KeralaLatest News

കലാഭവൻ സോബി നൽകിയത് കള്ള മൊഴി; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു

കൊച്ചി: ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി നൽകിയത് കള്ള മൊഴിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കലാഭവൻ സോബി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് 18 പുറത്തുവിട്ടു.

സംഭവ സ്ഥലത്ത് കലാഭവൻ സോബി കണ്ടു എന്ന് മൊഴി നൽകിയ ജിഷ്ണുവും വിഷ്ണുവും ഉണ്ടായിരുന്നില്ലെന്നതിന് തെളിവായി ഫോൺ ലൊക്കേഷനുകളും പാസ്പോർട്ട് രേഖകളും ഉണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

ബാലഭാസ്ക്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കാരണം അശ്രദ്ധവും അമിത വേഗത്തിലുമുളള ഡ്രൈവിങ്ങാണെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ഇതിന് തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സംഭവ സമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നത് കണ്ടെത്തുക മാത്രമാണ് ഇനി അന്വേഷണത്തിന്റെ ലക്ഷ്യമെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

അമിത വേഗം ഒഴിച്ച് അസാധാരണമായ ഒന്നും സംഭവ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയിട്ടുണ്ട്. അസ്വാഭാവികമായ ഒന്നുമുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തിന് അടുത്ത് താമസിക്കുന്നവരുടെ മൊഴിയിലും വ്യക്തമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

കലാഭവൻ സോബിക്ക് ഭീഷണിയുണ്ടെന്ന വാദവും കളവാണ്. ജീവന് ഭീഷണിയുണ്ടെന്ന് സോബി ഒരിക്കലും ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടില്ല. മൊഴി നൽകിയ ശേഷം ഒരിക്കൽ പോലും ക്രൈംബ്രാഞ്ചിനെ വിളിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button