ഏതന്‍സ്: ഗ്രീസില്‍ വലത് യാഥാസ്ഥിതിക പാര്‍ടിയായ ന്യൂ ഡെമോക്രസി അധികാരത്തില്‍. കെര്യാകോസ് മിറ്‌തോതാകിസ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. 39.84 ശതമാനം വോട്ടുമായി 158 സീറ്റ് നേടിയാണ് ന്യൂ ഡെമോക്രസി കേവലഭൂരിപക്ഷം ഉറപ്പാക്കിയത്. 300 സീറ്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യമായ സിറിസ 32 ശതമാനം വോട്ട് നേടി. 86 സീറ്റുമായി സിറിസയാണ് മുഖ്യപ്രതിപക്ഷം. തൊഴിലില്ലായ്മയും പെരുകുന്ന പൊതുകടം അമര്‍ച്ചചെയ്യാനുള്ള നീക്കവും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഒറ്റയ്ക്ക് 15 സീറ്റ് നേടി.
ജനവിധി അംഗീകരിക്കുന്നുവെന്നും ഗ്രീസിനെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുത്തതിന്റെ രാഷ്ട്രീയവിലയാണ് സിറിസയ്ക്ക് നല്‍കേണ്ടിവന്നതെന്നും സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി അലക്സി സിപ്രാസ് പറഞ്ഞു.
തീവ്രദേശീയ വികാരമുയര്‍ത്തിയ ഗോള്‍ഡെന്‍ പാര്‍ടിക്ക് ഒറ്റ സീറ്റിലും ജയിക്കാനായില്ലെന്നതാണ് തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. എന്നാല്‍, തീവ്രവലതു നിലപാടുള്ള ഗ്രീക്ക് സൊല്യൂഷന്‍ പാര്‍ടി സാന്നിധ്യമറിയിച്ചു.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരുന്ന കോണ്‍സ്റ്റാനിയോസ് മിത്സോതാകിസിന്റെ മകനാണ് ന്യൂ ഡെമോക്രസി നേതാവായ കെര്യാകോസ്. ന്യൂ ഡെമോക്രസിയുടെ ഭരണത്തില്‍ പൊതുകടം പെരുകിയ രാജ്യം ദരിദ്രയായതോടെയാണ് 2015ല്‍ സിപ്രാസിന്റെ നേതൃത്വത്തില്‍ സിറിസ പാര്‍ടി അധികാരത്തില്‍ എത്തിയത്. നികുതി ഇളവുകള്‍ പ്രഖ്യാപിച്ചാണ് വലതുപാര്‍ടികള്‍ ഇക്കുറി സിറിസയ്ക്ക് എതിരെ പ്രചാരണം നടത്തിയത്.
Post Your Comments