തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ഷീല ഏറ്റുവാങ്ങി. എന്നും നല്ല സിനിമകളുടെ ഭാഗമായിരിക്കുകയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു തിരശ്ശീലയിലെ മികച്ച സ്ത്രീസാന്നിധ്യമാകാൻ കഴിഞ്ഞ വ്യക്തിയാണ് ജെ.സി ദാനിയേൽ പുരസ്‌കാരം നേടിയ നടി ഷീലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാമൂല്യവും പ്രമേയപുതുമയും പുലർത്തിയവരെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലൂടെ ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പ്രത്യേക അവാർഡ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചു.
2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിൻ ഷാഹിറും പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയൻ, മികച്ച ചിത്രത്തിനുളള പുരസ്‌കാരം കാന്തൻ-ദി ലവർ ഓഫ് കളറിന്റെ സംവിധായകൻ ഷെരീഫ് സി, മികച്ചരണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഒരു ഞായറാഴ്ചയുടെ സംവിധായകൻ ശ്യാമപ്രസാദ് തുടങ്ങിയവർ ഏറ്റുവാങ്ങി.
മലയാള സിനിമയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ചലച്ചിത്രപ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. ആർ.എസ്.പ്രഭു, ടി.ആർ. ഓമന, സി.എസ്. രാധാദേവി, നെയ്യാറ്റിൻകര കോമളം, വിപിൻ മോഹൻ, ശിവൻ, ശ്രീലതാ നമ്പൂതിരി, ലതാ രാജു, ബി. ത്യാഗരാജൻ, രഘുനാഥ് തുടങ്ങിയവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ സാംസ്‌കാരികമന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, വി.എസ്. സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത്, ഒ. രാജഗോപാൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, സാംസ്‌കാരിക ക്ഷേമനിധി ചെയർമാൻ പി. ശ്രീകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർമാൻ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അവാർഡ് വിതരണത്തെത്തുടർന്ന് ‘നവവസന്തം’ എന്ന പേരിൽ പത്തുവർഷത്തെ ചലച്ചിത്രഅവാർഡ് നേടിയ ഗാനങ്ങൾ കോർത്തിണക്കി സംഗീതപരിപാടിയും അരങ്ങേറി.
Post Your Comments