ബംഗളൂരു: ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മർദ്ദിച്ച് കൊലപ്പെടുത്തി യുവാക്കൾ. ബംഗളൂരു നഗരത്തിലെ വിജ്ഞാൻ നഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിജ്ഞാൻ നഗറിലെ ലോയിഡാണ് കൊല്ലപ്പെട്ടത്. കേസിൽ ഐടി ജീവനക്കാരായ മൂന്നുപേരെ എച്ച്എഎൽ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശികളായ റാം, ബസുദേവ്, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മദ്യലഹരിയിൽ പുലർച്ചെ മൂന്നു മണിയ്ക്ക് ഉച്ചത്തിൽ പാട്ടുവച്ചതാണ് തർക്കത്തിന് കാരണമായത്. ഉച്ചത്തിലുളള ശബ്ദം കാരണം, ലോയിഡിൻ്റെ രോഗിയായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ ശബ്ദം കുറയ്ക്കാൻ ഗൃഹനാഥൻ യുവാക്കളോട് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ യുവാക്കൾ ലോയിഡിനെ ക്രൂരമായി മർദിയ്ക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ലോയിഡിൻ്റെ സഹോദരിയ്ക്കും മർദനമേറ്റു.
അവശനിലയിലായ ലോയിഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരിച്ചു. സമീപത്തെ ഫ്ളാറ്റിലുണ്ടായിരുന്നവരാണ് യുവാക്കൾ ഗൃഹനാഥനെ മർദിയ്ക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. അറസ്റ്റു ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments