കൊച്ചി: വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ ഹെല്‍മറ്റില്‍ നിന്നും പഴുതാരയെ കണ്ടെത്തി. ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കില്‍ തൂക്കിയിട്ട് യാത്ര ചെയ്തതിന് യുവാവിനെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയിലാണ് മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പഴുതാരയെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കൊച്ചി ഇന്‍ഫോ പാര്‍ക്കിനു സമീപത്തു വച്ചാണ് സംഭവം നടന്നത്. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ യുവാവ് ഹെല്‍മെറ്റ് തലയില്‍ വയ്ക്കാതെ ബൈക്കില്‍ തൂക്കിയിട്ടാണ് യാത്ര ചെയ്തത്. ഇതുകണ്ട് യുവാവിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ തലയില്‍ എന്തോ ഓടിക്കളിക്കുകയാണെന്നും അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഊരി മാറ്റിയതാണെന്നുമാണ് യുവാവ് നല്‍കിയ മറുപടി.
ഇതോടെ ഹെല്‍മറ്റ് പരിശോധിക്കട്ടേ എന്നും, അതിനുള്ളില്‍ നിന്നും ഏതെങ്കിലും ജീവിയെ കണ്ടെത്തയില്‍ പിഴ അടയ്‌ക്കേണ്ടെന്നും ഇല്ലെങ്കില്‍ 1,000 രൂപ പിഴ ഈടാക്കുമെന്നും ഉദ്യാഗസ്ഥര്‍ യുവാവിനോട് പറഞ്ഞു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റില്‍ നിന്നും പഴുതാരയെ കണ്ടെത്തുകയായിരുന്നു. ഇതോടെ യാത്രക്കാരനും ഉദ്യോഗസ്ഥരും ഒരുപോലെ ഞെട്ടി. ഇതോടെ യുവാവ് പറഞ്ഞത് സത്യമാണെന്ന് ഉദ്യാഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു.
തുടര്‍ന്ന് ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്താലുള്ള ഭവിഷ്യത്തുകളെപ്പറ്റി യുവാവിന് ബോധവല്‍ക്കരണം നല്‍കുകയും, ഇനിമുതല്‍ യാത്രക്ക് തൊട്ടുമുമ്പ് ഹെല്‍മറ്റ് വിശദമായി പരിശോധിച്ച ശേഷം തലയില്‍ ധരിക്കണമെന്ന ഉപദേശവും നല്‍കി യുവാവിനെ വിട്ടയച്ചു.
Post Your Comments