KeralaLatest News

ബാലഭാസ്കറിന്റെ മരണം, മൊഴി നൽകിയ സോബിക്ക് വധഭീഷണി; അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പൊലീസിനു മൊഴി നൽകിയ കലാഭവൻ സോബിക്കെതിരെ വിദേശ രാജ്യങ്ങളിൽ നിന്ന് വധഭീഷണി ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതിരെ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോബി ജോർജ് സമർപ്പിച്ച ഹർജിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.

സോബിയെ വിദേശത്തു നിന്നു വിളിച്ച മൊബൈൽ നമ്പരുകളുടെ ഉറവിടത്തെക്കുറിച്ചു ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനിടെ ലഭ്യമായ വിവരങ്ങൾ സോബി അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകണമെന്നും ജഡ്ജിമാരായ വിനോയ് ചന്ദ്രൻ, വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് പൊലീസിനോട് നിർദേശിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്ന് തന്റെ മൊബൈൽ ഫോണിലേയ്ക്കു രണ്ടാഴ്ചയ്ക്കുള്ളിൽ ‘തട്ടിക്കളയും’ എന്ന് ചിലർ ഭീഷണിപ്പെടുത്തി. അതുപോലെ തന്റെ സ്റ്റുഡിയോയിലും മറ്റും രാത്രിയിൽ അജ്ഞാതരായ ചിലർ വന്ന് ഫോട്ടോ പകർത്തുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സിസിടിവിയിൽ നിന്നാണ് വ്യക്തമായത്. തനിക്കെതിരായ ഭീഷണി വിവരവും തന്റെ സ്ഥാപനത്തിന്റെ ചിത്രങ്ങൾ പകർത്തിയ ദൃശ്യങ്ങളും ചൂണ്ടിക്കാണിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു സോബി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button