തിരുവനന്തപുരം: അനധികൃതമായി ഉയർന്ന പ്രകാശ തീവ്രതയുള്ള ലൈറ്റുകള്‍ ഘടിപ്പിച്ച 1162 വാഹനങ്ങൾ ഇന്നലെ രാത്രിയിലെ പരിശോധനയില്‍ മാത്രം പിടികൂടി. ഡ്രൈവര്‍മാരുടെ ശ്രദ്ധതെറ്റിക്കുന്ന തരത്തിലുള്ള ലൈറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം കാറ്റില്‍പ്പറത്തിയായിരുന്നു പലരുടെയും ഡ്രൈവിംഗ്.
ഇത്തരം ലൈറ്റുകൾ ഘടിപ്പിച്ച വാഹനത്തിന്റെ ഉടമകളിൽ നിന്നും 11.62 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. ഇങ്ങനെയുള്ള ലൈറ്റുകള്‍ ഘടിപ്പിച്ചാല്‍ 1000 രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിട്ടുള്ള പിഴ.
ഹാലജന്‍, എല്‍ഇഡി, തുടങ്ങിയ ലൈറ്റുകള്‍ ഹെഡ്‌ലൈറ്റിലും മറ്റും നല്‍കുന്നത് എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കും. രാത്രിയിൽ എതിര്‍ദിശയില്‍ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ചട്ടം. എന്നാല്‍ ഹെവി വാഹനം ഓടിക്കുന്നവര്‍ ചെറു വാഹനങ്ങളെ കണ്ടാൽ ലൈറ്റ് ഡിം ചെയ്യാൻ മടിക്കുന്നതാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് ഇതു കൂടുതൽ പ്രശ്‍നങ്ങൾ സൃഷ്ടിക്കുന്നത്.
Post Your Comments