മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബര്‍. യൂട്യൂബില്‍ എംസി മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്.
Read Also: പാനൂര്‍ സ്ഫോടനം: 4 പേര്‍ കസ്റ്റഡിയിൽ, ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി
പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു മര്‍ദിച്ചതാണ് അശോക് ദാസിന്റെ മരണത്തിന് കാരണം. കേസില്‍ അറസ്റ്റിലായവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു മുന്‍ പഞ്ചായത്ത് മെമ്പറും കേസില്‍ പ്രതിയാണ്. അശോക് ദാസിനെ പ്രതികള്‍ കെട്ടിയിട്ട് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കേസായതോടെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കും.
മുവാറ്റുപുഴ താലൂക്കിലെ വാളകം കവലയിലാണ് സംഭവമുണ്ടായത്. ഇവിടെയുള്ള ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പ് തൂണില്‍ വ്യാഴാഴ്ച്ച രാത്രി അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാവിലെ വിദഗ്ധ ചികിത്സയ്ക്കായി ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇയാള്‍ക്കൊപ്പം ഹോട്ടലില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ വീട്ടില്‍ രാത്രിയെത്തിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. പെണ്‍ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Post Your Comments