ലണ്ടന്‍: റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ നാലാം നമ്പര്‍ താരമായി പന്തിനെ നിലനിര്‍ത്തണമെന്നും മികച്ച പ്രകടനം ഇന്ത്യക്ക് പ്രതീക്ഷിക്കാമെന്നും മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.
കഴിഞ്ഞ ദിവസം പന്തിന് പിന്തുണയുമായി യുവ് രാജ് സിംഗും രംഗത്തെത്തിയിരുന്നു. നാലാം നമ്പറിലേക്കുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാനെ കണ്ടെത്തിയെന്ന് നേരത്തെ റിഷഭ് പന്തിനെ ചൂണ്ടിക്കാട്ടി യുവ് രാജ് സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്താങ്ങുകയാണ് ഓസീസ് മുന്‍ നായകനായ മൈക്കല്‍ ക്ലാര്‍ക്ക്.
‘ഇന്ത്യന്‍ മധ്യനിരയുടെ കരുത്ത് കൂട്ടാന്‍ പന്തിലൂടെ കഴിഞ്ഞു. രോഹിത് ശര്‍മ്മയും വിരാട് കോലിയും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് വന്‍ സ്‌കോറിലേക്ക് എത്തിക്കാന്‍ റിഷഭ് പന്തിന് കഴിയും. ശരാശരി പ്രകടനം നടത്തുന്ന ദിവസം പോലും സ്‌ട്രൈക് റേറ്റ് 100 ല്‍ താഴെ പോകാതിരിക്കാന്‍ പന്ത് ശ്രദ്ധിക്കാറുണ്ടെന്നും മൈക്കല്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു. ലോകകപ്പ് കഴിഞ്ഞുള്ള പരമ്പരകളിലും പന്തിനെ നാലാം നമ്പറില്‍ നിലനിര്‍ത്തുന്നത് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ഈ ഓസീസ് മുന്‍ നായകന്റെ അഭിപ്രായം.
ശിഖര്‍ ധവാന് പരുക്കേറ്റതിന് പിന്നാലെയായിരുന്നു റിഷഭ് പന്ത് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. ഇംഗ്ലണ്ടിനെതിരെ 110 സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സും ബംഗ്ലാദേശിനെതിരെ 117 സ്‌ട്രൈക്ക് റേറ്റില്‍ 48 റണ്‍സും താരം നേടുകയും ചെയ്തു. പന്തിനെ ഓപ്പണറായി ഇറക്കണമെന്ന ആവശ്യം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് നാലാം നമ്പറില്‍ മതിയെന്ന് മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നത്.
Post Your Comments