മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ കൊമ്പും കൊണ്ടാണ് ആക്രമിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. 12 മണി മുതൽ 2.30 വരെ ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം. കൈകൾ പുറകിലേക്ക് കെട്ടി രണ്ടു മണിക്കൂറിലധികം സമയമാണ് രാജേഷ് മാഞ്ചിയെ നാട്ടുകാർ അതിക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിൽ ഒൻപത് പേര് പോലീസ് അറസ്റ്റ് ചെയ്തു. കീഴിശ്ശേരി സ്വദേശികളും വരുവള്ളി പിലാക്കൽ വീട്ടിൽ അലവിയുടെ മക്കളുമായ മുഹമ്മദ് അഫ്സൽ, ഫാസിൽ , ഷറഫുദ്ദീൻ , കിഴിശ്ശേരി തവനൂർ സ്വദേശികളായ മെഹബൂബ് ,അബ്ദുസമദ് , നാസർ , ഹബീബ് ,അയ്യൂബ് ,സൈനുൽ ആബിദ് എന്നിവരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയത്. ഇവർക്ക് എതിരെ കൊലക്കുറ്റം, കുറ്റകരമായ സംഘം ചേരൽ, അക്രമം തുടങ്ങി വിവിധ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്.
ആക്രമണത്തിൽ യുവാവിന് നെഞ്ചിലും വാരിയെല്ലുകളിലും ഇടുപ്പിലും ഗുരുതര പരിക്കുകൾ സംഭവിച്ചു. ആന്തരിക അവയവങ്ങൾക്കേറ്റ മർദ്ദനമാണ് മരണകാരണം. മർദ്ദനത്തെ തുടർന്നുള്ള പരിക്കുകൾ ആണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി മലപ്പുറം എസ് പി സുജിത്ത് ദാസ് എസ് ഐപിഎസ്. പറഞ്ഞു. പന്ത്രണ്ടാം തീയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ രാജേഷ് മാഞ്ചിയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഇയാൾ മോഷണത്തിന് എത്തിയതാണെന്ന് പറയുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല.
രാജേഷിനെ കെട്ടിയിട്ട് മർദ്ദിച്ച ശേഷം സ്ഥലത്തെ ഒരു പൊതുപ്രവർത്തകനെ വിവരമറിയിച്ചു. തുടർന്നാണ് പോലീസ് എത്തിയത്. ആംബുലൻസിൽ രാജേഷ് മാഞ്ചിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ക്യാമറകൾ ദൃശ്യങ്ങൾ നശിപ്പിക്കാനും പ്രതികൾ ശ്രമം നടത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്നവരുടെ എല്ലാവരുടെയും മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
Post Your Comments