മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു
കര്‍ണാടകത്തില്‍ അതീവ സൂക്ഷ്മതയോടെ വേണം കാര്യങ്ങള്‍ നീക്കാന്‍ എന്നതാണ് ഇപ്പോള്‍ ബിജെപി നേതൃത്വം കരുതേണ്ടത് എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടത്തെ ജനത ദള്‍ – കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാണ്. അത് സൃഷ്ടിച്ചത് അവര്‍ തന്നെയാണ്. സ്വാഭാവികമായും ഒരു മുഖ്യ പ്രതിപക്ഷ കക്ഷി എന്ന നിലക്ക് ആ രാഷ്ട്രീയ പ്രതിസന്ധി പ്രയോജനപ്പെടുത്താന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ ഈ സര്‍ക്കാര്‍ നിലം പൊത്തിയാല്‍ തന്നെ ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നത് ഇപ്പോള്‍ രാഷ്ട്രീയമായി ഗുണകരമാവില്ല എന്നത് തീര്‍ച്ചയാണ്. അതാണ് യഥാര്‍ഥത്തില്‍ കേന്ദ്ര ബിജെപി ന്വേതൃത്വം തിരിച്ചറിയേണ്ടത്. ഇന്നത്തെ കൂട്ടുകക്ഷി സര്‍ക്കാര്‍ എത്രത്തോളം ഭരണം തുടരുമോ, എത്രത്തോളം അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമോ അത്രത്തോളം നല്ലതാണ് എന്ന് ബിജെപി മനസിലാക്കും എന്ന് കരുതുന്നയാളാണ് ഞാന്‍. എന്തായാലും കാത്തിരിക്കുക. എന്നാല്‍ ആ കൂട്ടുകെട്ടില്‍ കൂടുതല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ദിനം പ്രതി ഉണ്ടാവുന്നതും കൂടുതല്‍ എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നതും ശ്രദ്ധിക്കേണ്ടതുമാണ്.
കര്‍ണാടകത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ ജനവിധി കോണ്‍ഗ്രസിനും ജനതാദളിനും എതിരായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് തിരഞ്ഞെടുപ്പ് നടന്നത്. പക്ഷെ അവര്‍ക്ക് ദയനീയ പരാജയം ഉണ്ടായി. അതുപോലെതന്നെയാണ് ജനത ദള്‍ – എസിന്റെ അവസ്ഥയും. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭരണത്തിലേറാന്‍ ഏതാനും വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രം കുറഞ്ഞുപോയ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനായി ജനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ടവര്‍, ദയനീയമായി തോറ്റവര്‍, കൈകോര്‍ക്കുകയായിരുന്നു. രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളില്‍ നിന്നവര്‍ ഒന്നിച്ചുവന്നു. അതിന്റെ രാഷ്ട്രീയം വെറും അധികാരത്തിനുവേണ്ടിയുള്ള ദുര മാത്രമായിരുന്നു. മറ്റൊന്ന്, അവര്‍ക്ക് ആദ്യം മുതലേ പ്രശ്‌നങ്ങള്‍ അനവധിയായിരുന്നു എന്നതാണ് . മുന്‍ ജെഡി-എസ് നേതാവുകൂടിയായ സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി ആയെ തീരൂ എന്ന മോഹം; അതിനായി എന്തെല്ലാം ചെയ്യാമോ അതൊക്കെ അദ്ദേഹം ചെയ്തുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തില്‍ വളരെ ഉച്ചത്തില്‍, ഈ കൂട്ടുകെട്ടിലെ പൊരുത്തക്കേടിനെക്കുറിച്ചും വേണ്ടെങ്കില്‍ വേണ്ട എന്നും മറ്റും മുഖ്യമന്ത്രി കുമാരസ്വാമി പ്രസ്താവന നടത്തിയതോര്‍ക്കുക. അത്രമാത്രം സഹിക്കാന്‍ വയ്യാത്ത നിലയിലേക്ക് ജെഡി-എസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങളെത്തിയിരുന്നു. കാരണം കോണ്‍ഗ്രസ് നടത്തിയ ലജ്ജാകരമായ കരുനീക്കങ്ങള്‍ തന്നെ.
