20 ദിവസത്തിനിടെ രാജ്യത്തിന് വേണ്ടി അഞ്ച് സ്വര്‍ണ മെഡലുകള്‍ ഓടിയെടുത്ത ഇന്ത്യന്‍ അത്‌ലറ്റിക് താരം ഹിമ ദാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ഇനിയും കഠിനാധ്വാനം ചെയ്യുമെന്നും കൂടുതല്‍ മെഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും മോദിയുടെ അഭിനന്ദനത്തിന് ഹിമ മറുപടി നല്‍കി. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റോയില്‍ നടന്ന മത്സരത്തില്‍ ഇഷ്ടയിനമായ 400 മീറ്ററിലാണ് ഹിമ അവസാനത്തെ സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡില്‍ ഹിമ മത്സരം പൂര്‍ത്തിയാക്കി. ജൂലൈ രണ്ടിന് ശേഷം ഹിമ നേടുന്ന അഞ്ചാം സ്വര്‍ണമാണിത്.
ജൂലൈ രണ്ടിന് പോളണ്ടിലായിരുന്നു ഹിമയുടെ ആദ്യ സ്വര്‍ണം. 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ പത്തൊമ്പതുകാരി സ്വര്‍ണം നേടി. ഏഴിന് പോളണ്ടിലെ തന്നെ കുട്നോ അത്ലറ്റിക്സ് മീറ്റിലെ 200 മീറ്ററിലും ഹിമ സ്വര്‍ണം നേടി. 23.92 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്. ആറ് ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്നോ അത്ലറ്റിക് മീറ്റിലും സ്വര്‍ണം. ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡ്. പിന്നാലെ ബുധനാഴ്ച ടബോര്‍ അത്ലറ്റിക് മീറ്റിലും അസമുകാരി സ്വര്‍ണം നേടി.
ഞായറാഴ്ചയാണ് ഹിമയെ അഭിനന്ദിച്ച് മോദി ട്വീറ്റ് ചെയ്തത്. ”കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അസാമാന്യ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഹിമ ദാസില്‍ രാജ്യം അഭിമാനിക്കുന്നു. വിവിധ ടൂര്‍ണമെന്റുകളിലായി ഹിമ നേടിയതത് അഞ്ച് സ്വര്‍ണ മെഡലുകളാണ്. എല്ലാവര്‍ക്കും സന്തോഷിക്കാന്‍ ഇത് വക നല്‍കുന്നുണ്ട്. അഭിനന്ദനങ്ങളും ആശംസയും.” – ഇങ്ങനെ ആയിരുന്നു മോദിയുടെ ട്വീറ്റ്. ഇതിന് ഹിമ നല്‍കിയ മറുപടി രാജ്യത്തിന്റെ പ്രതീക്ഷകള്‍ നെഞ്ചിലേറ്റിയ ഒരു തികഞ്ഞ കായിക താരത്തിന്റേതായിരുന്നു. ”നരേന്ദ്ര മോദി സര്‍, താങ്കളുടെ ആശംസയ്ക്ക് നന്ദി. ഞാന്‍ ഇനിയും കഠിനാധ്വാനം ചെയ്യും. രാജ്യത്തിന് വേണ്ടി കൂടുതല്‍ മെഡല്‍ നേടും.”
2000 ജനുവരി ഒമ്പതിന് അസമിലെ നഗാവോനിലാണ് ഹിമ ദാസ് ജനിച്ചത്. ജോമാലി- റോന്‍ജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളില്‍ ഏറ്റവും ഇളയതാണ് ഹിമ. നെല്‍പാടങ്ങള്‍ക്കിടയിലെ കളിയിടങ്ങളില്‍ തന്റെ സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചാണ് ഹിമ കായികരംഗത്തേക്കെത്തുന്നത്.
Thank you @narendramodi sir for your kind wishes. I will continue to work hard and bring more medals for our country. https://t.co/wR8uXR1CL0
— Hima (mon jai) (@HimaDas8) July 21, 2019
Post Your Comments