ലക്നൗ: ഉന്നാവ് കേസിൽ ആരോപണ വിധേയനായ എംഎൽഎ കുൽദീപ് സെൻഗാറിന് ബിജെപിയുടെ യുപി മല്ലാവനിൽ നിന്നുള്ള എംഎൽഎയായ ആശിഷ് സിംഗ് ആശുവിന്റെ പിന്തുണ. പിന്തുണച്ച എംഎൽഎയുടെ അഭിപ്രായ പ്രകാരം കുൽദീപ് സെൻഗാറിന് ഇപ്പോൾ മോശം സമയമാണ്. ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നൊക്കെ പോരാടി തിരിച്ചു വരുമെന്നുമുള്ള ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വളരെ വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനാൽ നമ്മുടെ സഹോദരൻ കുൽദീപ് സിംഗ് ഈയവസരത്തിൽ നമുക്കൊപ്പമില്ല.. നമ്മുടെ ആശംസകൾ അദ്ദേഹത്തിനൊപ്പമുണ്ട്.. ഈ വിഷമഘട്ടങ്ങളോട് പോരാടി അദ്ദേഹം നമ്മൾക്കൊപ്പം തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു’.. എന്നായിരുന്നു ആശിഷ് സിംഗ് ആശുവിന്റെ വാക്കുകൾ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉന്നാവോയിൽ ജയിലിൽ കഴിയുകയാണ് കുൽദീപ്. കേസിൽ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം ഒരാഴ്ച മുൻപ് അപകടത്തിൽപെട്ടതോടെയാണ് ബിജെപി എംഎൽഎ ആയ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായത്. അപകടത്തിന് പിന്നിൽ കുൽദീപിന്റെ ഗൂഢാലോചനയാണെന്ന് ആരോപണം ഉയർന്നതോടെ ജയിലിൽ കഴിയുന്ന ഇയാൾക്കെതിരെ കൊലക്കുറ്റത്തിനും കേസെടുത്തിരുന്നു. വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ ബിജെപിയിൽ നിന്ന് കുൽദീപിനെ പുറത്താക്കുകയും ചെയ്തു. പിന്നാലെയാണ് പിന്തുണ അറിയിച്ച് ആശിഷ് എത്തിയിരിക്കുന്നത്.
Post Your Comments