ലണ്ടന്‍: ബ്രിട്ടിഷ് ഭരണ ചരിത്രത്തില്‍ ആദ്യമായി അവിവാഹിതരായ ‘ദമ്പതിമാര്‍’ ഡൗണിങ് സ്ട്രീറ്റില്‍ താമസം തുടങ്ങി. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട ബോറിസ് ജോണ്‍സന്റെ കാമുകി കാരി സിമോണ്‍സാണു പ്രഥമ വനിതയായി എത്തിയിരിക്കുന്നത്.
55 വയസ്സുള്ള ബോറിസ് ജോണ്‍സന്‍ മുപ്പത്തിയൊന്നുകാരിയായ കാരി സിമോണ്‍സിന്റെ സൗത്ത് ലണ്ടനിലെ ഫ്‌ലാറ്റിലായിരുന്നു കുറെക്കാലമായി താമസം. നമ്പര്‍ 11 ഡൗണിങ് സ്ട്രീറ്റിലെ 4 മുറി ആഡംബര അപ്പാര്‍ട്‌മെന്റിലാവും പ്രധാനമന്ത്രിയും കാമുകിയും താമസിക്കുക.
159,320 കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ രഹസ്യ വോട്ടെടുപ്പില്‍ തീവ്ര വലതുപക്ഷ വാദിയായ ബോറിസ് ജോണ്‍സനു ഹണ്ടിനേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ (92,153) ലഭിച്ചു. ഹണ്ടിനു 46,650 വോട്ടുകളും. 87.4 % അംഗങ്ങള്‍ വോട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതു സംബന്ധിച്ച് 2016 ല്‍ നടത്തിയ ഹിതപരിശോധയില്‍ ബ്രെക്സിറ്റ് അനുകൂല പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ബോറിസ് ജോണ്‍സന്‍ കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ടിരുന്നു.
അലീഗ്രാ ഒവനുമായുള്ള ബോറിസ് ജോണ്‍സന്റെ ആദ്യ ദാമ്പത്യം 1987 മുതല്‍ 6 വര്‍ഷമേ നിലനിന്നുള്ളൂ. പിന്നീട് 1993ല്‍ മറീന വീലറെ വിവാഹം ചെയ്തു. കാല്‍നൂറ്റാണ്ടു നീണ്ട ദാമ്പത്യം കാരി സിമോണ്‍സുമായി ബന്ധം ആരംഭിച്ചതോടെ 2018ല്‍ അവസാനിച്ചു. വിവാഹമോചന നടപടികള്‍ നടക്കുകയാണ്.
Post Your Comments