ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് ഇരുപത്തിനാല് മണിക്കൂര്‍ സഹായവുമായി യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടന രംഗത്ത്. ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുമായാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. അഭിഭാഷകരുടെ കൂട്ടായ്മ വഴിയും ആക്രമണത്തിനിരകളാകുന്നവര്‍ക്ക് സംഘടന സഹായം ലഭ്യമാക്കും.
വിവിധ സംഘടന പ്രതിനിധികള്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹി പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ഇതിനായി തയ്യാറാക്കിയ ഹെല്‍പ് ലൈന്‍ നമ്പറിന്റെ പ്രകാശനം നിര്‍വഹിച്ചു. സ്വത്വം കാരണം ആക്രമിക്കപ്പെടുന്ന മുസ്ലിം, ക്രിസ്ത്യന്‍, ദളിത് വിഭാഗങ്ങള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്കും സഹായം ലഭ്യമാക്കും. 1800 313 360 000 എന്നതാണ് ഹെല്‍പ് ലൈന്‍ നമ്പര്‍.
ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടും ഗോ സംരക്ഷണത്തിന്റെ പേരിലും രാജ്യത്ത് ഹിന്ദുത്വ വാദികളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനുമായി ഡല്‍ഹി ആസ്ഥാനമായ യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന സംഘടന രംഗത്തെത്തിയത്.ആക്രമണത്തിനിരയാകുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി രാജ്യത്തുടനീളം അഭിഭാഷകരുടെ ശ്രംഖലയും സംഘടന രൂപീകരിച്ചിട്ടുണ്ട്.
Post Your Comments