KeralaLatest News

‘അത് പോലീസിന്റെ ഗുണ്ടായിസമല്ല, പോലീസിനെതിരെയുള്ള ഗുണ്ടായിസം’; വിവാദമായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

കണ്ണൂര്‍: നോ പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തിയ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന പോലീസുദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സത്യാവസ്ഥ വെളിപ്പെടുത്തി ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ രംഗത്ത്. പോലീസിന്റെ ഗുണ്ടായിസം എന്ന പേരില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ പോലീസിനെതിരെയുള്ള ഗുണ്ടായിസമായിരുന്നുവെന്നും ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിനിരയായ സഹപ്രവര്‍ത്തകന്റെ രക്ഷയ്ക്കായാണ് താന്‍ അവിടെ എത്തിയതെന്നുമാണ് പോലീസുദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ചുള്ള പോലീസുകാരന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ പൂര്‍ണമല്ലെന്നും അതിന് മുന്‍പുണ്ടായ സംഭവങ്ങള്‍ അറിയാതെയാണ് പലരും വീഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ആ വീഡിയോ കണ്ടാല്‍ പോലീസിന്റെ ഗുണ്ടായിസമാണോ പോലീസിനെതിരെയുള്ള ഗുണ്ടായിസമാണോ എന്ന് മനസിലാകും. ആ വീഡിയോയിയില്‍ പ്രചരിക്കുന്നത് സംഭവത്തിന്റെ പകുതിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ്. പോലീസ് തടയാനെത്തിയപ്പോള്‍ കത്തിക്കും നിന്റെയൊക്കെ വീട്ടില്‍ കയറി കത്തിക്കും എന്നാണ് ഡ്രൈവര്‍ പറയുന്നത്. ആ ഭാഷയില്‍ പ്രതികരിക്കുന്ന ഒരാളോട്, പോലീസുകാരനെന്നല്ല, പോലീസിന്റെ ഗുണ്ടായിസം എന്ന് പ്രചരിപ്പിച്ചവര്‍ ആയാല്‍ പോലും വാ മോനേ ചായയോ ചോറോ കഴിച്ചിട്ട് പോകാം എന്നാണോ പറയുക’ എന്നും ഈ പോലീസുദ്യോഗസ്ഥന്‍ ചോദിക്കുന്നുണ്ട്.

റെയില്‍വേ സ്‌റ്റേഷനില്‍ എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായ പോലീസുകാരനാണ് താനെന്നും സ്‌റ്റേഷന്‍ റോഡില്‍ ഡ്യൂട്ടിയിലുള്ള തോമസ് എന്ന സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ചപ്പോഴാണ് താന്‍ സംഭവസ്ഥലത്തേക്കെത്തിയതെന്നും ഇദ്ദേഹം പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നോട് മറ്റൊരു ഓട്ടോക്കാരന്‍ വന്നാണ് വിവരം പറയുന്നതെന്നും സാറേ പുറത്തുള്ള ഓട്ടോക്കാരനെ മറ്റൊരു ഓട്ടോക്കാരന്‍ അടിച്ചിട്ടിട്ടുണ്ട് എത്രയും പെട്ടെന്ന് വരണമെന്ന് അയാള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ അവിടെ എത്തിയതെന്നും അദ്ദേഹം പറയുന്നു. റയില്‍വേ സ്റ്റേഷന്റെ അകത്തുള്ള സ്റ്റാന്‍ഡില്‍ നിന്നും പ്രീ പെയ്ഡ് ഓട്ടോവിളിക്കണം. എന്നാല്‍ ഈ ഓട്ടോ ഡ്രൈവര്‍ പുറത്ത് നിന്ന് ആളെ എടുക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍പോലീസ് തടയുകയും അപ്പോള്‍ ഡ്രൈവര്‍ ധിക്കാര പരമായിട്ട് ഓട്ടോ മുന്‍പോട്ടെടുക്കുകയും പോലീസുകാരന്റെ ശരീരത്തില്‍ തട്ടുകയും ചെയ്തു. പിന്നീട് നമ്പര്‍ നോട്ടുചെയ്യാനായി പോലീസുകാരന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ അദ്ദേഹത്തെ കൈയിലും ചെവിക്കു താഴെയും അടിക്കുകയും തള്ളിയിടുകയുമാണുണ്ടായത്. ഈ സംഭവം കണ്ടെത്തിയ തന്നോടും അതേ രീതിയില്‍ തന്നെയാണ് ഡ്രൈവര്‍ പ്രതികരിച്ചതെന്നും പ്രകോപനപരമായി സംസാരിച്ചെന്നുമാണ് ആരോപണത്തിനിരയായ പോലീസുകാരന്‍ പറയുന്നത്.

കോളറില്‍ പിടിച്ച് കൊണ്ടുപോകുന്നത് കണ്ടാല്‍ തോന്നും വല്ല പിടികിട്ടിപ്പുള്ളികളുമാണെന്ന്. ഓട്ടോ ഡ്രൈവര്‍ ആണ്. കാര്യം തിരക്കിയപ്പോള്‍ നോ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടു പോലും. യൂണിഫോമില്‍ എന്തുമാകാം എന്ന മട്ടാണ്. കണ്ണൂരിലെ ഇവനെപ്പോലുള്ള പോലീസുകാരാന് മറ്റുള്ള പോലീസുകാരുടെ പേര് മോശമാക്കുന്നത. ഈ തെമ്മാടി പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യുന്നത് വരെ ഷെയര്‍ ചെയ്യുക’ എന്ന അടിക്കുറുപ്പോടെയാണ് പോലീസുകാരനെതിരെയുള്ള വീഡിയോ വൈറലായിരുന്നത്. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ വശം അതല്ലെന്നും എന്താണുണ്ടായതെന്നത് വ്യക്തമാക്കുന്ന സാക്ഷിമൊഴികളും വീഡിയോയും തന്റെ കൈവശമുണ്ടെന്നും എന്നാല്‍ അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ആരോപണ വിധേയനായ പോലീസുകാരന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button