റോത്തക്ക്: കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലെ കോണ്‍ഗ്രസ്സ് പോസ്റ്ററില്‍ നിന്ന് നെഹ്രു കുടുംബം പുറത്തായി. നെഹ്‌റു കുടുംബത്തിലെ ആരും തന്നെ ഈ പോസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് കോണ്‍ഗ്രസ് ഇപ്പോള്‍ രണ്ടു തട്ടിലാണെന്ന ചര്‍ച്ചകള്‍ക്ക് ബലമേകുന്നത്. സോണിയയുടെയോ രാഹുലിന്റെയോ പ്രിയങ്കയുടെയോ ചിത്രമില്ലാതെയാണ് ഹരിയാനയില്‍ കോണ്‍ഗ്രസ്സിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത്.
ഓഗസ്റ്റ് പതിനെട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയുടെ പോസ്റ്ററില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെയും മകന്‍ ദീപേന്ദര്‍ സിംഗ് ഹൂഡയുടെയും ചിത്രങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. നെഹ്രു കുടുംബത്തിന് പാര്‍ട്ടിയില്‍ സ്വാധീനം നഷ്ടപ്പെടുന്നതിന്റെ സൂചനയായാണ് ഇത്തരത്തിലുള്ള സംഭവങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ആ സ്ഥാനത്തേക്ക് പ്രിയങ്കയെ കൊണ്ടു വരുന്നതിനെതിരെ പാര്‍ട്ടിയില്‍ നീക്കം ശക്തമാണ്. അത്തരം നീക്കങ്ങള്‍ക്കെതിരെ നിലവില്‍ കോണ്‍ഗ്രസ്സിലെ ശക്തനായ നേതാവായ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രംഗത്ത് വന്നിരുന്നു. എന്നാല്‍ നെഹ്രു കുടുംബത്തിന് പാര്‍ട്ടിയിലെ മേല്‍ക്കോയ്മ നഷ്ടപ്പെട്ടാല്‍ പാര്‍ട്ടി പിളരുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നെഹ്‌റു കുടുംബത്തില്‍ നിന്നും ആരും അദ്ധ്യക്ഷസ്ഥാനത്തേക്ക് വരില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
‘കോണ്‍ഗ്രസ് അദ്ധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണ്. തന്റെ വീഴ്ചകള്‍ അംഗീകരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടാണ് ഞാന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അദ്ധ്യക്ഷനെ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കണം’- എന്നും രാഹുല്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments