MollywoodLatest NewsEntertainment

ന്യൂജെന്‍ നാട്ടു വിഭവം റെഡി…. വെള്ളിയാഴ്ച പോന്നോളു…..

സബിൻ ശശി

“നിനക്കായ് തോഴി പുനർജനിക്കാം….
ഇനിയും ജന്മങ്ങൾ ഒന്നുചേരാം “. ഹൃദയത്തിൽ പ്രണയത്തിന്റെ മാന്ത്രിക സ്പർശമുണർത്തിയ ഗാനരചയിതാവ് ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഈ വരികൾ മലയാളികൾ മറക്കില്ല. പ്രണയത്തിന് ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാത്ത കൊണ്ട് യൂറോപ്പിലും, ഗൾഫിലും തുടങ്ങി ഈ ലോകത്തിന്റെ ഏതു കോണിലുള്ളവർ പോലും ഈ പ്രണയ കവിയുടെ വരികൾ ആസ്വദിക്കുന്നു. തലമുറകൾ എത്ര കഴിഞ്ഞാലും ഈ കവിയുടെ ശുദ്ധ പ്രണയത്തിന്റെ വരികൾ കേൾക്കാതെ ആരും പ്രണയിക്കില്ല എന്ന് ഉറപ്പാണ്.

നോവൽ, മൊഹബത്ത് എന്നീ ഹിറ്റ് സിനിമകൾക്കുശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് ” ചില ന്യൂ ജെൻ നാട്ടു വിശേഷങ്ങൾ”. ഇനി നാലു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ (ജൂലൈ -26) ഈ ചിത്രം തീയറ്ററിൽ എത്തുകയാണ്. ഒരു ഫുൾ ഫാമിലി എന്റർടെയിനറുമായിട്ടാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ ഇത്തവണ എത്തുന്നത്.

ഇതുവരെ വ്യക്തമായി നിർവ്വചിക്കാൻ കഴിയാത്ത പ്രണയമെന്ന മാസ്മരിക അനുഭവത്തെ ഒഴിവാക്കികൊണ്ട് അദ്ദേഹത്തിന് ഒരു കഥ പറയാൻ സാധിക്കില്ല. അതിനാൽ തന്നെ പ്രണയം ഈ സിനിമയിൽ ഒരു മുഖ്യവിഷയമാണ്. അതിലുപരി ആ പ്രണയം ജീവിതത്തിന്റെ പല തലങ്ങളിലേക്കും ചില ന്യൂജെൻ നാട്ടുവിശേഷങ്ങളുടെ കഥയെ കൊണ്ടുപോകുന്നു.

ബാങ്ക് ബാലൻസും, നല്ലൊരു ജോലിയും ഇല്ലാത്ത എന്നാൽ പ്രണയമെന്ന വികാരത്തോട് മുഖം തിരിക്കാനാവാത്ത ഒരു നായകനാണ് സിനിമയിൽ ഉള്ളത്. നിഷ്കളങ്കമായ ആ പ്രണയം സാക്ഷാത്കരിക്കണമെങ്കിൽ അവൻ ചില നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥനാകുന്നു. കാമുകി കാമുകന്മാരുടെ പ്രണയ സാഫല്യത്തിന് വിഘാതമായി എവിടെയും ചില മതിലുകൾ ഉണ്ടാകുന്നതു പോലെ ഈ സിനിമയിലെ നായകന്റെയും, നായികയുടെയും ഇടയിലും ചില തടസ്സങ്ങൾ ഉണ്ട്. ആ തടസ്സങ്ങളെയെല്ലാം തകർത്ത് പരസ്പരം കെട്ടിപ്പുണരാൻ അവർ കാത്തിരിക്കുന്നു.

ഈ സിനിമയിൽ പ്രണയത്തിനെന്നപോലെ നർമ്മത്തിനും വലിയ പ്രാധാന്യമാണുള്ളത്. സുരാജ് വെഞ്ഞാറമൂടും, ഹരീഷ് കണാരനും ചേർന്ന കോംബോ സിനിമയിൽ പൊട്ടിച്ചിരിയുടെ വിസ്മയം തീർക്കുമെന്ന് ഉറപ്പാണ്. മധുരവും, എരിവും, പുളിയും എല്ലാം പാകത്തിന് ചേർന്ന ഒരു സ്പെഷ്യൽ ന്യൂജെൻ നാട്ടു വിഭവമാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ ഇത്തവണ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് വിജയൻ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ഏതൊരു പ്രേക്ഷകനും ആഗ്രഹിക്കുന്നത് കവിത തുളുമ്പുന്ന വരികളാണ്. ഇദ്ദേഹത്തിന്റെ വരികൾക്ക് എം.ജയചന്ദ്രൻ ഈണമിട്ട അഞ്ചുപാട്ടുകളാണ് സിനിമയിൽ ഉള്ളത്. ഇതിൽ മൂന്നു പാട്ടുകൾ വിശ്വ പ്രണയത്തിന്റെ തീവ്ര ഭാവത്തിലുടെ കടന്നു പോകുന്നു.
ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന മനോഹര ഗാനവും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

എസ്.എൽ പുരം ജയസൂര്യ തിരക്കഥയൊരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അനിൽ നായരാണ്. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. ബോബൻ കലാ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട് ആണ്. ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങളുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ഈ വെള്ളിയാഴ്ച കുടുംബ സമേതം തീയറ്ററിൽ വന്നാൽ മതി. ഒരു ന്യൂ ജെൻ നാട്ടു വിഭവം അവിടെ റെഡിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button