ബെംഗുളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ പതനത്തിനു പിന്നാലെ വിമത എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചില പ്രത്യേക താല്‍പര്യക്കാര്‍ തുടക്കം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ലക്ഷ്യം വെച്ചിരുന്നു. അവരുടെ ദുരാഗ്രഹം വിജയിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. കര്‍ണാടകയില്‍ ജനാധിപത്യവും സത്യസന്ധതയും ജനങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘ചില പ്രത്യേക താല്‍പര്യക്കാര്‍ തുടക്കം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ലക്ഷ്യം വെച്ചിരുന്നു. അധികാരത്തിലേക്കുള്ള വഴിയിലെ ഭീഷണിയായാണ് സഖ്യത്തെ അവര്‍ കണക്കാക്കിയത്. അവരില്‍ പുറത്തു നിന്നുള്ളവരും അകത്തുനിന്നുള്ളവരും ഉള്‍പ്പെടുന്നു. അവരുടെ ദുരാഗ്രഹം വിജയിച്ചു. ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടു’-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിലെ ചില എംഎല്‍എമാര്‍ രാജി നല്‍കിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം കുമാരസ്വാമി സര്‍ക്കാരിന്റെ രാജിയില്‍ അവസാനിക്കുകയായിരുന്നു. പതിനാറ് കോണ്‍ഗ്രസ്-ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്ന് ന്യൂനപക്ഷമായ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. 99 എം എല്‍ എമാര്‍ കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 105 എം എല്‍ എമാര്‍ എതിര്‍ നിലപാട് സ്വീകരിച്ചു.
Post Your Comments