കോണ്‍ഗ്രസിന് മന്ത്രിമാരെ തീരുമാനിക്കാന്‍ ആദ്യമേ കഴിഞ്ഞിരുന്നില്ല; അതിന് കാരണം എല്ലാ എംഎല്‍എ- മാര്‍ക്കും മന്ത്രിക്കസേരയിലായിരുന്നു കണ്ണ്. അതിനൊപ്പമാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ പിടിവാശി. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പടലപിണക്കങ്ങള്‍ ഉണ്ടായെങ്കില്‍ അതിന് ഏറ്റവും വലിയ ഉത്തരവാദി മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആയിരുന്നു. അത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അറിയാമായിരുന്നു; കുമാരസ്വാമി അത് രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചതുമാണ്. ഇപ്പോള്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ച എംഎല്‍എ- മാര്‍ പറഞ്ഞത്, സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ തങ്ങളുടെ പരാതി തീര്‍ന്നു എന്നാണല്ലോ; അവരില്‍ തന്നെയുള്ള രാമലിംഗ റെഡ്ഢിയെപ്പോലുള്ളവര്‍ ‘മന്ത്രിയാക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ പ്രശ്‌നം തീര്‍ന്നു’ എന്ന് പറഞ്ഞതും മറന്നുകൂടാ. അപ്പോള്‍ അവര്‍ക്കൊക്കെ ഒരു ബദല്‍ ബിജെപി സര്‍ക്കാര്‍ വരണം എന്നായിരുന്നില്ല ആഗ്രഹം,മറിച്ച് മന്ത്രിക്കസേര വേണം എന്നതിലായിരുന്നു. ആ മോഹങ്ങളെ ഒരു പക്ഷെ അപ്പുറത്തുള്ള ബിജെപി പ്രോത്സാഹിപ്പിച്ചിരിക്കണം. എന്നാല്‍ വേറൊന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്……. ഈ റിബല്‍ എംഎല്‍എമാര്‍ ഒക്കെയും നിയമസഭാംഗത്വം രാജിവെക്കുകയാണ് ചെയ്തത്. അവര്‍ കൂറുമാറ്റത്തിന് തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ സംഭവിച്ചാലും കുറെ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സംസ്ഥാനം താമസിയാതെ സാക്ഷിയാവും.
കോണ്‍ഗ്രസില്‍ മാത്രമല്ല പ്രശ്‌നങ്ങളുള്ളത്; അവിടത്തെ ജെഡി-എസ് സംസ്ഥാന പ്രസിഡന്റ് നേരത്തെ തന്നെ പാര്‍ട്ടി ചുമതല രാജിവെച്ചിട്ടുണ്ട്; അദ്ദേഹം എവിടേക്കാണ് പോകുക എന്നതറിയില്ല. ഒരുപക്ഷെ ദേവഗൗഡ കുടുംബത്തിലെ പ്രശ്‌നങ്ങളും അതിനൊരു കാരണമാവണം. അവിടെ ജെഡി-എസ് എന്നാല്‍ ‘ദേവഗൗഡ പരിവാര്‍’ ആണല്ലോ; മറ്റൊരാള്‍ക്കും അവിടെ എന്തെങ്കിലും സ്ഥാനമുണ്ടാവാറില്ല; സീറ്റുകള്‍ പോലും അവര്‍ക്കായി വീതിക്കുകയാണ് പതിവ്. ഇപ്പോഴത്തെ കുമാരസ്വാമി മന്ത്രി സഭയില്‍ ആ കുടുംബത്തില്‍ നിന്ന് മുഖ്യമന്ത്രി അടക്കം മൂന്ന് പേരുണ്ട്. മുഖ്യമന്ത്രിയുടെ അനുജന്മാരായ എച്ച് ഡി രേവണ്ണയും എച്ച് ഡി രമേശും; ഒരാള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി, മറ്റേയാള്‍ക്ക് ഗതാഗത വകുപ്പ്. കുമാരസ്വാമിയുടെ ഭാര്യ അനിത എംഎല്‍എ-യാണ്. രേവണ്ണയുടെ പത്‌നിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കുമാരസ്വാമിയുടെ മകന്‍ യുവജനവിഭാഗം പ്രസിഡന്റ്. ഒരാള്‍ ഇത്തവണ എംപിയുമാണ്. എന്നാല്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ദേവഗൗഡയും കുമാരസ്വാമിയുടെ മകനും ദയനീയമായി തോറ്റു . ആ പരാജയം ഗൗഡ പരിവാറിന് സഹിക്കാനായിട്ടില്ല. വൊക്കലിംഗ കോട്ടകളില്‍ ഇത്തവണ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. അങ്ങിനെ സ്വന്തം നടപടികള്‍ കൊണ്ടുതന്നെ പ്രതിസന്ധിയിലായ ഒരു പാര്‍ട്ടിയാണ് ജെഡിഎസ്. അതിന് ഇനി അധികാരം കൂടി നഷ്ടമായാല്‍ എന്താവും ഭാവി എന്നത് കണ്ടറിയണം.
വേറൊന്ന്, കോണ്‍ഗ്രസിന്റെ കാര്യമാണ്. ഹൈക്കമാന്‍ഡ് എന്നൊന്നില്ലാതായിരിക്കുന്നു അവര്‍ക്ക്; രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പരിഹാരം കാണാന്‍ അവര്‍ക്കായിട്ടില്ല ഇതുവരെ. അതൊക്കെയും കോണ്‍ഗ്രസിലെ പുതിയ പ്രതിസന്ധിക്ക് കാരണമാണ് എന്നതില്‍ സംശയമില്ല. അവരുടെ അണികളും ഭാവിയെക്കുറിച്ചും പാര്‍ട്ടിയിലെ ഭിന്നതകളെയും തമ്മിലടിയെക്കുറിച്ചുമൊക്കെ ആശങ്കയിലാണ്. ഇന്നത്തെ നിലക്ക് മുന്നോട്ട് പോകാനാവില്ല എന്ന് അവര്‍ വിലയിരുത്തുന്നു. ഇപ്പോള്‍ എല്ലാ മന്ത്രിമാരെയും കൊണ്ട് രാജിവെപ്പിച്ചു എന്നത് ശരിയാണ്; എന്നാല്‍ ഇനി അവരില്‍ ആരെയൊക്കെ മന്ത്രിയാക്കിയാലും കുറേപ്പേര്‍ വിമതസ്വരം ഉയര്‍ത്തുകതന്നെ ചെയ്യും. അത് പരിഹരിക്കാന്‍ കെസി വേണുഗോപാലിനോ മറ്റോ കഴിയുമോ എന്നത് സംശയമാണ്. അതായത് ദക്ഷിണേന്ത്യയിലെ മറ്റൊരു കോണ്‍ഗ്രസ് തട്ടകം കൂടി ദയനീയതയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നത്. അവിടെ മുതിര്‍ന്ന നേതാക്കള്‍ കുറെയുണ്ട്, സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്ലി തുടങ്ങിയ നിരതന്നെ ഉണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും ഒന്നിച്ചിരിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. അതുകൊണ്ടാണ് കൂടുതല്‍ എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്ക് വിശ്വാസ്യത കൈവരുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ എളുപ്പമാവുകയില്ല. എന്നാല്‍ അധികാരം നിലനിര്‍ത്താന്‍ എന്തോക്കെയും ചെയ്യാന്‍ തയ്യാറാണ് എന്നതാണ് ബാംഗ്‌ളൂരില്‍ നിന്ന് നാം കേള്‍ക്കുന്നത്. സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നുണ്ട് എന്നതും വ്യക്തം. എംഎല്‍എമാര്‍ രാജിക്കത്ത് കൊടുക്കാന്‍ ചെന്നപ്പോള്‍ സ്പീക്കര്‍ ഒഴിഞ്ഞുനിന്നത് അതിന്റെ ഉദാഹരണമാണ്. സ്പീക്കറുടെ ചേമ്പറില്‍ വെച്ചു ഒരു മന്ത്രി നേരിട്ട് എംഎല്‍മാരില്‍ നിന്ന് രാജിക്കത്ത് പിടിച്ചുവാങ്ങി കീറിക്കളഞ്ഞു എന്നതും നാം കേട്ടതാണ്. അതൊക്കെ വേറെ ഏത് സ്പീക്കറുടെ ചേമ്പറിലാണ് നടക്കുക. ശരിയാണ്, നിയമാനുസൃതം, നേരിട്ട് സ്വന്തം കൈപ്പടയില്‍ രാജിക്കത്ത് എഴുതിക്കൊടുത്താലേ സ്പീക്കര്‍ക്ക് രാജി സ്വീകരിക്കേണ്ടതുള്ളൂ. എന്നാല്‍ ‘കാണാം’ എന്ന് സമ്മതിച്ചശേഷം സ്പീക്കര്‍ മാറിനിന്നാലോ?. അതൊക്കെ കര്‍ണാടകത്തില്‍ പ്രതീക്ഷിക്കണം. ഇനിയും ആ ഓഫീസില്‍ നിന്ന് എന്തൊക്കെ ഉണ്ടാവും എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം കോണ്‍ഗ്രസിന്, നേരത്തെ സൂചിപ്പിച്ചത് പോലെ, ഇത് ജീവന്മരണ പോരാട്ടമാണ്. എന്തും ചെയ്യാന്‍ അവര്‍ തയ്യാറാവും.
ഇവിടെയാണ് ബിജെപി ശ്രദ്ധിച്ചു നീങ്ങേണത്. ഈ കാലുമാറ്റക്കാരെയും കൊണ്ട് ഒരു സര്‍ക്കാറുണ്ടാക്കണോ എന്നത് അവര്‍ പരിശോധിക്കണം. ഇപ്പോള്‍ രാജി വെക്കുന്നവരെ, ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി ടിക്കറ്റില്‍ വിജയിപ്പിക്കേണ്ട ബാധ്യതയും ബിജെപിക്കാവുമല്ലോ. ഈ വിമതന്മാരൊക്കെ പ്രതീക്ഷിക്കുന്നത് മന്ത്രിക്കസേരയാവും. അതും നാളെകളില്‍ വലിയ ബാധ്യത തന്നെയാവും. അതുകൊണ്ട് ആര്‍ക്കെങ്കിലും മുഖ്യമന്ത്രി ആവാനല്ല മറിച്ച് കര്‍ണാടകത്തിന്റെ ഭാവി കണക്കിലെടുത്തുള്ള ഒരു നീക്കത്തിനാണ് ബിജെപി തുണിയേണ്ടത് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. തല്ക്കാലം അവിടെ രാഷ്ട്രപതി ഭരണം വരട്ടെ…….. അതുകഴിഞ്ഞു എന്ത് വേണം എന്ന് തീരുമാനിക്കാം. അതിനകം കര്‍ണാടക രാഷ്ട്രീയം ഒന്നുകൂടി തെളിയും. അതല്ലാതെ ഉടനെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തയ്യാറായാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അവരുണ്ടാക്കിയതാണ് എന്ന വാദഗതിക്ക് കരുത്തു പകരും. കാര്യങ്ങള്‍ ശരിയാവുന്നില്ലെങ്കില്‍, വേണ്ടിവന്നാല്‍, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം അവിടെ തിരഞ്ഞെടുപ്പും നടത്താം
Post Your Comments