ്. ഇന്ത്യയുടെ മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലും ചില കിഴക്കന്‍ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ തീരക്കടലിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. കടലില്‍ മറ്റു വലിയ ജീവികളായ ഡോള്‍ഫിനുകള്‍, സ്രാവുകള്‍ എന്നിവയെയാണ് ഈ തിമിംഗലങ്ങള്‍ കൊന്നു തിന്നുന്നത്. അതിനാലാണ് ഇവയ്ക്ക് പ്രാചീനസമുദ യാത്രികരും മത്സ്യത്തൊഴിലാളികളുമൊക്കെ കൊലയാളിത്തിമിംഗലം എന്ന പേരു നല്‍കിയത്. എന്നാല്‍ പല്ലുള്ള തിമിംഗലങ്ങള്‍ ആയ ഇവ ഡോള്‍ഫിന്‍ കുടുംബത്തിലെ ഏറ്റവും വലിയ കടല്‍ ജീവിയാണ്.

ഇതോടെ കേരളത്തില്‍ നിന്നു കണ്ടെത്തുന്ന കടല്‍ സസ്തനികളുടെ എണ്ണം 13 ആയി. കടലിലെ ഏറ്റവും വലിയ ഇരപിടിയന്മാരില്‍ ഒന്നായ കൊലയാളിത്തിമിംഗലത്തിന്റെ കേരളത്തിലെ സാന്നിധ്യം അറബിക്കടലിലെ ഇവയുടെ സാന്നിധ്യം മനസ്സിലാക്കാനും ഇവയുടെ ദേശാടനക്രമങ്ങള്‍ തിരിച്ചറിയാനും ഒക്കെയായി പലകാരണങ്ങളാല്‍ പഠനവിഷയം ആകും.

ഉരുണ്ടു നീണ്ട ശരീരവും സ്പഷ്ടമല്ലാത്ത ചെറിയ കൊക്കും ഉയര്‍ന്ന മുതുകുചിറകും വലിയ വീതികൂടിയ മുന്‍കൈകളും (ഫ്‌ലിപ്പറുകള്‍) ഇവയുടെ സവിശേഷതകളാണ്. സാധാരണ മേല്‍വശം തിളങ്ങുന്ന കറുപ്പും ഇടയ്ക്ക് വെള്ളനിറവും ഇവയുടെ പ്രത്യേകതകള്‍ ആണ്. എന്നാല്‍ തിരുവനന്തപുരത്ത് അടിഞ്ഞ ജീവിയുടെ ജഡം ജീര്‍ണിച്ചുതുടങ്ങിയിരുന്നതിനാല്‍ നിറംകൊണ്ട് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ വായ്ക്കുള്ളിലെ ഉറച്ച കൂര്‍ത്തുവളഞ്ഞ 12 ജോഡി പല്ലുകളാണ് ഇവയെ വേര്‍തിരിച്ചറിയാന്‍ സഹായകമായത്.

തീരത്തടിയുന്ന കടല്‍ സസ്തനികളുടെ മാംസ സാംപിളുകള്‍, അളവ്, അസ്ഥികൂടം എന്നിവ ശേഖരിക്കുക വഴി പുതിയ ജനിതക മാപ്പിങ് സംവിധാനം ഉപയോഗിച്ച് ഇവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button