MollywoodLatest NewsArticle

കൃത്യമായ ഇടവേളയില്‍ മലയാളത്തിനൊരു ഹിറ്റ് സമ്മാനിക്കാറുള്ള ശങ്കര്‍മഹാദേവന്‍ ചില ന്യൂജെന്‍നാട്ടുവിശേഷങ്ങളില്‍ ആലപിച്ച സുരാഗംന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങുന്നു

അഞ്ജു പാര്‍വതി പ്രഭീഷ്

മെലഡിയും ക്ലാസിക്കലും തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്ന ഗായകര്‍ വളരെ ചുരുക്കമാണ്. അക്കൂട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകനാരെന്ന ചോദ്യത്തിന് ഒരേയൊരുത്തരമേയുള്ളൂ ശങ്കര്‍ മഹാദേവന്‍. ഇന്ത്യയറിയപ്പെടുന്ന ഗായകനായി ശങ്കര്‍ മഹാദേവന്‍ മാറിയത് ബ്രെത്ത്‌ലസ് എന്ന ആല്‍ബത്തിലൂടെയാണ്. 1998-ല്‍ പുറത്തിറങ്ങിയ ബ്രെത്ത്‌ലസ് എന്ന ആല്‍ബത്തിലെ കോയി ജോ മിലാ താ മുജെ എന്ന ഗാനം ഒറ്റശ്വാസത്തില്‍ പാടി ആരാധകരെ വിസ്മയിപ്പിച്ച ശങ്കര്‍ മഹാദേവന്‍ മലയാളത്തില്‍ എന്നും സജീവ സാന്നിധ്യമാണ്.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉറുദു, മറാഠി, എന്നീ ഭാഷകളില്‍ പാടി ഇന്ത്യയിലെ മുന്‍നിര ഗായകരിലൊരാളായി മാറിയ ശങ്കര്‍ മഹാദേവന്‍ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ എ.ആര്‍. റഹ്മാന്‍ സംഗീതത്തില്‍ ജനിച്ച എന്നസൊല്ലപോകിറാന്‍ എന്ന പാട്ടിന് ജീവന്‍ നല്‍കിയാണ് 2000-ല്‍ ആദ്യ ദേശീയ അവാര്‍ഡ് സ്വന്തമാക്കുന്നത്. പിന്നീട് 2004-ല്‍ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം കല്‍ഹോ നഹോ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശങ്കര്‍ മഹാദേവന് ലഭിച്ചു. അദ്ദേഹത്തിന്റെ കൂട്ടുകാരായ എഹ്‌സാന്‍, ലോയ് എന്നിവരോടൊപ്പമാണ് ചിത്രത്തിന് സംഗീതമേകിയത്. ഒരു കാലത്ത് മൂളിപ്പാട്ടായി കൊണ്ടുനടന്ന ഗാനമായ താരേ സമീന്‍ പറിലെ മേരി മാം പാടി ശങ്കര്‍ 2007-ല്‍ വീണ്ടും മികച്ച പിന്നണിഗായകനുള്ള അവാര്‍ഡ് സ്വന്തമാക്കി. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം 2012-ല്‍ ചിറ്റഗോങ് എന്ന ചിത്രത്തിലെ ബോലോ നാ എന്ന ഗാനത്തിലൂടെ ഇന്ത്യയിലെ മികച്ച ഗായകനായി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഇന്റര്‍ നാഷണല്‍ ജാസ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് യു.എന്‍. ജനറല്‍ അസംബ്ലി ഹാളില്‍ ആദ്യമായി പാടിയ ഇന്ത്യക്കാരന്‍ എന്ന ബഹുമതി ശങ്കര്‍ മഹാദേവന് സ്വന്തമാണ്.രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ പദ്മശ്രീയും 2019ൽ അദ്ദേഹത്തെ തേടിയെത്തി.

എം. ജയചന്ദ്രന്റെ ഈണത്തില്‍ പിറവികൊണ്ട മാടമ്പിയിലെ കല്യാണക്കച്ചേരി പാടാമെടീ എന്ന പാട്ടിലൂടെ 2008-ല്‍ കേരളസംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സംഗീതത്തിൽ വർഷങ്ങളുടെ പരിചയസമ്പത്തു കൈമുതലായുണ്ടെങ്കിലും പാട്ടിനുവേണ്ടി ഏറെ അധ്വാനിക്കാൻ തയാറാണെന്നതാണു ശങ്കറിന്റെ ഏറ്റവും വലിയ സവിശേഷത.കൃത്യമായ ഇടവേളയിൽ മലയാളത്തിനൊരു ഹിറ്റ് സമ്മാനിക്കാറുണ്ട് അദ്ദേഹത്തിലെ മാസ്മരികഗായകൻ! ഇത്തവണ ഈസ്റ്റ് കോസ്റ്റ്ബാനറിന്റെ പുതിയ ചിത്രമായ ചില ന്യൂജെൻ നാട്ടുവിശേഷങ്ങളിലെ സുരാംഗനയെന്ന ഹിറ്റുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ആലാപനത്തിലെ ചേലും ഈണത്തിന്റെ വ്യത്യസ്തതയും ദൃശ്യങ്ങളിലെ കൗതുകവും ഈ പാട്ടിനെ ആസ്വാദനത്തിന്റെ മറ്റൊരുതലത്തിലേയ്ക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോവുക.ആ മാസ്മരിക അനുഭവത്തിനു ഇനി മണിക്കൂറുകൾ മാത്രം!

shortlink

Related Articles

Post Your Comments

Related Articles


Back to top button