തിരുവനന്തപുരം: മകളെ ഡോക്ടറാക്കണമെന്നായിരുന്നു ലോറി ഡ്രൈവറായ ആ പിതാവിന്റെ സ്വപ്നം. എന്നാല്‍ പഠനത്തിന് വായ്പയ്ക്കായി സമീപിച്ചപ്പോള്‍ പുരയിടം ഇരിക്കുന്നത് വാഹനം പോകുന്ന വഴിയല്ല എന്ന കാരണത്തില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചു. പക്ഷെ, ആ പിതാവിന്റെ സങ്കടത്തിന് ഒടുവില്‍ ഭാഗ്യദേവത കാരുണ്യം ചൊരിഞ്ഞു. ആര്യനാട് ചാങ്ങ, ചെറുകുളം കട്ടക്കാല്‍ വീട്ടില്‍ ബിജുകുമാറി(46)നാണ് പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ആശ്വാസ വര്‍ഷം ചൊരിഞ്ഞ് വ്യാഴാഴ്ചത്തെ കാരുണ്യ ഫലം വന്നത്.
ലോട്ടറി ഫലം വന്നപ്പോള്‍ ടിപ്പര്‍ ലോറിയുടെ ഉടമസ്ഥനായ മോഹനനാണ് ആദ്യം വിളിച്ചത്. തനിക്ക് 8000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ബിജുവിന്റെ കൈവശമുള്ള ലോട്ടറി പരിശോധിക്കാനും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ വിളിച്ചു ലോട്ടറി നോക്കാന്‍ പറഞ്ഞു. നമ്പര്‍ കേട്ട് തനിക്കും 8000 ലഭിച്ചുവെന്ന് കരുതി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 8000 അല്ല 80 ലക്ഷമാണെന്ന സത്യം ബിജുവറിയുന്നത്. ബിജുവെടുത്ത PY 218838 എന്ന ടിക്കറ്റിനാണ് കാരുണ്യയുടെ ഒന്നാം സമ്മാനം അടിച്ചത്.
ഉടന്‍ തന്നെ മറ്റ് രേഖകളുമായി ബാങ്കിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ നല്‍കി. ബിജുവിന്റെ മൂന്ന് പെണ്‍മക്കളും നന്നായി പഠിക്കും. മൂത്തമകള്‍ ചന്ദന എംബിബിഎസിനും, രണ്ടാമത്തെ മകള്‍ ഡിഗ്രിക്കും, മൂന്നാമത്തെ മകള്‍ നന്ദന പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. ഭാര്യ കുശാല കുമാരി അസുഖബാധിതയാണെങ്കിലും തൊഴിലുറപ്പിന് പോകുന്നുണ്ട്. ടിപ്പര്‍ ഓടിച്ച് കിട്ടുന്ന വരുമാനമാണ് ബിജുവിന്റെ അമ്മ സത്യഭാമയുള്‍പ്പടെയുള്ള ഈ കുടുംബത്തിന്റെ ഏറെ ആശ്രയം.
പത്താം ക്ലാസില്‍ മികച്ച വിജയം നേടിയവരാണ് മൂന്ന് മക്കളും. അതുകൊണ്ട് അവരുടെ ഇഷ്ടം അനുസരിച്ച് പരമാവധി വിദ്യാഭ്യാസം നല്‍കണമെന്ന ആഗ്രഹത്താലാണ് ബാങ്കുകളെ സമീപിച്ചത്. കാര്യം നടക്കില്ലെന്ന് അറിയാമെങ്കിലും ദൈവം കൈവിടില്ലെന്ന വിശ്വാസമാണ് അന്ന് തന്നെ ബാങ്കുകളുടെ മുന്നിലെത്തിച്ചതെന്നും ബിജു പറഞ്ഞു. പഠനത്തിന് ലക്ഷങ്ങള്‍ ചിലവ് വരുമെന്നറിഞ്ഞിട്ടും 1800 നുള്ളില്‍ എംബിബിഎസ് പ്രവേശന പരീക്ഷയില്‍ റാങ്ക് ലഭിച്ച മകളെ പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആകെയുള്ള ഏഴു സെന്റ് പണയപ്പെടുത്തി വീട് വച്ചതും ദുരിതത്തിനിടയിലും മക്കള്‍ക്ക് പഠിക്കാന്‍ സാഹചര്യം ഒരുക്കാനായതുമാണ് ഏക സമാധാനമെന്ന് ബിജു പറയുന്നു. ഏഴ് വര്‍ഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ബിജുവിന് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്. ബാങ്കുകള്‍ കൈയൊഴിഞ്ഞെങ്കിലും ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചത് മക്കളുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ബിജു പറയുന്നു.
Post Your Comments