CricketLatest NewsSports

ഡക്ക്‌വര്‍ത്ത് ലൂയിസ് തുണച്ചു; വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് ജയം

ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് ഇന്ത്യ വിജയം കൈവരിത്. മഴ തകര്‍ത്തെറിഞ്ഞ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടര്‍ന്ന് ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യക്കെതിരെ വിന്‍ഡീസിന് ലഭിച്ചത് മോശം തുടക്കമായിരുന്നു. എട്ട് റണ്‍സെടുക്കുന്നതിനിടെ അവരുടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്നും (4), എവന്‍ ലൂയിസും (0) പവലിയനില്‍ തിരിച്ചെത്തി. പിന്നീടെത്തിയ റോവ്മാന്‍ പവലിന് മാത്രമാണ് (54) തിളങ്ങാന്‍ സാധിച്ചത്. നിക്കോളാസ് പൂരന്‍ 19 റണ്‍സെടുത്തു. കീറോണ്‍ പൊള്ളാര്‍ഡ് (8), ഷിംറോണ്‍ ഹെറ്റ്മയേര്‍ (6) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ രണ്ടും വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ALSO READ:വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; അടിമുടി മാറ്റങ്ങൾ

നേരത്തെ രോഹിത് ശര്‍മയുടെ (67) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത്തിന്റെ കരുത്തില്‍ ടീമിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയ്ക്ക് ഇത് പിന്തുടരാന്‍ സാധിച്ചില്ല. മധ്യനിര ഒരു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു. ഒഷാനെ തോമസ്, ഷെല്‍ഡന്‍ കോട്ട്‌റെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ശിഖര്‍ ധവാന്‍ (23), വിരാട് കോലി (28), ഋഷഭ് പന്ത് (4), മനീഷ് പാണ്ഡെ (6) എന്നിവരാണ് പുറത്തായ താരങ്ങള്‍. ക്രുനാല്‍ പാണ്ഡ്യ (20), രവീന്ദ്ര ജഡേജ (9) എന്നിവര്‍ പുറത്താവാതെ നിന്നു. ഓപ്പണര്‍മാരായ രോഹിത്- ധവാന്‍ സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. തുടര്‍ന്ന് കോലിയുമൊത്ത് 48 റണ്‍സും രോഹിത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയ താരങ്ങള്‍ക്ക് ആര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. പരമ്പരയിലെ അവസാന മത്സരം ആറിന് നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button