അലിഗഡ്: സ്കൂളിലെ പൈപ്പില്‍ നിന്നും മലിനജലം കുടിച്ചതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് 52 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
അലിഗഡിലെ സലഗവാന്‍ എന്ന ഗ്രാമത്തിലെ ഒരു സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കുട്ടികള്‍, ഹാന്‍ഡ് പമ്പിലൂടെ വരുന്ന വെള്ളമെടുത്ത് പതിവ് പോലെ കുടിക്കുകയായിരുന്നു. എന്നാല്‍ വെള്ളം കുടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വൈകാതെ ക്ഷീണവും തലകറക്കവും ഉണ്ടായി.
ഉടന്‍ തന്നെ കുട്ടികളെ അടുത്തുള്ള പ്രാഥമിക ചികിത്സാകേന്ദ്രത്തിലെത്തിച്ചെങ്കിലും വൈകാതെ രണ്ട് പേര് മരണമടയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള 52 കുട്ടികളുടെയും നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളം അപകടകരമായ രീതിയില്‍ മലിനമാവുകയും, അത് കുടിച്ചതോടെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ചെയ്യുകയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആദ്യമറിയിച്ചത്. എന്നാല്‍ ജീവന് അപകടപ്പെടുത്തും വിധത്തില്‍ കുടിവെള്ളം മലിനമാകണമെങ്കില്‍ അതിന് തക്കതായ കാരണങ്ങള്‍ കാണുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തണമെന്നും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു. ഇതെത്തുടര്‍ന്ന് വിദഗ്ധരായ ഡോക്ടര്‍മാരടങ്ങുന്ന, ആരോഗ്യ വകുപ്പ് സംഘം ഗ്രാമത്തിലെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments