വര്‍ക്കല : പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍, കോളജ്, ട്യൂട്ടോറിയല്‍ അടക്കമുളള സ്ഥാപനങ്ങളുടെ സമീപം വിദ്യാര്‍ഥിനികളെയും മറ്റു പെണ്‍കുട്ടികളെയും ശല്യം ചെയ്ത പൂവാല സംഘത്തെ കയ്യോടെ പൊക്കി പൊലീസ്. മിന്നല്‍ പരിശോധനയില്‍ അറുപതോളം ബൈക്ക് സഹിതമാണ് പിടികൂടിയത്. ഇന്നലെ രാവിലെ 8 മുതല്‍ 11 വരെ മണി വരെയാണ് ഇത്രയും പേരെ അകത്താക്കിയത്.
പിടികൂടിയ ചിലരുടെ കൈവശം കഞ്ചാവ് നിറച്ച സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കാനും 18 തികയാത്തവര്‍ക്ക് വാഹനം നല്കിയ രക്ഷിതാക്കളുടെ പേരില്‍ മോട്ടര്‍ വാഹന വകുപ്പ് നിയമപ്രകാരം നടപടി സ്വീകരിക്കാനും തീരുമാനമായി.
സ്‌കൂള്‍, കോളജ് മേഖലകളില്‍ വ്യാപകമായി പൂവാലര്‍ വിളയാടുന്നതായി പരാതിയെ തുടര്‍ന്നാണ് വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ചെറുന്നിയൂര്‍, വര്‍ക്കല ഹൈസ്‌കൂളുകള്‍ക്ക് സമീപവും എസ്എന്‍ കോളജിന് സമീപവും ഇറങ്ങിയത്. മൂന്നു പേര്‍ സഞ്ചരിച്ച മോട്ടര്‍ സൈക്കിള്‍, ലൈസന്‍സ് അടക്കം വാഹന രേഖകള്‍ ഇല്ലാതെ ഓടിയ വണ്ടികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. അമിതശബ്ദമുണ്ടാക്കി സൈലന്‍സര്‍ ഘടിപ്പിച്ച ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
എസ്‌ഐ ജി.എസ്.ശ്യാംജി, വര്‍ക്കല സ്റ്റേഷനിലെ എസ് സിപിഒമാരായ ബിജു, മുരളീധരന്‍, മധുലാല്‍ രാധാകൃഷ്ണന്‍, സിപിഒമാരായ സതീശന്‍, അനൂജ്, ഷമീര്‍, അജിസ്, കിരണ്‍, വി.എസ്.കിരണ്‍, നാഷ്, അബിനു, ഷാ, സലാം, സുരാജ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ചെറുപ്പക്കാരെ കുടുക്കിയത്.
Post Your Comments