യുണിവേഴ്സ്റ്റി കോളജിലെ കത്തികുത്ത് സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇത്തരം കലാപങ്ങളൊന്നുമില്ലാതിരുന്ന കലാലയകാലത്തെക്കുറിച്ച് ഓര്‍ക്കുകയാണ് മലയാളം അധ്യാപികയായ കെ.ആര്‍.ശ്രീല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ശ്രീല തോളില്‍ കൈയ്യിട്ടു നടക്കുന്ന കെഎസ്യുക്കാരെയും എസ്എഫ്‌ഐക്കാരെയും കുറിച്ച് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
33 വര്‍ഷം മുമ്പ് എന്റെ രാജകീയ കലാലയം ഇങ്ങനെ ആയിരുന്നുവോ ?
വിദ്യാര്‍ത്ഥി രാഷ്ട്രീയം കലാപകലുഷിതമാക്കിയ ഇന്നത്തെ യൂണിവേഴ്‌സിറ്റി കലാലയത്തെ 33 വര്‍ഷങ്ങള്‍ക്ക് അപ്പുറത്തു നിന്ന് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒന്നു നോക്കി കാണുകയാണ് ഞാന്‍!
അന്നും സമരങ്ങള്‍ കോളേജില്‍ കോളിളക്കം ഉണ്ടാക്കിയിട്ടുണ്ട് .ടി .ജെ .ആഞ്ചലോസിനേയും ബോസ് എന്നു വിളിയ്ക്കുന്ന സതീഷിനെയും തല്ലിച്ചതച്ചത് കൂട്ടുകാരായിരുന്നില്ല. പോലീസുകാരായിരുന്നു. യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിനു മുന്‍പിലൂടെ വലിച്ചിഴച്ചും തലയില്‍ ചവിട്ടിയും തല തല്ലിത്തകര്‍ത്തും പോലീസ് ആഞ്ചലോസിന്റെ ശരീരത്തില്‍ സംഹാര താണ്ഡവമാടുന്നതുകണ്ട് ഒരു പാര്‍ട്ടിയോടും അനുഭാവമില്ലാത്ത ഞങ്ങള്‍ പെണ്‍കുട്ടികള്‍ പോലും വാവിട്ടു കരഞ്ഞുപോയി.
ഒളിഞ്ഞിരുന്ന് കല്ലെറിയുന്ന കെ.എസ്.യുക്കാരും എസ്സ്.എഫ്.ഐക്കാരും ക്ലാസ്സ്‌മേറ്റ്‌സ് സിനിമയിലെന്ന പോലെ ഇലക്ഷന്‍ സമയത്തുമാത്രമാണ് വാശിയേറിയ മത്സരവുമായി അരങ്ങു തകര്‍ക്കുന്നത്. അല്ലാത്തപ്പോഴെല്ലാം തോളില്‍ കൈയ്യിട്ടു നടക്കുന്ന അവരെ കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
കലാസാംസ്‌കാരിക വേദിയായിരുന്ന ഈ കലാലയം നാടകോത്സവങ്ങളും കവിയരങ്ങുകളും ചലച്ചിത്രോത്സവവും സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു.എന്നു മാത്രമല്ല ആയുധപ്പുരയും ഇടിമുറിയും അന്നൊന്നും ഈ കലാലയത്തില്‍ ഉണ്ടായിരുന്നില്ല. മദ്യപിക്കുന്നവര്‍ ഉണ്ടാകാം; പക്ഷേ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്ന സഹപാഠികള്‍ നന്നേ കുറവ്. ഗ്രന്ഥാലയവും ക്യാന്റീനും ഒന്നും ഞങ്ങള്‍ക്ക് അപ്രാപ്യമായിരുന്നില്ല.
അന്നത്തെ അതിപ്രശസ്തരായ അധ്യാപകര്‍ പന്മന രാമചന്ദ്രന്‍ സാര്‍ ,ജി.സുധാകരന്‍ ,ദേശമംഗലം രാമകൃഷ്ണന്‍, ഡി.വിനയചന്ദ്രന്‍ ,വി .പി .ശിവകുമാര്‍ ,ഡോ.നരേന്ദ്രപ്രസാദ് ,നടുവട്ടം ഗോപാലകൃഷ്ണന്‍ ,തുടങ്ങിയവരെയൊക്കെ അതീവ ബഹുമാനത്തോടെ സൗഹൃദത്തോടേ ആദരിച്ച ശിഷ്യ പരമ്പരയില്‍ പലരും ഇന്ന് അതിപ്രശസ്തരാണ്.
ഡോ.ജനാര്‍ദ്ദനന്‍ ,അന്‍വര്‍ അലി ,പി.കെ.രാജശേഖരന്‍ ,പി.ഗോവിന്ദപ്പിള്ളയുടെ മകള്‍ പാര്‍വ്വതി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം!
പഠിത്തത്തില്‍ ബഹു സമര്‍ത്ഥരായ കുട്ടികളും അവരെ രൂപപ്പെടുത്തിയെടുത്ത ഗുരുക്കന്‍മാരും പ്രശസ്തമാക്കിയ കലാലയത്തില്‍ പഠിക്കാന്‍ സാധിച്ചതു തന്നെ സൗഭാഗ്യമെന്ന് അഹങ്കരിച്ചവരാണ് ഞങ്ങള്‍ !
ഇന്ന് ആ കലാലയം ഇത്ര കുപ്രസിദ്ധമായത് ഓര്‍ക്കുമ്പോള്‍ … കേഴുക ! കേഴുക എന്നല്ലാതെ എന്തു പറയും ?!
https://www.facebook.com/pages/Karthicappally-India/134281919934025?__tn__=-R&eid=ARAt5JwqBdW_Z5SWaOoNsuzJILQln3YZkLR3N60yXtqwDmoYVtr_3dcaE2lIl8XJhwk4baDoMSjKkYa9&__xts__%5B0%5D=68.ARAIEF650FZYztqrqe2XK4l5ATt8psgPwcaZuDtj6J1t7BwpAEAaWLLMb9pKeUXzA_qZvCSOQvFbS0GUEjNdZ0MlzjK_q4VWwzV03Kf5J5730efgtSKo6j8ZDV5gUKfxlPJnNjP01sRxIH8EdhCsAYc_q_LqqAGsY8XCb8NwBcXg0-r2Z8K2xbppbklAuf08MOuxdj70sENMTcfPqDGOjbGbfsL2nQicEG8MaEVOcahxfoEs1HqveLZk935nj80f5MsEr6IjkHtrUG5H4Vy7ElaO0igK1ouUm3Lq
Post Your Comments