കോട്ടയം: ചെക്ക് റിപ്പബ്‌ളിക്കിലെ മദ്യകുപ്പികളില്‍ അച്ചടിച്ച ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കാന്‍ ഇന്ത്യ നയതന്ത്രനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കര്‍, സഹമന്ത്രി വി.മുരളീധരന്‍, ഇന്ത്യയിലെ ചെക്ക് റിപ്പബ്‌ളിക് അംബാസിഡര്‍ മിലന്‍ ഹോവര്‍ക്ക, ചെക്ക് റിപ്പബ്‌ളിക്കിലെ ഇന്ത്യന്‍ അംബാസിഡര്‍ നരീന്ദ്രര്‍ ചൗഹാന്‍, സഞ്ജയ് സിംഗ് എം പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
മദ്യക്കുപ്പിക്കളില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ ചിത്രം ദേശീയപതാകയുടെ നിറമായ ത്രിവര്‍ണ്ണ പശ്ചാത്തലത്തില്‍ പതിപ്പിച്ച് മഹാത്മാ എന്നു പേര് നല്‍കിയിരിക്കുന്നത് അനുചിതവും അവഹേളനപരവുമാണെന്ന് വ്യക്തമാക്കി ചെക്ക് റിപ്പബ്‌ളിക് പ്രധാനമന്ത്രി ആന്‍ഡ്രെജ് ബാബെയ്‌സി (അിറൃലഷ യമയമശ)െനും എബി ജെ. ജോസ് പരാതി അയച്ചിട്ടുണ്ട്. ഈ മദ്യഉത്പന്നത്തിന്റെ പരസ്യം ചെക്ക് റിപ്പബ്‌ളിക്കില്‍ പ്രദര്‍ശിപ്പിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയില്‍ 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് ,1950ലെ നെയിംസ് ആന്റ് എംബ്‌ളംസ് ആക്ട് എന്നീ നിയമങ്ങളില്‍ അനുശാസിക്കുന്നുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്യത്തിനെതിരെ ജീവിതത്തിലുടനീളം കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. ഗാന്ധിജി പ്രഖ്യാപിച്ച 18 ഇന പദ്ധതികളില്‍ ഒന്നായിരുന്നു മദ്യവര്‍ജ്ജനം. താന്‍ ഇന്ത്യയുടെ ഭരണാധികാരിയായാല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ മദ്യ ഉത്പന്നത്തിന്റെ പ്രചാരകനാക്കിയത് അപമാനകരമാണ്. ഇന്ത്യയൊട്ടാകെ ഗാന്ധിജിയുടെ നൂറ്റിഅന്‍പതാം ജന്മവാര്‍ഷികം ആചരിക്കുകയാണ്. അഹിംസാസമരപാതയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഗാന്ധിയെ മദ്യ പ്രചാരകനാക്കി ചിത്രീകരിച്ച പിവോവര്‍ ക്രിക് (Pivovar Chric) എന്ന മദ്യകമ്പനി ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയെ മഹത്വവല്‍ക്കരിക്കുന്ന വാക്കുകളാണ് ഇതോടൊപ്പം പുറത്തിറക്കിയിട്ടുള്ളത്. ഇത് സ്വാതന്ത്ര്യസമര നേതാവിനോടുള്ള കടുത്ത അനാദരവാണെന്നും ചെക്ക് റിപ്പബ്‌ളിക് പ്രധാനമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ടൂറിസ്റ്റുകള്‍ ചെക്ക് റിപ്പബ്‌ളിക് സന്ദര്‍ശിച്ചപ്പോഴാണ് ഗാന്ധിജിയോടുള്ള അനാദരവ് ശ്രദ്ധയില്‍പ്പെട്ടതെന്നും 2018ല്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പുറത്തിറക്കിയ ഗാന്ധിജിയുടെ ചിത്രത്തോടു കൂടിയ ബിയര്‍ ഇപ്പോഴും ചെക്ക് റിപ്പബ്‌ളിക്കിലെ വിപണികളില്‍ ലഭ്യമാണെന്നറിയാന്‍ സാധിച്ചെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഗാന്ധിജിയുടെ 150ആം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി അദ്ദേഹത്തോടുള്ള ആദരവിനായി ചെക്ക് റിപ്പബ്‌ളിക്ക് ഗാന്ധിജിയുടെ ചിത്രത്തോടുകൂടിയ പ്രത്യേക സ്റ്റാമ്പ് ഇക്കഴിഞ്ഞ ജൂണ്‍ 26 നു പുറത്തിറക്കിയ കാര്യവും കത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയും ചെക്ക് റിപ്പബ്‌ളിക്കും തമ്മിലുള്ള ഊഷ്മളമായ ബന്ധം അക്കമിട്ടു വിവരിക്കുന്ന കത്തില്‍ അടിയന്തിരമായി ഇന്ത്യന്‍ രാഷ്ട്രപിതാവ് ഗാന്ധിജിയോടുള്ള അനാദരവ് ഒഴിവാക്കാന്‍ ബിയര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്നു.
റഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും ബിയര്‍ കുപ്പികളില്‍ ഗാന്ധിജിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഇപ്പോള്‍ ഇവ വിപണിയില്‍ ലഭ്യമല്ല എന്നാണറിയാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ ബിയര്‍ വില്‍ക്കുന്ന വെബ് സൈറ്റുകളില്‍ ഇതു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിപണിയില്‍ ലഭ്യമാകുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്നും ഈ സൈറ്റുകള്‍ പറയുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇസ്രായേലില്‍ മദ്യകമ്പനി മഹാത്മാഗാന്ധിയുടെ ചിത്രം ബിയര്‍ കുപ്പിയില്‍ അച്ചടിച്ചതിനെതിരെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങിയവര്‍ക്ക് എബി ജെ. ജോസ് പരാതി നല്‍കുകയും ഇക്കാര്യം ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് രാജ്യസഭയില്‍ ഉന്നയിക്കുകയും ചെയ്തിതിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍മൂലം ഇസ്രായേല്‍ മദ്യകമ്പനി ഖേദം പ്രകടിപ്പിച്ച് ബിയര്‍ കുപ്പികളില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയിരുന്നു.
പത്രസമ്മേളനത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്, ജനറല്‍ സെക്രട്ടറി സാംജി പേഴേപറമ്പില്‍, ഉപദേശക സമിതി അംഗം ജയശങ്കര്‍മേനോന്‍, ഭാരവാഹികളായ ബിനു പെരുമന, ബേബി സൈമണ്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments